HOME » NEWS » Sports » VIRAT KOHLI BECOMES THE ONLY PLAYER TO PLAY IN FINALS OF ALL MAJOR ICC TOURNAMENTS

കോഹ്ലി ചരിത്ര നേട്ടത്തില്‍; ഐ സി സിയുടെ എല്ലാ ടൂര്‍ണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരം

2008 ല്‍ നടന്ന ഐ സി സി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചാണ് കോഹ്ലി ഈ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 2011ലെ ഏകദിന ലോകകപ്പ് ഫൈനലിന്റെയും ഭാഗമായി.

News18 Malayalam | news18-malayalam
Updated: June 20, 2021, 1:40 AM IST
കോഹ്ലി ചരിത്ര നേട്ടത്തില്‍; ഐ സി സിയുടെ എല്ലാ ടൂര്‍ണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരം
Virat-Kohli
  • Share this:
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും ടി20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്ലി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. നിലവില്‍ ന്യൂസിലന്‍ഡുമായി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന താരം ഒരുപാട് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായതോടെയാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്. ഐ സി സിയുടെ എല്ലാ ടൂര്‍ണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരമെന്ന തകര്‍പ്പന്‍ റെക്കോര്‍ഡാണ് താരം പോക്കറ്റിലാക്കിയത്. 2008 ല്‍ നടന്ന ഐ സി സി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചാണ് കോഹ്ലി ഈ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 2011ലെ ഏകദിന ലോകകപ്പ് ഫൈനലിന്റെയും ഭാഗമായി. ഈ ഫൈനലില്‍ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും കോഹ്ലി ടീമിന്റെ ഭാഗമായി. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 34 പന്തില്‍ 43 റണ്‍സ് നേടി മികച്ച പ്രകടനം താരം പുറത്തെടുത്തു.

2014 ല്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 58 പന്തില്‍ നിന്നും 77 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കോഹ്ലി പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 2017 ല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു. ഇപ്പോഴിതാ പ്രഥമ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും ഭാഗമായിരിക്കുകയാണ് കിങ്ങ് കോഹ്ലി ഇപ്പോള്‍.

മറ്റൊരു റെക്കോര്‍ഡും കോഹ്ലി ഈ ഫൈനലിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ധോണിയെ മറികടന്ന് താരം സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് ഇറങ്ങിയതോടെയാണ് ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയായത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ 61ആം ടെസ്റ്റായിരുന്നു ഇത്. ധോണി 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചതായിരുന്നു നിലവിലെ റെക്കോര്‍ഡ്. കോഹ്ലിയും ധോണിയും കഴിഞ്ഞാല്‍ സൗരവ് ഗാംഗുലി (49), സുനില്‍ ഗവാസ്‌കര്‍ (47), മുഹമ്മദ് അസ്ഹറുദ്ദീന്‍ (47) എന്നിങ്ങനെ നീളുന്നതാണ് ആ നിര. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ധോണിയില്‍ നിന്നും 2014ലാണ് കോഹ്ലി ഏറ്റെടുക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആയിരുന്നു ക്യാപ്റ്റനായി കോഹ്ലി ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്.
Published by: Sarath Mohanan
First published: June 20, 2021, 1:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories