ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും നിലവില്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയ രോഹിത് ശര്‍മ്മ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിത്തിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായും ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏകദിന, ടി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ കോഹ്ലി രോഹിതുമായും, ഇന്ത്യന്‍ ടീം മാനേജ്മെന്റുമായും ദീര്‍ഘനേരം ചര്‍ച്ച നടത്തിയതായും, വരും മാസങ്ങളില്‍ കോഹ്ലി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായിത്തീരാന് കോഹ്ലി ആഗ്രഹിക്കുന്നുവെന്നും അതിന് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാല്‍ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ കോഹ്ലി എത്തിച്ചേരുകയായിരുന്നുവെന്നാണ് ബി സി സി ഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.
നീണ്ട എട്ട് വര്‍ഷമായി ഇന്ത്യക്ക് ഐ സി സിയുടെ പ്രധാന ട്രോഫിയില്‍ ഒന്നിലും മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. 2013ല്‍ ധോണി നായകനായിരിക്കെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും ഇനിയും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യക്ക് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന നായകനാണ് വിരാട് കോഹ്ലി. 2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിക്ക് കൈ മാറുന്നത് 2017ലാണ്.
കുറേ നാളുകളായി കോഹ്ലിയുടെ അക്കൗണ്ടില്‍ സെഞ്ച്വറികളും പിറന്നിട്ടില്ല. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഉയര്‍ന്ന സ്കോറുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അര്‍ദ്ധസെഞ്ച്വറികള്‍ സെഞ്ച്വറി ആക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് താരം പോക്കറ്റിലാക്കിയിട്ടുള്ളത്.
സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വന്നാല്‍ ഇന്ത്യന്‍ ടീമിന് അത് ഗുണകരവും ദോഷകരവും ആകുമെന്ന് അഭിപ്രായങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ട്,ഓസ്ട്രേലിയ തുടങ്ങിയ ടീമുകളിലെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഫലപ്രദമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തിലും സംസ്കാരത്തിലും അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഫലം നിര്‍ണ്ണായകമാവും. ഇത്രയും മികച്ച ടീമുണ്ടായിട്ടും കിരീടത്തിലേക്കെത്താനായില്ലെങ്കില് കോഹ്ലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നേക്കും. രോഹിതിനെപ്പോലൊരു പ്രതിഭാശാലിയായ നായകന് ടീമിലുള്ളതിനാല്‍ കോഹ്ലിക്ക് നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.