നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇംഗ്ലണ്ടില്‍ തിളങ്ങണമെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണം'; വിരാട് കോഹ്ലി

  'ഇംഗ്ലണ്ടില്‍ തിളങ്ങണമെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണം'; വിരാട് കോഹ്ലി

  ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഒരു സമയത്തും ബാറ്റ്സ്മാന്‍ നിലയുറപ്പിച്ചുവെന്ന് പറയാനാകില്ലെന്നും കോഹ്ലി പറഞ്ഞു.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ലോഡ്സ് ടെസ്റ്റ് സമ്മാനിച്ച ആവേശം അത്രയും വലുത് തന്നെയായിരുന്നു. ലീഡ് ഉയര്‍ത്താന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ തങ്ങളുടെ തറവാട്ട്മുറ്റത്ത് വഴങ്ങിയ തോല്‍വിക്ക് മറുപടി പറയാന്‍ ഉറച്ചാകും റൂട്ടും സംഘവും എത്തുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. മൂന്നാം ടെസ്റ്റിന് മുന്‍പായി പത്രസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.

   അതേസമയം ക്യാപ്റ്റന്‍സിയിലെ ആക്രമണശൈലി ബാറ്റിംഗില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 62 റണ്‍സ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം. ഇപ്പോഴിതാ ബാറ്റ്സ്മാനെന്ന നിലയില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ തിളങ്ങണമെങ്കില്‍ സ്വന്തം ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് പറയുകയാണ് വിരാട് കോഹ്ലി.

   ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഒരു സമയത്തും ബാറ്റ്സ്മാന്‍ നിലയുറപ്പിച്ചുവെന്ന് പറയാനാകില്ലെന്നും കോഹ്ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാനാവാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കോഹ്ലി മറുപടി നല്‍കിയത്.

   'പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങേണ്ടിവരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ 30-40 റണ്‍സ് സ്‌കോര്‍ ചെയ്താലും ഒരു ബാറ്റ്സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തില്‍ അയാളുടെ ഷോട്ടുകള്‍ അനായാസം കളിക്കാനാവില്ല. ആദ്യ 30 റണ്‍സെടുക്കാന്‍ ഏത് രീതിയില്‍ ബാറ്റ് ചെയ്തോ അതേ രീതി തന്നെ അടുത്ത 30 റണ്‍സിലും പിന്നീടും തുടരേണ്ടിവരും. എന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു.'- കോഹ്ലി പറഞ്ഞു.

   തുടക്കത്തിലെ ക്ഷമയോടെ ഇന്നിംഗ്സ് മുഴുവന്‍ കളിച്ചാലെ ഇംഗ്ലണ്ടില്‍ റണ്‍സെടുക്കാന്‍ കഴിയുകയുള്ളുവെന്നും ബാറ്റ് ചെയ്യാന്‍ ലോകത്തേറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേതെന്നും കോഹ്ലി പറഞ്ഞു.

   അതേസമയം മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സജീവമായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വെളിപ്പെടുത്തി. ഒരു ടെസ്റ്റ് മത്സരം ജയിച്ച ടീമില്‍ നിന്നും മാറ്റങ്ങള്‍ നടത്തുവാനായി താന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ വിരാട് കോഹ്ലി ആരെങ്കിലും ഗുരുതര പരിക്കിന്റെ പിടിയിലായാല്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ പ്ലെയിംഗ് ഇലവനില്‍ ഒരു മാറ്റത്തിനായി സാധ്യതകളുള്ളൂ എന്നും വിശദമാക്കി. നിലവില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ആര്‍ക്കും പരിക്കിന്റെ ആശങ്കകള്‍ ഇല്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.

   'മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമില്‍ എന്തേലും മാറ്റങ്ങള്‍ വരുത്തേണ്ട ഒരു ആവശ്യവും ഇല്ല. എന്തിനാണ് ജയിച്ച ടീമില്‍ മാറ്റങ്ങള്‍. ആര്‍ക്കും പരിക്കില്ല എങ്കില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ച സെയിം ടീമാകും ലീഡ്‌സില്‍ കളിക്കാനായിട്ടും എത്തുക'- കോഹ്ലി പറഞ്ഞു.

   അതേസമയം മൂന്നാം മത്സരം നടക്കുന്ന ലീഡ്‌സിലെ പിച്ച് തന്നെ ഏറെ അമ്പരപ്പിച്ചതായി പറഞ്ഞ വിരാട് കോഹ്ലി താന്‍ അല്‍പ്പം കൂടി പുല്ലുകള്‍ പിച്ചില്‍ പ്രതീക്ഷിച്ചിരുന്നതായി തുറന്ന് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും നമ്മുടെ ഓപ്പണിങ് ജോഡി നല്‍കിയ തുടക്കം ജയത്തിലേക്കുള്ള വഴിയായി മാറി എന്നും കോഹ്ലി വിശദീകരിച്ചു.
   Published by:Sarath Mohanan
   First published:
   )}