• HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | വിരാട് കോഹ്‌ലിക്ക് അഡ്‌ലെയ്ഡിലെ ആരാധകരുടെ വക പിറന്നാൾ ആശംസ; വീഡിയോ വൈറൽ

Virat Kohli | വിരാട് കോഹ്‌ലിക്ക് അഡ്‌ലെയ്ഡിലെ ആരാധകരുടെ വക പിറന്നാൾ ആശംസ; വീഡിയോ വൈറൽ

ആരാധകർക്കു നേരെ തംബ്‌സ് അപ്പ് സൈൻ കാണിച്ചാണ് കോഹ്‌ലി ഇതിനോട് പ്രതികരിച്ചത്

  • Share this:
വിരാട് കോഹ്‌ലിക്ക് ജന്മദിനാശംസകൾ നേർന്ന് അഡ്‌ലെയ്ഡിലെ ആരാധകർ. നവംബർ അഞ്ചിനാണ് കോഹ്‌ലിയുടെ മുപ്പത്തിനാലാം പിറന്നാൾ. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കായി മെൽബണിലെത്തിയതായിരുന്നു ഇന്ത്യൻ ടീം. നവംബർ 2 ന് അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മൽസരത്തിൽ അർദ്ധസെഞ്ചുറി‌ നേടിയ കോഹ്‌ലിയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ബം​ഗ്ലാദേശിനെതിരായ വിജയത്തോടെ, ഇന്ത്യൻ ടീം സെമി ഫൈനലിലെത്താനുള്ള സാധ്യതയും വർദ്ധിച്ചു.

ഇന്ത്യൻ ടീം ആരാധകരിൽ ചിലർ 'ഹാപ്പി ബർത്ത്ഡേ കിങ് കോഹ്‌ലി' എന്നെഴുതിയ ഒരു പോസ്റ്ററും കൊണ്ടുവന്നിരുന്നു. ആരാധകർക്കു നേരെ തംബ്‌സ് അപ്പ് സൈൻ കാണിച്ചാണ് കോഹ്‌ലി ഇതിനോട് പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.

ഈ വർഷത്തെ ടി20 ലോക കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനും വിരാട് കോഹ്‌ലിയാണ്. 220 റൺസാണ് താരം ഇതുവരെ നേടിയത്. പുറത്താകാതെ മൂന്ന് അർധസെഞ്ചുറികളും ഇത്തവണ കോലി സ്വന്തം പേരിൽ കുറിച്ചു.



കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ വിരാട് കോഹ്‌ലി കബളിപ്പിച്ചു എന്ന ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുൽ ഹസൻ രംഗത്തെത്തിയിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ കോഹ്‌ലി ഫേക്ക് ത്രോ ചെയ്തെന്നും ഇതിന് അഞ്ച് റൺസ് പെനാൽറ്റി അനുവദിക്കേണ്ടതായിരുന്നു എന്നും ആയിരുന്നു ആരോപണം. ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ്, പാകിസ്താൻ ആരാധകരും ഇന്ത്യൻ ടീമിനും അമ്പയർമാർക്കുമെതിരെ രംഗത്തു വന്നിരുന്നു. മഴ മൂലം കളി തടസപ്പെട്ടതിനെ തുടർന്ന് ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരം മാറ്റി നിശ്ചയിച്ച വിജയലക്ഷ്യം അനുസരിച്ചാണ് ബംഗ്ലാദേശ് കളിച്ചത്. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിനെതിരെ വിക്കറ്റ് നഷ്ടപ്പെടാതെ ബംഗ്ലാദേശ് 66 റൺസെടുത്ത് നിന്നിരുന്ന സമയത്താണ് മഴ കളി തടസപ്പെടുത്തിയത്. കളി പുനരാരംഭിക്കാമെന്ന തീരുമാനത്തോട് ബംഗ്ലാദേശിന് യോജിപ്പില്ലെന്നായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരം പുനരാരംഭിക്കണമെന്ന് നിർബന്ധം പിടിച്ചു. ഈ സമയത്ത് ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരം ബംഗ്ലാദേശ് ഇന്ത്യയേക്കാൾ മുന്നിലായിരുന്നു. ബം​ഗ്ലാദേശ് ആരോപിച്ച വ്യാജ ത്രോ വിവാദം സംഭവിച്ചത് മത്സരത്തിൻെറ ഏഴാം ഓവറിലാണ്.

ടൂർണമെന്റിൽ ഇതുവരെ ആറ് പോയിന്റാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് സൂപ്പർ 12 ലെ ഇന്ത്യയുടെ അവസാന മൽസരം. ഗ്രൂപ്പ് 2 ലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇതിനകം ഇടം നേടിയിട്ടുള്ളതിനാൽ ഈ മൽസരത്തിൽ വിജയിച്ചാൽ സെമി ഫൈനൽ പ്രവേശം ഉറപ്പിക്കാം.

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനായി അഡ്‌ലെയ്‌ഡിൽ നിന്ന് മെൽബണിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്റെ വീഡിയോയും ബിസിസിഐ പങ്കുവെച്ചിരുന്നു. കളിക്കാർ പുറത്തെത്തിയപ്പോൾ "ഇന്ത്യ, ഇന്ത്യ" എന്ന് ഉറക്കെ ആർപ്പു വിളിച്ചാണ് ആരാധകർ ടീമം​ഗങ്ങളെ പ്രോത്സാഹിപ്പിച്ചത്.
Published by:user_57
First published: