• HOME
  • »
  • NEWS
  • »
  • sports
  • »
  • USAIN BOLT CONGRATULATES THE WOMENS JAMAICAN 100M MEDALISTS ELAINE THOMPSON SHELLY ANN FRASER AND SHERICA JACKSON THROUGH HIS TWEET

1.2.3 ! വനിതാ 100 മീറ്റർ ഫൈനലിലെ വിജയികളെ അഭിനന്ദിച്ച് ഉസൈൻ ബോൾട്ടിന്റെ ട്വീറ്റ്

ബോൾട്ടിന്റെ തന്നെ നാട്ടുകാരായ ജമൈക്കൻ താരങ്ങളാണ് 100 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്

Usain Bolt

Usain Bolt

  • Share this:
    ടോക്യോ ഒളിമ്പിക്സിൽ വനിതളുടെ 100 മീറ്റർ സ്പ്രിന്റ് ഫൈനലിലെ വിജയികളെ അഭിനന്ദിച്ച് ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്. മത്സരഫലം വന്ന് നിമിഷങ്ങൾക്കകമാണ് ബോൾട്ട് ട്വിറ്ററിലൂടെ തന്റെ അഭിനന്ദനം അറിയിച്ചത്. ബോൾട്ടിന്റെ തന്നെ നാട്ടുകാരായ ജമൈക്കൻ താരങ്ങളാണ് 100 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. ഇതിൽ ഒന്നാം സ്ഥാനത്ത് എത്തിയ എലൈൻ തോംപ്സൺ ഒളിമ്പിക് റെക്കോർഡോടെയാണ് സ്വർണ മെഡൽ നേടിയത്. വെള്ളി, വെങ്കല മെഡലുകൾ ജമൈക്കയുടെ മറ്റു സ്പ്രിന്റർമാരായ ഷെല്ലി ആൻ ഫ്രേസറും ഷെറീക്ക ജാക്സണും സ്വന്തമാക്കി.

    100, 200 മീറ്റർ സ്പ്രിന്റ് ഇനങ്ങളിൽ ഒളിമ്പിക്സിലും ലോക ചാംപ്യൻഷിപ്പുകളിലും റെക്കോർഡ് പ്രകടനങ്ങളോടെ ഉസൈൻ ബോൾട്ട് സൃഷ്ടിച്ച ജമൈക്കൻ ആധിപത്യത്തിന് താരം ഇല്ലാതെ നടക്കുന്ന ആദ്യ ഒളിമ്പിക്‌സിലും കോട്ടം ഒന്നും തട്ടിയിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന പ്രകടനമാണ് ജമൈക്കൻ വനിതാ താരങ്ങൾ പുറത്തെടുത്തത്.

    100 മീറ്റർ ഫൈനൽ മത്സരത്തിന്റെ ഫലം വന്നതിന് ശേഷം  1.2.3 എന്നതിന് ശേഷം മൂന്ന് ജമൈക്കൻ പതാകകൾ ചേർത്താണ്  ആദ്യം ട്വീറ്റ് ചെയ്തത്. മത്സരത്തിൽ ജമൈക്കൻ താരങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയതിന്റെ പ്രതീകമായി വന്ന ഈ ട്വീറ്റിന് പിന്നാലെ തന്നെ ബോൾട്ട് മത്സരശേഷം വിജയാഹ്ളാദം പ്രകടിപ്പിച്ച് ജമൈക്കയുടെ പതാകകൾ പിടിച്ചു നിൽക്കുന്ന എലൈൻ തോംപ്സൻ, ഷെല്ലി ആൻ ഫ്രേസർ, ഷെറീക്ക ജാക്സൺ എന്നിവരുടെ ചിത്രവും പങ്കുവെച്ചു. മത്സരത്തിൽ മൂന്ന് മെഡലുകളും ജമൈക്കൻ താരങ്ങൾ തൂത്തുവാരിയതിൽ അഭിനന്ദനം അറിയിച്ചായിരുന്നു ഈ ട്വീറ്റ്.





    സ്പ്രിന്റ് ഇനങ്ങളിൽ ബോൾട്ടിനൊപ്പം നിൽക്കുന്ന ഒരു താരത്തെ ജമൈക്കക്ക് ലഭിച്ചിട്ടില്ല. വനിതകളുടെ മികച്ച പ്രകടനത്തിലൂടെ ഈ ഇനങ്ങളിൽ അവർക്കുള്ള മേധാവിത്വം അവർ വിട്ടുകൊടുക്കാതെ മെഡലുകൾ കൊണ്ടുവരും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്നത്തെ മത്സരത്തിൽ നിന്നും ലഭിക്കുന്നത്.

    സ്വര്‍ണം നേടിയ എലൈന്‍ തോംപ്‌സണ്‍ 10.61 സെക്കന്റിലും വെള്ളി നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ 10.74 സെക്കന്റിലും വെങ്കലം നേടിയ ഷെറീക്ക ജാക്‌സണ്‍ 10.76 സെക്കന്റിലുമാണ് ഫിനിഷ് ലൈന്‍ കടന്നത്. ഫൈനലിൽ മികച്ച പ്രകടനം നടത്തിയ എലൈൻ തോംപ്സൺ 33 വർഷം പഴക്കമുള്ള ഒളിംപിക്സ് റെക്കോർഡ് തകർത്തെറിഞ്ഞാണ് ഒളിമ്പിക്സിലെ വേഗ റാണിയായത്. അമേരിക്കൻ സ്പ്രിന്റ് ഇതിഹാസമായ ഫ്ലോറൻസ് ​ഗ്രിഫിത്ത് ജോയ്നർ 1988ലെ സോൾ ഒളിമ്പിക്സിൽ സ്ഥാപിച്ച റെക്കോർഡാണ് ജമൈക്കൻ താരം പഴങ്കഥയാക്കിയത്.

    സ്വർണം പ്രതീക്ഷിച്ചെത്തിയ ജമൈക്കയുടെ വെറ്ററൻ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നു. 35 വയസ്സുകാരിയായ താരത്തിന്റെ അവസാന ഒളിമ്പിക്സ് ആയിരിക്കും ടോക്യോയിലെത്.

    തോംപ്സന്റെ സ്വർണനേട്ടത്തോടെ തുടർച്ചയായി നാലാം ഒളിമ്പിക്സിലും വനിതകളുടെ 100 മീറ്ററിൽ ജമൈക്ക സ്വർണം നിലനിർത്തി. ബീജിങിലും ലണ്ടനിലും ഷെല്ലി ആൻ ഫ്രേസർ ജമൈക്കയ്ക്ക് വേണ്ടി സ്വർണം നേടിയപ്പോൾ ഇവിടെയും റിയോയിലും എലൈൻ തോംപ്സൺ സ്വർണം നേടി.
    Published by:Naveen
    First published:
    )}