HOME » NEWS » Sports » VIRAT KOHLI SAYS DECISION TO INCLUDE TWO SPINNERS IN THE FINAL WAS NOT A FAILURE

ഫൈനലില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ തീരുമാനമല്ല പാളിയത്: വിരാട് കോഹ്ലി

ന്യൂസിലന്‍ഡ് 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ഏക സ്പിന്നറായ അജാക്‌സ് പട്ടേലിനെ പോലും പുറത്തിരുത്തിയപ്പോഴും ഇന്ത്യന്‍ ടീം അശ്വിനെയും ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: June 24, 2021, 3:32 PM IST
ഫൈനലില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ തീരുമാനമല്ല പാളിയത്: വിരാട് കോഹ്ലി
Virat Kohli
  • Share this:
ലോക പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തുകൊണ്ട് കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ ജയം സമ്മാനിച്ചത്. 32 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 41 റണ്‍സ് നേടിയ റിഷഭ് പന്താണ്  ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ടിം സൗത്തി നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും കെയ്ല്‍ ജാമിസണ്‍ 2 വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്സില്‍ നിന്നുമായി ഏഴ് വിക്കറ്റ് നേടിയ കെയ്ല്‍ ജാമിസണാണ് മാന്‍ ഓഫ് ദി മാച്ച്.

സതാംപ്ടണിലെ പേസിനെ തുണക്കുന്ന പിച്ചുകളില്‍ രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങിയ ഇന്ത്യയുടെ ടീം സെലക്ഷന് എതിരെ മത്സരത്തിന് മുന്നേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസിലന്‍ഡ് 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ഏക സ്പിന്നറായ അജാക്‌സ് പട്ടേലിനെ പോലും പുറത്തിരുത്തിയപ്പോഴും ഇന്ത്യന്‍ ടീം അശ്വിനെയും ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അശ്വിന്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും നാല് വിക്കറ്റുകള്‍ പിഴുതപ്പോള്‍ വെറും ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് നേടാന്‍ കഴിഞ്ഞത്. ബാറ്റിങ്ങിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ ടീം സെലക്ഷന്‍ പാളിയിട്ടില്ലെന്ന് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

പൊതുവെ പേസ് ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ ഇന്ത്യയുടെ സെലക്ഷന്‍ പാളിയിട്ടിലെന്നാണ് കോഹ്ലിയുടെ വിശദീകരണം. 'നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ വേണം. നിര്‍ഭാഗ്യവശാല്‍ നമുക്ക് അത് ഇല്ലാതെ പോയി. ഇതാണ് ഞങ്ങളുടെ മികച്ച കോമ്പിനേഷനെന്നാണ് ഞങ്ങള്‍ കരുതിയത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഈ കോമ്പിനേഷനില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. മികച്ച ബാറ്റിങ് ഡെപ്തും ഈ കോമ്പിനേഷനില്‍ ടീമിനുണ്ടായിരുന്നു. മത്സരത്തില്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമായിരുന്നു. ആദ്യ ദിനത്തില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് നമുക്ക് നഷ്ട്ടപെട്ടത്. തടസ്സങ്ങളില്ലാതെ കളി നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ നമുക്ക് സാധിച്ചേനെ. എന്നാല്‍ കിവീസ് ബൗളര്‍മാര്‍ അവരുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുകയും ഞങ്ങളെ പിന്നിലാക്കുകയും ചെയ്തു.'- കോഹ്ലി വിശദമാക്കി.

സ്വിങ്ങ് ബോളിങ്ങിന് അനുകൂലമായ പിച്ചുകളില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്താത്തതില്‍ തുടക്കത്തിലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷര്‍ദുല്‍ ടാക്കൂറിനെയും ടീമിലെടുക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസിലന്‍ഡിനോട് ഫൈനലില്‍ പരാജയപ്പെട്ടതോടെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുകയാണ്. മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജാഡേജയെ പുറത്തിരുത്തി ബാറ്റിങ്ങില്‍ സാങ്കേതികമായി മികവ് പുലര്‍ത്തുന്ന ഹനുമാ വിഹാരിയെ പരിഗണിക്കണമായിരുന്നെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.
Published by: Sarath Mohanan
First published: June 24, 2021, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories