ടി20 ലോകകപ്പിലെ(T20 World Cup) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഏറ്റ തോല്‍വിയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല എന്നാണ് മത്സരശേഷം കോഹ്ലി പറഞ്ഞു.
'ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല. താരങ്ങളില്‍ നിന്ന് അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉള്‍ക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല' കോഹ്ലി മത്സരശേഷം പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ് സഖ്യമാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.
ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. 35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസ് സ്കോറിങ്ങിന് അടിത്തറ പാകിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചലിനായി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു.
സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന് കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്(4) മിച്ചലിന്റെ കൈകളിലെത്തി. മൂന്നാമന് രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി.
നേരിട്ട ആദ്യ പന്തില്‍ ജീവന് ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന് വിരാട് കോഹ്ലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15ആം ഓവറില്‍ മില്‍നേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ആറാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്റെ 19ആം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ താക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.