ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായ ഹര്ഭജന് സിംഗിന് ഇന്ന് 41ാം ജന്മദിനം. 2001ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ ഹര്ഭജന് തന്റെ വരവ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2007, 2011 ലോക കപ്പുകളില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമാവുകയും ചെയ്തു.
കളിക്കളത്തിന് അകത്ത് മാത്രമല്ല പുറത്തും തന്റെ ലൈഫ്സ്റ്റൈലിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഓസീസിനെതിരായ മത്സരങ്ങളിലാണ് ഹര്ഭജന് മിക്കവാറും തന്റെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നത്. പ്രത്യേകിച്ച് ഹോം മാച്ചുകളില്‍ ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നര്‍ കൂടിയായിരുന്നു അദ്ദേഹം അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകള്‍ ഹര്ഭജന് നേടി. 236 ഏകദിന മത്സരങ്ങളില്‍ 269 വിക്കറ്റുകളും നേടിയിട്ടുണ്ട്. 28 ട്വന്റി ട്വന്റി മത്സരങ്ങള്‍ കളിച്ചതില്‍ 25 വിക്കറ്റുകളും നേടി.
ഹര്ഭജന് സിംഗിന് 41 വയസ്സ് തികയുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലെയും അറിയപ്പെടാത്ത ചില വസ്തുതകള്‍ പരിശോധിക്കാം.
ട്രക്ക് ഡ്രൈവറാകാന്‍ ആഗ്രഹിച്ചു
ജലന്ധര്‍ സ്വദേശിയായ ഹര്ഭജന് സിംഗ് കുടുംബത്തെ പരിപാലിക്കുന്നതിനായി കാനഡയിലേക്ക് പോകാനും അവിടെ ട്രക്ക് ഡ്രൈവര്‍ ആകാനുമാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സഹോദരിമാരുടെ ഇടപെടലിലൂടെയാണ് ഹര്ഭജന് ക്രിക്കറ്റില്‍ ഉറച്ചുനിന്നത്. ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്തതോടെ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് വഴി തുറക്കുകയയായിരുന്നു. 2000ല്‍ രഞ്ജി ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റ് വീഴ്ത്തിയാണ് ഹര്ഭജന്ഇന്ത്യന് ടീം സെലക്ടര്‍മാരുടെ കണ്ണിലുടക്കിയത്.
ഓസീസിന്റെ പേടി സ്വപ്നം
ഓസ്ട്രേലിയയ്ക്കെതിരായ മത്സരങ്ങളിലാണ് ഹര്ഭജന് തന്റെ ശൗര്യം പുറത്തെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റ് നേടിയിട്ടുണ്ട്. ഈഡന് ഗാര്‍ഡനില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആദ്യമായി ഹാട്രിക്ക് നേടുന്ന ഇന്ത്യക്കാരനായി തീര്‍ന്ന ഹര്‍ഭജന്റെ പ്രകടനത്തില്‍ ഇന്ത്യ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഓസ്ട്രേലിയന്‍ അപ്രമാദിത്വം അവസാനിപ്പിച്ച് ഇന്ത്യ ഈ പരമ്പര നേടുകയായിരുന്നു.
ബാറ്റ്സ്മാനാകാന്‍ ആഗ്രഹിച്ചു
ക്രിക്കറ്റില്‍ മികച്ച ഓഫ് സ്പിന്നര്‍ ആയിരുന്നെങ്കിലും ബാറ്റ്സ്മാനായി കരിയര്‍ ആരംഭിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യന്‍ ടീമിന് വേണ്ടി വാലറ്റത്ത് മികച്ച ബാറ്റ്സ്മാനായും ഹര്ഭജന് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ബൗളിംഗ് ആക്ഷന്‍ വിവാദം
ഹര്ഭജന് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇത് പരിശോധിച്ച് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
പഞ്ചാബ് പോലീസില്‍ ഡി.എസ്.പി.
കളിക്കളത്തിലെ നേട്ടങ്ങള്‍ കാരണം 2002ല്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പി പദവി ലഭിച്ചു.
ശ്രീശാന്തിനെ തല്ലിയ സംഭവം
2008 ല്‍ ഐപിഎല്‍ ഉദ്ഘാടന പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച ഹര്ഭജന് സിംഗ് എതിര് ടീമായ കിംഗ്സ് ഇലവന് പഞ്ചാബിനായി കളിച്ച ശ്രീശാന്തിനെ തല്ലിയ സംഭവം വിവാദമായിരുന്നു. ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്രൂ സൈമണ്ട്സിനെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് ശേഷമായിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.