HOME » NEWS » Sports » VENUE FOR THE T20 WORLD CUP HAS BEEN SHIFTED FROM INDIA TO DUBAI

ടി20 ലോകകപ്പും ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക്, ഐ പി എല്ലിന് തൊട്ടു പിന്നാലെ ടൂര്‍ണമെന്റ് ആരംഭിക്കും

ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17നാണ് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക.

News18 Malayalam | news18-malayalam
Updated: June 26, 2021, 7:24 AM IST
ടി20 ലോകകപ്പും ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക്, ഐ പി എല്ലിന് തൊട്ടു പിന്നാലെ ടൂര്‍ണമെന്റ് ആരംഭിക്കും
ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17നാണ് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക.
  • Share this:
വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദി ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് മാറ്റി. ദുബായില്‍ തന്നെ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോവിഡ് മൂലം നിര്‍ത്തി വെച്ച ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി20 ലോകകപ്പ് വേദി ദുബായിലായിരിക്കുമെന്നകാര്യം ബി സി സി ഐ ഔദ്യോഗികമായി ഐ സി സിയെ അറിയിച്ചിട്ടില്ലെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ദുബായിയില്‍ ബി സി സി ഐ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ തീരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ദുബായിയും ഒമാനുമാകും വേദിയാവുക. ജൂണ്‍ മാസം അവസാനിക്കുന്നതിന് മുന്നേ തന്നെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബി സി സി ഐയോട് ആവശ്യപ്പെട്ടിരുന്നു. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം പിന്നീട് ഇന്ത്യയിലേക്ക് മാറ്റിയത്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യു എ ഇയില്‍ ആരംഭിക്കും. സെപ്റ്റംബര്‍ 19 ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിക്കുന്ന തരത്തിലാകും മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും താരങ്ങളിലേക്ക് കൂടി കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തി വെക്കേണ്ടി വന്നത്. 60 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങാണ് ഇനി പൂര്‍ത്തിയാക്കാന്‍ ഉള്ളത്. ഇതിനായി ഏകദേശം 25 ദിവസമാണ് ആവശ്യമായി വരുന്നത്. അതേസമയം ഐ പി എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ അതില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക പ്രായോഗികമല്ലാത്തതിനാലാണ് ടൂര്‍ണമെന്റ് യു എ ഇയിലേക്ക് മാറ്റാന്‍ തീരുമാനമായത്. ടി20 ലോകകപ്പിലെ ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാണ് നടക്കുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ല്‍ യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാണ് ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍ മത്സരം നടക്കുക.
Published by: Sarath Mohanan
First published: June 26, 2021, 7:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories