ഐപിഎൽ മത്സരത്തിനിടെയുണ്ടായ തർക്കങ്ങളുടെ പേരിൽ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ലക്നൗ മെന്റർ ഗൗതം ഗംഭീറിനുമെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയാണ് വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇവർ ഫീസ് മുഴുവനും പിഴയിനത്തിൽ അടക്കേണ്ടി വരും.
ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ബംഗളൂരുവിലെ ആരാധകരോട് വായടക്കൂ എന്ന തരത്തില്‍ ഗംഭീര്‍ ആംഗ്യം കാട്ടിയിരുന്നു. ഇത് സ്വാഭാവികമായും ആര്‍സിബി ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. അന്നത്തെ മൽസരത്തിൽ ജയിച്ചത് ലക്നൗ ആണ്. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ നടന്നതെന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ മത്സരം വിജയിച്ചപ്പോൾ ഗംഭീർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണിച്ച അതേ ആംഗ്യം കോഹ്‍ലിയും കാണിച്ചിരുന്നു.
എന്നാൽ ഇപ്പോഴത്തെ വഴക്കിന് തുടക്കം കുറിച്ചത് ഗംഭീറും കോഹ്ലിയുമല്ല. യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് വിശദമായി അറിയാം.
വഴക്കിന് തുടക്കം കുറിച്ചത് മുഹമ്മദ് സിറാജും നവീൻ ഉൽ ഹഖും
ലക്നൗ ബാറ്റ് ചെയ്യുന്നതിനിടെയുള്ള 17-ാം ഓവറിലാണ് സംഭവങ്ങളുടെ തുടക്കം. തൊട്ടുമുൻപുള്ള ഓവർ എറിഞ്ഞ് പൂര്‍ത്തിയാക്കി സിറാജ് മടങ്ങുമ്പോള്‍ നവീന്‍ ക്രീസില്‍ തന്നെ ഉണ്ടായിരുന്നു. ഈ സമയത്ത് സ്റ്റംപിലേക്ക് അനാവശ്യമായി സിറാജ് പന്തെറിയുകയായിരുന്നു. പിന്നാലെ നവീനെ തുറിച്ചു നോക്കുകയും ചെയ്തു. നവീനും സിറാജും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കോഹ്ലി ഇടപെട്ടത്. ലക്നൗ ബാറ്റ്സ്മാൻ, അമിത് മിശ്ര കോഹ്‌ലിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മിശ്രയോടും കോഹ്ലി കയർത്തു. ഇതിനിടെ, അംപയർമാർക്ക് ഇടപെടേണ്ടി വന്നു. ഈ വഴക്ക് മൽസരശേഷവും രൂക്ഷമായി.
Also Read- കോഹ്ലി മാത്രമല്ല, അഫ്ഗാൻ താരം നവീൻ ഉൽ ഹഖുമായി കളിക്കളത്തിൽ ഇടഞ്ഞ ക്രിക്കറ്റ് താരങ്ങൾ വേറെയും
മത്സരത്തിന് ശേഷവും ഗ്രൗണ്ടിൽ നടന്നത് നാടകീയ രംഗങ്ങളാണ്. മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കോലിയും നവീൻ ഉൽ ഹഖും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീറും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കോഹ്ലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ലക്നൗ ക്യാപ്റ്റൻ കെ എല്‍ രാഹുൽ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.
സംഭവത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കനത്ത മുഖത്തോടെ ഗൗതം ഗംഭീർ കോഹ്ലിക്ക് കൈകൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോഹ്ലി മാറി നിൽക്കാൻ ശ്രമിച്ചെങ്കിലും ഗംഭീർ വിടാതെയെത്തി തർക്കം തുടർന്നു.
Also Read- IPL 2023| മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ
സംഭവത്തെത്തുടർന്ന്, ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗംഭീറിനും കോഹ്ലിക്കും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനം മാച്ച് ഫീ പിഴയായി ചുമത്തി.
മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 18 റൺസിനാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് തോൽപിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലക്നൗവിനെ ബാംഗ്ലൂർ ബൗളർമാർ 108 റൺസിലൊതുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.