ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SA vs IND) ഏകദിന പരമ്പരയിൽ (ODI Series) വിരാട് കോഹ്‌ലി (Virat Kohli) കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു. പുറംവേദനയെ തുടര്‍ന്ന് മത്സരം നഷ്ടമായ താരത്തിന് പകരം കെ എൽ രാഹുലാണ് (K L Rahul) രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ പരിക്ക് മൂലം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് (Rohit Sharma) ഏകദിന പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കോഹ്ലി കൂടി പിന്മാറിയാൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും.
ക്യാപ്റ്റൻസി വിവാദം കത്തിനിന്നിരുന്ന സമയത്ത് തന്നെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ കോഹ്ലി കളിച്ചേക്കില്ല എന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവിടാൻ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള നല്‍കണമെന്ന് കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് അന്ന് പുറത്തുവന്നത്. എന്നാല്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കോഹ്ലി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ വീണ്ടും കോഹ്‌ലിയുടെ പിന്മാറ്റം ചർച്ചയാവുകയാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിൽ ആദ്യ ഏകദിനം ജനുവരി 19ന് പാർളിൽ വെച്ച് നടക്കും. പിന്നീട് 21, 23 തീയതികളിലായി രണ്ടും മൂന്നും ഏകദിനങ്ങൾ നടക്കും. രോഹിത് ശർമ പിന്മാറിയതിനാൽ കെ എൽ രാഹുലാണ് ഇന്ത്യയെ ഏകദിന പരമ്പരയിൽ നയിക്കുന്നത്.
കോഹ്‌ലിയുടെ 100-ാ൦ ടെസ്റ്റ് ചിന്നസ്വാമിയിൽ?
ക്രിക്കറ്റ് കരിയറിൽ 100 ടെസ്റ്റ് മത്സരങ്ങൾ എന്ന നേട്ടത്തിന് അരികിൽ നിൽക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ കോഹ്ലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ആയിരുന്നു താരത്തിന്റെ 100-ാ൦ ടെസ്റ്റ് മത്സരം ആകേണ്ടിയിരുന്നത്. എന്നാൽ പരിക്ക് മൂലം വാണ്ടറേഴ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് നഷ്ടമായതോടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കരിയറിൽ 100 ടെസ്റ്റുകൾ എന്ന നേട്ടം കോഹ്‌ലിക്ക് തികയ്ക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ആയിരിക്കും കോഹ്‌ലിയുടെ 100-ാ൦ ടെസ്റ്റ്. ഇതിനായി താരത്തിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും.
Summary : Virat Kohli likely to miss the ODI series against South Africa - Report
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs South Africa, Indian cricket team, Virat kohli