HOME » NEWS » Sports » VENKATESH PRASAD REVEALS THAT DEEPAK CHAHAR WAS ONCE REJECTED BY GREG CHAPPELL AT RCA

'ക്രിക്കറ്റ് നിനക്ക് പറ്റിയ പണിയല്ല, വേറെ പണി നോക്കിക്കോളൂ': അന്ന് ഗ്രെഗ് ചാപ്പല്‍ ദീപക് ചഹറിനോട് പറഞ്ഞു

ഉയരത്തിന്റെ പ്രശ്‌നം പറഞ്ഞ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ വച്ച് മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ തള്ളിക്കളഞ്ഞ താരമാണ് ദീപക് ചഹര്‍.

News18 Malayalam | news18-malayalam
Updated: July 21, 2021, 10:29 PM IST
'ക്രിക്കറ്റ് നിനക്ക് പറ്റിയ പണിയല്ല, വേറെ പണി നോക്കിക്കോളൂ': അന്ന് ഗ്രെഗ് ചാപ്പല്‍ ദീപക് ചഹറിനോട് പറഞ്ഞു
News18 malayalam
  • Share this:
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ഇന്നലെ നടന്ന ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടിത്തന്നത് വാലറ്റത്തെ ദീപക് ചഹറിന്റെ പോരാട്ടവീര്യം ഒന്ന് മാത്രമായിരുന്നു. രണ്ടാം നിര ടീമെന്ന് വിമര്‍ശിച്ചവര്‍ക്കെതിരെ തങ്ങള്‍ മുന്‍നിരക്കാര്‍ തന്നെയാണെന്ന് ഇന്ത്യയുടെ യുവനിര തെളിയിച്ചിരിക്കുകയാണ്. ഇന്നലെ തോല്‍വിയിലേക്ക് പോയ മത്സരം ഇന്ത്യ തിരികെ പിടിച്ചത് എട്ടാം വിക്കറ്റില്‍ ദീപക് ചഹറും ഭുവനേശ്വര്‍ കുമാറും കെട്ടിപ്പടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. ശ്രീലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.

പരമ്പര വിജയത്തിന് ശേഷം ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വലിയ അഭിനന്ദന പ്രവാഹമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മത്സരത്തിലെ ദീപക് ചഹറിന്റെ പ്രകടനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിദേശ പരിശീലകര്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ബോളര്‍ വെങ്കടേഷ് പ്രസാദ്. ദീപക് ചഹറുമായി ബന്ധപ്പെട്ട് കുറച്ചു കാലം മുമ്പ് നടന്ന ഒരു സംഭവവും അദ്ദേഹം വെളിപ്പെടുത്തി. മുന്‍പ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍വച്ച് 'ക്രിക്കറ്റ് നിനക്ക് പറ്റിയ പണിയല്ല, വേറെ പണി നോക്കാന്‍' ഓസ്‌ട്രേലിയയുടെ മുന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍ ഉപദേശിച്ച വ്യക്തിയാണ് ദീപക് ചഹറെന്ന് പ്രസാദ് വെളിപ്പെടുത്തി.

'ഉയരത്തിന്റെ പ്രശ്‌നം പറഞ്ഞ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ വച്ച് മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ തള്ളിക്കളഞ്ഞ താരമാണ് ദീപക് ചഹര്‍. വേറെ ജോലി നോക്കാനും അദ്ദേഹം അന്ന് ചാഹറിനെ ഉപദേശിച്ചിരുന്നു. ബോളറായിട്ടു പോലും ഇന്ന് ബാറ്റിങ്ങിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദീപക് ചഹര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചിരിക്കുന്നു. ഇതില്‍നിന്ന് നാം പഠിക്കേണ്ടത് ഇതാണ്: സ്വന്തം കഴിവില്‍ വിശ്വസിക്കുക, വിദേശ പരിശീലകരെ അമിതമായി ആശ്രയിക്കാതിരിക്കുക'- പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

മത്സരത്തില്‍ ഇന്ത്യയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ച് കളിയിലെ താരമായതിന് ശേഷം സംസാരിക്കവെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായിരുന്നു നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ദീപക് ചഹര്‍ നല്‍കിയത്. ദ്രാവിഡിന് തന്റെ ബാറ്റിംഗിലുള്ള വിശ്വാസമാണ് നന്നായി ബാറ്റ് ചെയ്യാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് ദീപക് ചഹര്‍ പറഞ്ഞിരുന്നു.

'രാഹുല്‍ സാര്‍ എല്ലാ ബോളുകളും കളിക്കാനാണ് എന്നോട് പറഞ്ഞത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ എ ടീമില്‍ ഞാന്‍ കുറച്ച് ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ബാറ്റിംഗിനെ വിശ്വസിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. എനിക്ക് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള മികവുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതായി രാഹുല്‍ സാര്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. വരും മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു. ജയിക്കാന്‍ വേണ്ട റണ്‍സ് 50ല്‍ താഴെയെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് ജയിക്കാനാകുമെന്ന വിശ്വാസം എനിക്ക് വന്നത്.' മത്സരശേഷം ദീപക് ചഹര്‍ പറഞ്ഞു.
Published by: Sarath Mohanan
First published: July 21, 2021, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories