• HOME
 • »
 • NEWS
 • »
 • sports
 • »
 • VENKATESH PRASAD REVEALS THE BEST CAPTAIN HE HAS PLAYED UNDER INT NAV

ഗാംഗുലി, സച്ചിൻ ഇവർ രണ്ടുമല്ല; പിന്നെ ആരാണ് വെങ്കടേഷ് പ്രസാദ് കളിച്ചിരുന്ന കാലത്തെ മികച്ച ക്യാപ്റ്റൻ?

90കളില്‍ ഇന്ത്യൻ ക്രിക്കറ്റിൽ ജവഗല്‍ ശ്രീനാഥിനോടൊപ്പം മികച്ച പേസ് ബൗളിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ പ്രസാദിനായിരുന്നു. ഏറെക്കാലം ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഈ ജോഡികളായിരുന്നു.

venketesh prasad

venketesh prasad

 • Share this:
  ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പേസർമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇടം പിടിക്കുന്ന പേരുകളിൽ ഒന്നായി വെങ്കടേഷ് പ്രസാദ് എന്ന പേരുണ്ടാകും. 1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകങ്ങളിലൊരാളായിരുന്നു പേസര്‍ വെങ്കടേഷ് പ്രസാദ്. 1994 മുതല്‍ 2001 വരെ നീണ്ട എട്ടു വർഷ അന്താരാഷ്ട്ര കരിയറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രസാദ്. ഏറ്റവും മികച്ച ക്യാപ്റ്റന്‍ അസ്ഹറായിരുന്നുവെന്നും താരങ്ങള്‍ക്കു ഒരുപാട് സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രസാദ്.

  "എനിക്കു വേണമെങ്കില്‍ വളരെ തന്ത്രപരമായി പ്രതികരിക്കാന്‍ കഴിയും. മൂന്നു പേരും അവരുടേതായ രീതിയില്‍ വ്യത്യസ്തരായിരുന്നുവെന്ന് എനിക്കു എളുപ്പത്തിൽ പറയാം. പക്ഷെ ഞാന്‍ അസ്ഹറിന്റെ കീഴില്‍ കളിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷവാനായിരുന്നത്. കാരണം ബൗളിങിനിടെ ബോള്‍ എറിഞ്ഞുതന്ന ശേഷം എങ്ങനെയുള്ള ഫീല്‍ഡിങ് ക്രമീകരണമാണ് നിങ്ങള്‍ക്കു വേണ്ടതെന്നു ചോദിച്ചിരുന്ന ക്യാപ്റ്റനായിരുന്നു അസ്ഹര്‍. ഞാന്‍ ഫീല്‍ഡിങ് ക്രമീകരണം നടത്തിയാല്‍ അതിന് അനുസരിച്ച് ബൗള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും എനിക്കുണ്ടായിരുന്നു." പ്രസാദ് വിശദമാക്കി.

  സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കു കീഴില്‍ കളിച്ചിരുന്നപ്പോഴും തനിക്കു ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നു അദ്ദേഹം പറയുന്നു. പക്ഷെ ഇവരേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയ ക്യാപ്റ്റന്‍ അസ്ഹറാണെന്നും പ്രസാദ് വിലയിരുത്തി. അസ്ഹര്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് തൻ്റെ‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും താരം വ്യക്തമാക്കി. എന്ന് കരുതി സച്ചിന്‍, ഗാംഗുലി എന്നിവരുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും അവരുടെ ക്യാപ്റ്റന്‍സി ശൈലി അസ്ഹറിന്റേതു പോലെയായിരുന്നില്ല എന്നതാണ് താൻ ഉദ്ദേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

  "അസ്ഹര്‍ ഹൈദരാബാദുകാരനാണ്, ഞാനാവട്ടെ കര്‍ണാടകക്കാരനും. രണ്ടു സ്ഥലങ്ങളും തമ്മില്‍ വലിയ ദൂരമില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കു പരസ്പരം നന്നായി അറിയാമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഞാനും അസ്ഹറും എതിരാളികളായി പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്, ചിലപ്പോള്‍ ഒരേ ടീമില്‍ ഒരുമിച്ചും കളിച്ചിട്ടുണ്ട്. ഈ കാരണങ്ങൾ ഞങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും അടുപ്പവുമെല്ലാം വളർത്തിയെടുത്തു." പ്രസാദ് പറഞ്ഞു.

  നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും മുന്‍ ഇതിഹാസം സച്ചിനെയും താരതമ്യം ചെയ്ത് കൊണ്ട്  അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രണ്ടു പേരും വ്യക്തിപരമായി വളരെ മികച്ച വ്യക്തിത്വങ്ങളാണ്. സച്ചിന്‍ വളരെ സൗമ്യനാണെങ്കില്‍ വിരാട് വളരെ അഗ്രസീവാണ്. പക്ഷെ അദ്ദേഹത്തിന്റെ ശരിക്കുമുള്ള പ്രകൃതം അങ്ങനെയല്ല. കളിക്കളത്തില്‍ മാത്രമാണ് കോഹ്ലി വളരെ അഗ്രസീവായി പെരുമാറാറുള്ളത്. എല്ലാ മല്‍സരത്തിലും വിജയിക്കണമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നുമുള്ള അതിയായ ആഗ്രഹമാണ് കോഹ്ലി ഈ തരത്തില്‍ അഗ്രസീവായി പെുമാറാനുള്ള കാരണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

  ഇന്ത്യയുടെ മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്രസാദ് ഇന്ത്യയുടെ ബൗളിംഗ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷമാണ് പ്രസാദ് ബൗളിംഗ് കോച്ചായി ചുമതല ഏൽക്കുന്നത്. 2007 മുതൽ 2009 വരെ താരം ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചു. 2007ൽ ഇന്ത്യ ധോണിക്ക് കീഴിൽ ആദ്യത്തെ ടി20 ലോകകപ്പ് സ്വന്തമാക്കുമ്പോൾ ഇന്ത്യൻ സംഘത്തിലെ ബൗളിംഗ് കോച്ചായി പ്രസാദും ഉണ്ടായിരുന്നു.

  മികച്ച പ്രകടനങ്ങൾ പലതും പേരിലുണ്ടെങ്കിലും പ്രസാദിനെ ക്രിക്കറ്റ് പ്രേമികൾ ഓർക്കുക 1996ലെ ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിലെ പ്രകടനത്തിൻ്റെ പേരിലായിരിക്കും. പാകിസ്ഥാൻ്റെ ആമിർ സൊഹൈലും പ്രസാദും തമ്മിൽ ഉണ്ടായ പോരിൻ്റെ കഥ. സോഹൈലിനെതിരെ പന്തെറിഞ്ഞ പ്രസാദിനെ ബൗണ്ടറിയടിച്ചതിന് ശേഷം സൊഹൈൽ ഇനിയും ആ ഭാഗത്തേക്ക് തന്നെ ബൗണ്ടറി അടിക്കും എന്ന രീതിയിൽ ബൗണ്ടറിയടിച്ച ഭാഗത്തേക്ക് തന്നെ ബാറ്റ് ചൂണ്ടി പ്രസാദിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. പ്രതികരിക്കാതെ അടുത്ത പന്തിനുള്ള റണ്ണപ്പെടുക്കാൻ പ്രസാദ് തിരിച്ച് നടന്നു. അടുത്ത പന്ത് എറിഞ്ഞ പ്രസാദ് നേരത്തെ ഉള്ളതിന് മറുപടിയെന്നോണം സോഹൈലിൻ്റെ കുറ്റി തെറിപ്പിച്ചു. വിക്കറ്റ് വീഴ്ത്തിയ പ്രസാദ് സോഹൈലിന് തക്ക മറുപടിയും കൊടുത്തു. അത്യന്തം ആവേശത്തിൽ സോഹൈലിനോട് പവിലിയനിലേക്ക് മടങ്ങി പോക്കോളാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുകയാണ് ഉണ്ടായത്. കളി കണ്ട് കൊണ്ടിരുന്ന ഓരോ ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ പറ്റാത്ത ഒരു അസുലഭ മുഹൂർത്തമായിരുന്നു അത്. ഒരു യുദ്ധം ജയിച്ച യോദ്ധാവിൻ്റെ പ്രതീതി ആയിരുന്നു പ്രസാദിൻ്റെ ശരീരഭാഷയിൽ അന്ന് പ്രകടമായത്. മത്സരത്തിൽ ഇന്ത്യ 39 റൺസിന് വിജയിക്കുകയും ചെയ്തു.

  90കളില്‍ ഇന്ത്യൻ ക്രിക്കറ്റിൽ ജവഗല്‍ ശ്രീനാഥിനോടൊപ്പം മികച്ച പേസ് ബൗളിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ പ്രസാദിനായിരുന്നു. ഏറെക്കാലം ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഈ ജോഡികളായിരുന്നു. ഇന്ത്യക്കു വേണ്ടി 33 ടെസ്റ്റുകളിലും 166 ഏകദിനങ്ങളിലും പ്രസാദ് കളിച്ചിട്ടുണ്ട്. യഥാക്രമം 96ഉം 196ഉം വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. ടി20 ക്രിക്കറ്റ് ഇല്ലാതിരുന്ന ആ കാലത്ത് സ്ലോ ബോളുകള്‍ ഏറ്റവും നന്നായി പ്രയോഗിച്ചിരുന്ന പേസര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രസാദ്.

  Summary- Venkatesh Prasad reveals the best captain. he has played under
  Published by:Anuraj GR
  First published:
  )}