നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നിങ്ങളുടെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും; ശാസ്ത്രിക്കും സംഘത്തിനും നന്ദി പറഞ്ഞ് കോഹ്ലി

  നിങ്ങളുടെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും; ശാസ്ത്രിക്കും സംഘത്തിനും നന്ദി പറഞ്ഞ് കോഹ്ലി

  ഇന്ത്യൻ ടീമിനൊപ്പം ഒരുപിടി അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ശാസ്ത്രിയും സംഘവും പടിയിറങ്ങുന്നത്.

  (Image: Virat Kohli, Twitter)

  (Image: Virat Kohli, Twitter)

  • Share this:
   ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (Indian Cricket team) പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുന്ന രവി ശാസ്ത്രിക്കും (Ravi Shastri) സംഘത്തിനും നന്ദി പറഞ്ഞ്‌ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli). ഇന്ത്യന്‍ ടീമിനെ മികച്ച ടീമാക്കി മാറ്റുന്നതിനായി ശാസ്ത്രിയു൦ സംഘവും നൽകിയ സംഭാവനകളെ പ്രകീർത്തിച്ചും കോഹ്ലി സംസാരിച്ചു. ട്വിറ്ററിൽ (Twitter) തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച ട്വീറ്റിലാണ് കോഹ്ലി ശാസ്ത്രിക്കും സംഘത്തിനും തന്റെ നന്ദി അറിയിച്ചത്.

   "ഒരു ടീമെന്ന നിലയിൽ നിങ്ങളോടൊപ്പം സ്വന്തമാക്കിയ നേട്ടങ്ങൾക്കും ഒപ്പം ഇക്കാലയളവിൽ ഇന്ത്യ നടത്തിയ അവിസ്മരണീയ മുന്നേറ്റങ്ങൾക്കും നന്ദി. ഇതിനായി നിങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അത് എന്നും ഓര്‍മ്മിക്കപ്പെടും." വിരാട് കോഹ്ലി കുറിച്ചു.

   ഇന്ത്യയുടെ പരിശീലകരായുള്ള കരാർ അവസാനിച്ചതോടെയാണ് ശാസ്ത്രിയും സംഘവും പടിയിറങ്ങുന്നത്. ഇന്ത്യയുടെ പരിശീലക വേഷത്തിൽ അവസാന ടൂർണമെന്റായ ടി20 ലോകകപ്പിൽ കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ ശാസ്ത്രിക്ക് കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പം ഒരുപിടി അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ശാസ്ത്രിയും സംഘവും പടിയിറങ്ങുന്നത്.


   ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ വെച്ച് ഇന്ത്യ ഏറെക്കാലത്തിന് ശേഷം ടെസ്റ്റ് പരമ്പര നേടിയത് ശാസ്ത്രി പരിശീലകനായ കാലയളവിലായിരുന്നു. ഇതിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു ടെസ്റ്റ് ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും, പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിൽ തന്നെ ഫൈനൽ വരെയെത്തിയ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ ശാസ്ത്രിയുടെയും സംഘത്തിന്റെയും സംഭാവനകൾ വളരെ വലുതായിരുന്നു. ടെസ്റ്റ് ഫോർമാറ്റുകളിലേത് പോലെ പരിമിത ഓവർ ക്രിക്കറ്റിലും ഇന്ത്യൻ ടീമിന്റെ നേട്ടങ്ങളിൽ ഇവർക്ക് നിർണായക പങ്കുണ്ടായിരുന്നു.

   ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ സ്ഥിരതയാർന്ന പ്രകടനം നടത്തിയിരുന്നെങ്കിലും കിരീടങ്ങൾ നേടാനാകാതെ പോയത് മാത്രമാണ് ഇവരുടെ കുറവായി വിലയിരുത്തപ്പെട്ടത്. 2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോടും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടും ഇന്ത്യ തോൽവി വഴങ്ങിയില്ലായിരുന്നുവെങ്കിൽ ഈ കുറവ് ശാസ്ത്രിക്കും സംഘത്തിനും നികത്താൻ കഴിയുമായിരുന്നു.

   ശാസ്ത്രിയുടെ പകരക്കാരനായി മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ താത്ക്കാലിക പരിശീലകനായി ചുമതലയേറ്റ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിലൂടെ ഇന്ത്യയുടെ സ്ഥിരം പരിശീലകനായി സ്ഥാനമേൽക്കും. ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ച വാർത്ത ബിസിസിഐ അടുത്തിടെ പുറത്തുവിട്ടിരുന്നു.

   നവംബര്‍ 17 മുതല്‍ ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പരമ്പരയിൽ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാകുന്നത് രോഹിത് ശര്‍മ്മയാണ്. ടി20 ലോകകപ്പിന് ശേഷം കോഹ്ലി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ന്യൂസിലൻഡുമായി മൂന്ന് ടി20 മല്സരങ്ങൾ കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
   Published by:Naveen
   First published:
   )}