• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | കോഹ്ലി ബാറ്ററെ കബളിപ്പിക്കാൻ ശ്രമിച്ചോ? ഇന്ത്യൻ ടീമിനെതിരെ പരാതിയുമായി ബംഗ്ലാദേശ്

T20 World Cup | കോഹ്ലി ബാറ്ററെ കബളിപ്പിക്കാൻ ശ്രമിച്ചോ? ഇന്ത്യൻ ടീമിനെതിരെ പരാതിയുമായി ബംഗ്ലാദേശ്

ബാറ്ററെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ടീമിനെതിരെ നടപടി വേണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആവശ്യപ്പെടുന്നത്.

  • Share this:
ടി20 ലോകകപ്പിൽ അഡലെയ്ഡ് ഓവലിൽ നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 5 റൺസിന് പരാജയപ്പെടുത്തിയതിൻെറ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മഴ മൂലം കളി തടസ്സപ്പെട്ടതിനെ തുടർന്ന് ഡെക്ക്വർത്ത് ലൂയീസ് നിയമപ്രകാരം മാറ്റി നിശ്ചയിച്ച വിജയലക്ഷ്യം അനുസരിച്ചാണ് ബംഗ്ലാദേശ് കളിച്ചത്. ഇന്ത്യയുടെ ശക്തമായ ബോളിങ് പ്രകടനത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ അവർ പരാജയപ്പെടുകയായിരുന്നു.

മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ബംഗ്ലാദേശി വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസൻ. നനഞ്ഞ ഔട്ട് ഫീൽഡിൽ കളിക്കാൻ നായകൻ ഷാക്കിബ് അൽ ഹസൻ വിസമ്മതിച്ചിരുന്നുവെന്ന് നൂറുൽ പറഞ്ഞു. മത്സരം തുടരാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്നായിരുന്നു ബംഗ്ലാദേശ് നായകൻെറ വാദം.



മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വ്യാജ ത്രോയാണ് നൂറുൽ ഉന്നയിക്കുന്ന മറ്റൊരു വാദം. ബാറ്ററെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ടീമിനെതിരെ നടപടി വേണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആവശ്യപ്പെടുന്നത്. ഐസിസി നിയമപ്രകാരം പെനാൽറ്റിയായി 5 റൺസ് ഇന്ത്യൻ ടീമിൻെറ സ്കോറിൽ നിന്ന് കുറയ്ക്കണമെന്നുമാണ് ആവശ്യം. ഈ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നുവെങ്കിൽ മത്സരത്തിൻെറ ഫലം തന്നെ വ്യത്യസ്തമായി മാറുമായിരുന്നുവെന്നാണ് നൂറുൽ പറയുന്നത്.

ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിനെതിരെ വിക്കറ്റ് നഷ്ടപ്പെടാതെ ബംഗ്ലാദേശ് 66 റൺസെടുത്ത് നിന്നിരുന്ന സമയത്താണ് മഴ കളി തടസ്സപ്പെടുത്തിയത്. കളി പുനരാരംഭിക്കാമെന്ന തീരുമാനത്തോട് ഷാക്കിബിന് യോജിപ്പില്ലെന്നായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരം പുനരാരംഭിക്കണമെന്ന് നിർബന്ധം പിടിച്ചിരുന്നു. ഈ സമയത്ത് ഡെക്ക്വർത്ത് ലൂയീസ് നിയമപ്രകാരം ബംഗ്ലാദേശ് ഇന്ത്യയേക്കാൾ മുന്നിലായിരുന്നു.

Also Read-India vs Bangladesh| മഴ തുണച്ചു; 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

വ്യാജ ത്രോ വിവാദം സംഭവിക്കുന്നത് മത്സരത്തിൻെറ ഏഴാം ഓവറിലാണ്. ബംഗ്ലാദേശ് മത്സരം പുനരാരംഭിച്ച സമയത്തെ ഓവർ എറിഞ്ഞത് ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേലായിരുന്നു. ബംഗ്ലാദേശ് ബാറ്റർ ലിട്ടൺ ദാസ് ഡീപ് ഓഫ് സൈഡിലേക്ക് പന്ത് അടിച്ചകറ്റി. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങായിരുന്നു അവിടെ ഫീൽഡ് ചെയ്തിരുന്നത്. അർഷ്ദീപ് പന്തെടുത്ത് നേരെ കീപ്പർ ദിനേഷ് കാർത്തികിന് എറിഞ്ഞ് കൊടുത്തു. ഈ സമയത്ത് ഇവർക്കിടയിൽ നിന്നിരുന്ന വിരാട് കോഹ്ലി വ്യാജ ത്രോ അഭിനയിച്ച് ബാറ്ററെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വിഷയം ഉന്നയിക്കേണ്ട ഫോറത്തിൽ പരാതി നൽകാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻെറ തീരുമാനമെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ ഈ വിഷയം സംസാരിച്ചിട്ടുണ്ട്. എല്ലാവരും സംഭവങ്ങൾ ടിവിയിൽ കണ്ടതുമാണ്. വ്യാജ ത്രോയുടെ കാര്യം അമ്പയറെ അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് അവർ പറഞ്ഞത്. അത് കൊണ്ടാണ് റിവ്യൂ പോവാതിരുന്നത്. ഞങ്ങൾ നിലവിൽ വിഷയം കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോറത്തിൽ പരാതി ഉന്നയിക്കാനാണ് തീരുമാനം,” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ മുഹമ്മദ് ജലാൽ യൂനസ് പറഞ്ഞു.
Published by:Jayesh Krishnan
First published: