HOME /NEWS /Sports / അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി വിരാട് കോഹ്ലി

അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി വിരാട് കോഹ്ലി

Virat-Kohli

Virat-Kohli

2011 ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കോഹ്ലി ഇപ്പോള്‍ തന്റെ 92ആം ടെസ്റ്റ് മത്സരമാണ് കളിക്കുന്നത്.

  • Share this:

    സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലൂടെ ഒരു പിടി നേട്ടങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഫൈനലിന്റെ ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ലെങ്കിലും മത്സരത്തിന്റെ മൂന്നാം ദിനത്തിലൂടെ കോഹ്ലി തന്റെ ടെസ്റ്റ് കരിയറില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2011 ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കോഹ്ലി ഇപ്പോള്‍ തന്റെ 92ആം ടെസ്റ്റ് മത്സരമാണ് കളിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ 19 റണ്‍സിന് പുറത്തായ താരം ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാത്രം 27 സെഞ്ച്വറികള്‍ അടക്കം 7354 റണ്‍സാണ് നേടിയിരിക്കുന്നത്.

    ഇതു കൂടാതെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐ സി സിയുടെ എല്ലാ ടൂര്‍ണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരമെന്ന തകര്‍പ്പന്‍ റെക്കോര്‍ഡാണ് താരം പോക്കറ്റിലാക്കിയ ഒന്നാമത്തെ നേട്ടം. 2008 ല്‍ നടന്ന ഐ സി സി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചാണ് കോഹ്ലി ഈ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 2011ലെ ഏകദിന ലോകകപ്പ് ഫൈനലിന്റെയും ഭാഗമായി. ഈ ഫൈനലില്‍ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും കോഹ്ലി ടീമിന്റെ ഭാഗമായി. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 34 പന്തില്‍ 43 റണ്‍സ് നേടി മികച്ച പ്രകടനം താരം പുറത്തെടുത്തു.

    2014 ല്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 58 പന്തില്‍ നിന്നും 77 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കോഹ്ലി പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 2017 ല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു. ഇപ്പോഴിതാ പ്രഥമ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും ഭാഗമായിരിക്കുകയാണ് കിങ്ങ് കോഹ്ലി.

    ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് മൂന്നാമത്തെത്. ധോണിയെ മറികടന്നാണ് താരം ഇത് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് ഇറങ്ങിയതോടെയാണ് ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയായത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ 61ആം ടെസ്റ്റായിരുന്നു ഇത്. ധോണി 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചതായിരുന്നു നിലവിലെ റെക്കോര്‍ഡ്. കോഹ്ലിയും ധോണിയും കഴിഞ്ഞാല്‍ സൗരവ് ഗാംഗുലി (49), സുനില്‍ ഗവാസ്‌കര്‍ (47), മുഹമ്മദ് അസ്ഹറുദ്ദീന്‍ (47) എന്നിങ്ങനെ നീളുന്നതാണ് ആ നിര. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ധോണിയില്‍ നിന്നും 2014ലാണ് കോഹ്ലി ഏറ്റെടുക്കുന്നത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ആയിരുന്നു ക്യാപ്റ്റനായി കോഹ്ലി ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്.

    First published:

    Tags: Test cricket, Virat kohli, World test championship final, WTC Final