നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |മോശം ഫോമിനിടയിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി; മറികടന്നത് സച്ചിൻ ടെണ്ടുൽക്കറെ

  Virat Kohli |മോശം ഫോമിനിടയിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി; മറികടന്നത് സച്ചിൻ ടെണ്ടുൽക്കറെ

  രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും വേഗത്തിൽ 23,000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ‍ാണ് കോഹ്ലി ഓവലില്‍ സ്വന്തമാക്കിയത്.

  News18

  News18

  • Share this:
   ബാറ്റിങ്ങില്‍ മോശം ഫോമിലാണെങ്കിലും റെക്കോർഡുകൾ തന്റെ പേരിലേക്ക് എഴുതി ചേർക്കുന്നതിൽ കോഹ്‌ലിക്ക് ഫോമില്ലായ്മ ഒരു തടസമല്ല. രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് വർഷത്തോളമായി ഒരു സെഞ്ചുറി പോലും നേടാത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓവലിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് പുതിയ ബാറ്റിംഗ് റെക്കോർഡ് കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും വേഗത്തിൽ 23,000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ‍ാണ് കോഹ്ലി ഓവലില്‍ സ്വന്തമാക്കിയത്.


   ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്നാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തിയത്. ഓവൽ ടെസ്റ്റിൽ ഇറങ്ങി ഒരു റൺ നേടിയപ്പോഴായിരുന്നു താരം സച്ചിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് തന്റെ പേരിലേക്ക് ആക്കിയത്. 490 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്ലി 23000 റണ്‍സ് പിന്നിട്ടത്. സച്ചിനേക്കാള്‍ 32 ഇന്നിങ്‌സുകള്‍ കുറവ് കളിച്ചാണ് കോഹ്ലി 23,000 റണ്‍സിലെത്തിയത്. 522 ഇന്നിംഗ്സുകളില്‍ നിന്നുമാണ് സച്ചിൻ ഈ നേട്ടത്തിൽ എത്തിയത്. 544 ഇന്നിങ്‌സില്‍ നിന്ന് 23,000 റണ്‍സ് നേടിയ റിക്കി പോണ്ടിങ് കൊഹ്‌ലിക്കും സച്ചിനും പിന്നിൽ മൂന്നാമത് നിൽക്കുന്നു.


   രാജ്യാന്തര ക്രിക്കറ്റില്‍ 23000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് കോഹ്ലി. ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ജാക്വസ് കാലിസ് (551 ഇന്നിങ്‌സ്), കുമാര്‍ സംഗക്കാര (568 ഇന്നിങ്‌സ്), രാഹുല്‍ ദ്രാവിഡ് (576 ഇന്നിങ്‌സ്), മഹേള ജയവര്‍ധനെ (645 ഇന്നിങ്‌സ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

   റെക്കോർഡ് നേട്ടത്തിൽ എത്തിയെങ്കിലും കോഹ്‌ലിയുടെ ഒരു സെഞ്ചുറിക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നേടിയ സെഞ്ചുറിക്ക് ശേഷം കോഹ്‌ലിക്ക് കഴിഞ്ഞ 51 ഇന്നിങ്‌സുകളിൽ നിന്നായി ഒരു സെഞ്ചുറി പോലും നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇതുവരെ സെഞ്ചുറി കണ്ടെത്തിയിട്ടില്ലാത്ത താരം, ഇനിയുള്ള രണ്ട് ടെസ്റ്റിൽ ഏതെങ്കിലും ഒന്നിൽ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചുവരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

   ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ തകർച്ച ഒഴിവാക്കാൻ പൊരുതുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (88 പന്തിൽ 50) അജിങ്ക്യ രഹാനെ (19 പന്തിൽ അഞ്ച്) എന്നിവരാണ് ക്രീസിൽ. രോഹിത് ശർമ (11), കെ.എല്‍ രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10) എന്നിവരാണ് പുറത്തായത്.

   നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലീഡ്‌സിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയ ടീമിൽ നിന്നും ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ ഠാക്കൂറും ടീമിലിടം നേടി. പരമ്പരയിൽ തുടർച്ചയായ നാലാം ടെസ്റ്റിലും ടീമിലിടം നേടാൻ അശ്വിന് കഴിഞ്ഞില്ല.

   പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്.
   Published by:Naveen
   First published: