• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്ലി പെരുമാറുന്നത് കളിക്കൂട്ടുകാരനെ പോലെ'; വിരാട് കോഹ്ലിയുമായുള്ള സൗഹൃദം വെളിപ്പെടുത്തി മുഹമ്മദ് ഷമി

'കോഹ്ലി പെരുമാറുന്നത് കളിക്കൂട്ടുകാരനെ പോലെ'; വിരാട് കോഹ്ലിയുമായുള്ള സൗഹൃദം വെളിപ്പെടുത്തി മുഹമ്മദ് ഷമി

കളിക്കാര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ് അദ്ദേഹമെന്നും ഒരു കൂട്ടുകാരനെപ്പോലെയാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിരാട് കോഹ്ലി, മുഹമ്മദ് ഷമി

വിരാട് കോഹ്ലി, മുഹമ്മദ് ഷമി

  • Share this:
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയേയും താരത്തിന്റെ വ്യക്തിത്വത്തേയും പുകഴ്ത്തി ഇന്ത്യന്‍ ടീമംഗമായ പേസര്‍ മുഹമ്മദ് ഷമി. കളിക്കാര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ് അദ്ദേഹമെന്നും ഒരു കൂട്ടുകാരനെപ്പോലെയാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും പേസ് ബൗളിങ് യൂണിറ്റിന് മുകളില്‍ കോലി നല്‍കാറില്ലെന്നും തന്റെ ബൗളിങ് യൂണിറ്റിന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും കോഹ്ലി നല്‍കാറുണ്ടെന്നും ഷമി പറയുന്നു.

'ഞങ്ങളുടെ പ്ലാനുകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ അദ്ദേഹം ഇടപെടാറുള്ളൂ. അല്ലെങ്കില്‍ ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഞങ്ങള്‍ക്കു ഇഷ്ടമുള്ളതു പോലെ ബൗള്‍ ചെയ്യാന്‍ കോഹ്ലി സ്വാതന്ത്ര്യം നല്‍കാറുണ്ട്. ടീമംഗങ്ങള്‍ക്കു എല്ലായ്പ്പോഴും പിന്തുണ നല്‍കുന്ന മികച്ച ക്യാപ്റ്റനാണ് അദ്ദേഹം.' ഷമി വിശദമാക്കി.

Also Read-ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ കുല്‍ദീപ് സ്ഥാനമര്‍ഹിച്ചിരുന്നു പക്ഷേ ഒഴിവാക്കപ്പെട്ടു; രാഹുല്‍ ദ്രാവിഡ്

'ഞാനുള്‍പ്പെടെ ടീമിലെ ഒരു താരത്തെയും അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കാന്‍ കോഹ്ലി ശ്രമിക്കാറില്ല. സാധാരണയായി ഒരു ക്യാപ്റ്റനെ സമീപിക്കുമ്പോള്‍ ഏതൊരു ബൗളര്‍ക്കുമുള്ള സംശയമാണിത്. പക്ഷെ കോഹ്ലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു ജാഡയുമില്ലാതെ തമാശകള്‍ പറഞ്ഞ് കൂട്ടുകൂടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനെപ്പോലെയാണ് കോഹ്ലി ഞങ്ങളോടൊപ്പം തമാശ പങ്കിടാറുള്ളത്. ചില സമയങ്ങളില്‍ കാര്‍ക്കശ്യത്തോടെ സംസാരിക്കാറുണ്ട്. എന്നാല്‍ അത് അപ്പോഴത്തെ സാഹചര്യത്തില്‍ സംസാരിക്കുന്നതാണ്. രാജ്യത്തിന് വേണ്ടി കഠിനധ്വാനം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള സംസാരങ്ങളുണ്ടാകും. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കില്‍ എന്നോടുവന്ന് പറയാം. ഞാന്‍ അത് അംഗീകരിക്കും.' ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഷമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലാണ്. 60 മല്‍സരങ്ങളില്‍ 36ലും ടീമിനു വിജയം നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോഹ്ലിക്കു കീഴില്‍ ഇന്ത്യയുടെ ടെസ്റ്റിലെ വിജയശരാശരി 60 ശതമാനമാണ്.

Also Read-അശ്വിനെയും ജഡേജയെയും ഇന്ത്യക്ക് ഒരുമിച്ച് കളിപ്പിക്കാനാകും; വിശദീകരണവുമായി രാഹുൽ ദ്രാവിഡ്‌

ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് കോഹ്ലിക്കു കീഴില്‍ ഇന്ത്യ അടുത്തതായി ഇറങ്ങുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള കോഹ്ലി നയിക്കുന്ന ടീമിലേക്കു ഒരു ഇടവേളക്ക് ശേഷം പരുക്ക് ഭേദമായ ഷമി തിരിച്ചെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമവസാനത്തില്‍ നടന്ന ഓസീസ് പര്യടനത്തിലാണ് ഷമി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി 20 പരമ്പരകളിലും ഷമി കളിച്ചിരുന്നില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനു വേണ്ടി കളിച്ചാണ് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിച്ചുവന്നത്.
Published by:Jayesh Krishnan
First published: