ജയ്പൂര്‍: സീനിയര്‍ താരങ്ങളെല്ലാം താരലേലത്തില്‍ പിന്നോട്ടടിക്കപ്പെട്ടപ്പോള് ഇന്ത്യന്‍ ടീമിന്റെ പടികാണാത്ത ഒരു തമിഴ്നാട്ടുകാരന് കോടികളുമായി ക്രിക്കറ്റ് ലോകത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ്. വെറും 20 ലക്ഷം അടിസ്ഥാന വിലയുണ്ടായ വരുണ്‍ ചക്രവര്‍ത്തി സീസണിലെ ഏറ്റവും ഉയര്‍ന്ന തുകയുമായാണ് ഐപിഎല്ലിന്റെ ശ്രദ്ധാകേന്ദ്രമായത്.
'മിസ്റ്ററി സ്പിന്നര്‍' താരം തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഐപിഎല്‍ ടീമുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ലീഗില്‍ മധുരൈ പാന്തേഴ്സിനായാണ് താരം കളത്തിലിറങ്ങിയത്. വ്യത്യസ്തമായ രീതികളില്‍ പന്തെറിയാന്‍ കഴിയുന്നു എന്നതാണ് ഈ തമിഴ്നാട്ടുകാരനെ ക്രിക്കറ്റ് ലോകത്ത് വ്യത്യസ്തനാക്കുന്നത്. ഏഴോളം രീതികളില്‍ പന്തെറിഞ്ഞാണ് താരം ബാറ്റ്സ്മാന്മാരെ കുഴക്കുന്നത്.
പ്രാദേശിക തലത്തില്‍ ശ്രദ്ധ നേടിയ താരം ഇിനോടകം തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിരുന്നു. ലേലത്തട്ടില്‍ താരമെത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായി പണം ഇറക്കാന്‍ സന്നദ്ധരാവുകയും ചെയ്തു.
13ാം വയസ്സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് വരുണ്‍ ചക്രവര്‍ത്തി കളി ജീവിതം തുടങ്ങുന്നത്. എന്നാല്‍ പിന്നീട് പതുക്കെ എതിരാളികളെ കറക്കിവീഴ്ത്തുന്ന ബൗളറായി താരം മാറുകയായിരുന്നു. സ്കൂള്‍ കാലത്ത് ക്രിക്കറ്റ് ആരംഭിച്ച താരം കോളേജ് ഘട്ടത്തില്‍ കളിയുമായി അകലം പാലിക്കുകയായിരുന്നു. ചെന്നൈയിലെ എസ്ആര്‍എം സര്‍വകലാശാലയില്‍ നിന്ന് ആര്കിടെക്ചര് പൂര്‍ത്തിയാക്കിയ വരുണ്‍ രണ്ടു വര്‍ഷം ജോലിയും ചെയ്തുകഴിഞ്ഞാണ് വീണ്ടും കളിത്തിലെത്തുന്നത്.
ഫാസ്റ്റ് ബൗളറായായിരുന്നു വരുണിന്റെ മടങ്ങിവരവ്. വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കുന്നതിനിടെ പരിക്ക വില്ലനായതോടെ താരം സ്പിന്നിലിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. സ്പിന്‍ ബൗളിങ്ങില്‍ തലവര തെളിഞ്ഞ താരത്തിന്റെ കരിയര്‍ കുതിച്ച് ഉയരുകയും ചെയ്തു. സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായും വരുണ്‍ മാറി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.