• HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയത്തെ പിന്നിലാക്കി കിംഗ് കോഹ്ലി; റണ്‍വേട്ടയില്‍ ചരിത്രനേട്ടം

Virat Kohli |സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയത്തെ പിന്നിലാക്കി കിംഗ് കോഹ്ലി; റണ്‍വേട്ടയില്‍ ചരിത്രനേട്ടം

ഏകദിന ക്രിക്കറ്റ് റണ്‍വേട്ടയില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

  • Share this:
    ഏകദിന ക്രിക്കറ്റ് റണ്‍വേട്ടയില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli). ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ കോഹ്ലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കി.

    108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സ് നേടിക്കൊണ്ടാണ് ഏകദിന റണ്‍വേട്ടയില്‍ കോഹ്ലി വിദേശത്തും ഇന്ത്യയുടെ കിംഗായത്. വിദേശത്ത് കോഹ്ലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്ന് 5065 റണ്‍സാണ് നേടിയത്. 145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്ത സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.


    അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. 149 മത്സരങ്ങളില്‍ 5518 റണ്‍സാണ് സംഗക്കാരയുടെ സമ്പാദ്യം. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോഹ്ലി ഇപ്പോള്‍ പിന്നിലാക്കി.

    കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യാന്തര സെഞ്ചുറി ഇല്ലെങ്കിലും ഏകദിന ക്രിക്കറ്റില്‍ സച്ചിന് പോലും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡുകള്‍ ഇപ്പോള്‍ കോഹ്ലിയുടെ പേരിലുണ്ട്. കരിയറില്‍ 43 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള കോഹ്ലി ഇതില്‍ 20ഉം നേടിയത് വിദേശത്താണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികള്‍ മാത്രമാണ് വിദേശത്തുള്ളത്. റിക്കി പോണ്ടിംഗിനും കുമാര്‍ സംഗക്കാരക്കും വിദേശത്ത് 10 സെഞ്ചുറികള്‍ വീതമുണ്ട്.
    Published by:Sarath Mohanan
    First published: