നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare |വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെ തകര്‍ത്ത് ഹിമാചലിന് കന്നിക്കിരീടം

  Vijay Hazare |വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെ തകര്‍ത്ത് ഹിമാചലിന് കന്നിക്കിരീടം

  തമിഴ്നാടിനെതിരെ വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നപ്പോള്‍ വിജെഡി നിയമപ്രകാരം ഹിമാചലിനെ 11 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

  • Share this:
   ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി (Vijay Hazare) ഹിമാചല്‍ പ്രദേശിന്(Himachal Pradesh). കരുത്തരായ തമിഴ്നാടിനെ തോല്‍പിച്ചാണ് ഹിമാചല്‍ ആഭ്യന്തര ക്രിക്കറ്റിലെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായി കിരീടം നേടുന്നത്. തമിഴ്നാടിനെതിരെ (Tamil Nadu) വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നപ്പോള്‍ വിജെഡി നിയമപ്രകാരം ഹിമാചലിനെ 11 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

   വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഹിമാചല്‍ പ്രദേശ് 47.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 299 എന്ന നിലയിലായിരുന്നു. പാര്‍ സ്‌കോര്‍ അനുസരിച്ച് അന്നേരം ഹിമാചലനിന് 288 റണ്‍സെ വേണ്ടിയിരുന്നുള്ളൂ. ഇതോടെയാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്. പുറത്താകാതെ 136 റണ്‍സ് നേടിയ ശുഭ്മാന്‍ അറോറയാണ് ഹിമാചലിന്റെ വിജയശില്‍പ്പി.


   131 പന്തുകളില്‍ നിന്ന് പതിമൂന്ന് ഫോറുകളും ഒരു സിക്സറുമടക്കമായിരുന്നു അറോറയുടെ ഇന്നിങ്സ്. അമിത്കുമാര്‍ (74) ഋഷി ധവാന്‍(42)എന്നിവരും പിന്തുണ കൊടുത്തു. ഇതില്‍ ഋഷി ധവാന്റെ അതിവേഗ സ്‌കോറിങ്ങും ഹിമാചലിന്റെ വിജയത്തില്‍ നിര്‍ണായകമായി. 23 പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്സറും സഹിതമായിരുന്നു ഋഷി ധവാന്റെ ഇന്നിങ്സ്.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ തമിഴ്നാട് 49.4 ഓവറില്‍ 314 എല്ലാവരും പുറത്തായി. ദിനേശ് കാര്‍ത്തിക് (116) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഹിമാചല്‍ ഓവറില്‍ 47.3 ഓവറില്‍ നാലിന് 299 എന്ന നിലയില്‍ നില്‍ക്കെയാണ് വെളിച്ചക്കുറവ് വില്ലനായത്.

   വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഹിമാചലിന് 96 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പ്രശാന്ത് ചോപ്ര (21), ദിഗ്വിജയ് രംഗി (0), നിഖില്‍ ഗംഗ്ത (18) എന്നിവരാണ് മടങ്ങിയത്. പിന്നാലെ അറോറയ്ക്കൊപ്പം ഒത്തുച്ചേര്‍ന്ന അമിത് കുമാറാണ് (79 പന്തില്‍ 74) വിജയം എളുപ്പമാക്കിയത്. ഇരുവരും 148 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമിത്തിനെ വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ ഋഷി ധവാനെ (42) കീഴ്പ്പെടുത്താനായില്ല.

   വാഷിംഗ്ടണ്‍ സുന്ദര്‍, രവി കിഷോര്‍, മുരുകന്‍ അശ്വിന്‍, ബാബ അപാരാജിത് എന്നിവര്‍ തമിഴ്നാടിനായി ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ നാലിന് 40 എന്ന നിലയില്‍ തകര്‍ന്ന തമിഴ്നാടിനെ കാര്‍ത്തികാണ് രക്ഷിച്ചത്. ബാബ ഇന്ദ്രജിത്ത് 80 റണ്‍സ് നേടി. ഇരുവരും 202 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്സ്. ഇന്ദ്രജിത്തിന് ശേഷം ക്രീസിലെത്തിയ ഷാറുഖ് ഖാനും (21 പന്തില്‍ 42) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിജയ് ശങ്കര്‍ 22 റണ്‍സെുത്ത് പുറത്തായി. പങ്കജ് ജയ്സ്വാള്‍ ഹിമാചലിനായി നാല് വിക്കറ്റ് വീഴ്ത്തി. ഋഷി ധവാന് മൂന്ന് വിക്കറ്റുണ്ട്.
   Published by:Sarath Mohanan
   First published: