നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli| ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി

    Virat Kohli| ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി

    ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി.

    Virat Kohli

    Virat Kohli

    • Share this:
      അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി. കോഹ്ലിയുടെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമമിട്ടത്. കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമയായിരിക്കും താരത്തിന് പകരം സ്ഥാനമേൽക്കുക.

      'ജോലിഭാരം മികച്ച രീതിയിൽ കൈകാര്യം ചെയ്യുക എന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അതിൽ അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20യിൽ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി തന്നെ ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇനി ടീമിലെ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.' - കോഹ്ലി ട്വിറ്ററിൽ കുറിച്ചു.


      'തീർച്ചയായും ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനത്തിൽ എത്തിയത്. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപായി ടീം നേതൃത്വത്തിന്‍റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായിതുടര്‍ന്നും കഴിവിന്‍റെ പരമാവധി പുറത്തെടുക്കും.' - കോഹ്ലി കൂട്ടിച്ചേർത്തു.

      നേരത്തെ, വിരാട് കോഹ്ലി ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും നിലവില്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയ രോഹിത് ശര്‍മ ചുമതലയേല്‍ക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിത്തിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായും ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.

      Also read- Indian Cricket Team| രവി ശാസ്ത്രി തുടരില്ല; സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

      2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിക്ക് കൈ മാറുന്നത് 2017ലാണ്. ക്യാപ്റ്റൻ കൂൾ ധോണിയുടെ കീഴിൽ നിന്നും ഇന്ത്യയുടെ കടിഞ്ഞാൺ ഏറ്റെടുത്ത കോഹ്ലി ഇന്ത്യൻ ടീമിന് നൽകിയത് അങ്ങേയറ്റം അക്രമണോൽസുകമായ ശൈലിയായിരുന്നു. തന്റെ മുഖമുദ്രയായ ഈ ശൈലി ടീമിന്റെ കൂടി മുഖമുദ്രയാക്കിയെടുക്കുകയായിരുന്നു താരം. ടി20യിൽ 45 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി 27 മത്സരങ്ങളിൽ ടീമിന് ജയം നേടിക്കൊടുത്തു. 14 എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ട് വീതം മത്സരങ്ങൾ ടൈയിലും ഫലം കാണാതെയും അവസാനിക്കുകയായിരുന്നു.
      Published by:Naveen
      First published:
      )}