ഇന്റർഫേസ് /വാർത്ത /Sports / 'കോഹ്ലി തന്നെ ക്യാപ്റ്റൻ'; ലോകകപ്പിന് ശേഷം പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ

'കോഹ്ലി തന്നെ ക്യാപ്റ്റൻ'; ലോകകപ്പിന് ശേഷം പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ

virat kohli

virat kohli

ഇത്തരമൊരു കാര്യം ബിസിസിഐയുടെ പരി​ഗണനയിൽ പോലും വന്നിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി

  • Share this:

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും പകരം രോഹിത് ശർമ ക്യാപ്റ്റനായി എത്തുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തന്നെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ.

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിത്തിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായായിരുന്നു റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്‌മെൻറുമായി കോഹ്‌ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ച ചെയ്തുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇത്തരമൊരു കാര്യം ബിസിസിഐയുടെ പരി​ഗണനയിൽ പോലും വന്നിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതെല്ലാം തീർത്തും അസംബമായ കാര്യങ്ങളാണ്, അങ്ങനെ ഒന്നും സംഭവിക്കില്ല. ക്യാപ്റ്റന്‍സി വിഭജിക്കുന്നതിനെക്കുറിച്ച്‌ ബിസിസിഐയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, വിരാട് കോഹ്ലി തന്നെ മൂന്ന് ഫോര്മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരും.' - അദ്ദേഹം ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

Also read- വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; റിപ്പോര്‍ട്ട്

കോഹ്ലിയും രോഹിത്തും ക്യാപ്റ്റൻ സ്ഥാനം പങ്കിടുന്നത് നേരത്തെയും വലിയ ചര്‍ച്ചയായിട്ടുണ്ട്. 65 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 38 വിജയങ്ങളും 95 ഏകദിനങ്ങളില്‍ നിന്നായി 65 വിജയങ്ങളും 45 ടി20കളില്‍ നിന്നായി 29 വിജയങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിങ്ങിൽ കോഹ്‌ലിക്ക് താളം നഷ്‌ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലുൾപ്പെടെ കോഹ്‌ലിക്ക് ബാറ്റിങില്‍ കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല.

കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അര്‍ദ്ധസെഞ്ചുറികള്‍ സെഞ്ച്വറി ആക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് താരം പോക്കറ്റിലാക്കിയിട്ടുള്ളത്.

നീണ്ട എട്ട് വര്‍ഷമായി ഇന്ത്യക്ക് ഐ സി സിയുടെ പ്രധാന ട്രോഫിയില്‍ ഒന്നിലും മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. ഫൈനലിലും സെമിയിലും വരെ എത്തുന്ന പ്രകടനങ്ങൾ ഉണ്ടാകുമ്പോഴും അവയെ കിരീടത്തിലേക്ക് എത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത്തിന്റെ മികവാണ് ഇവിടെ വേണ്ടത് എന്ന് വാദിക്കുന്ന ഒരു സംഘം ആളുകൾ ഇന്ത്യൻ ടീമിന് സ്പ്ലിറ്റ് ക്യാപ്റ്റൻസി വേണമെന്ന അഭിപ്രായം ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്.

അതേസമയം, സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വന്നാല്‍ ഇന്ത്യന്‍ ടീമിന് അത് ഗുണകരവും ദോഷകരവും ആകുമെന്ന് അഭിപ്രായങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ട്,ഓസ്ട്രേലിയ തുടങ്ങിയ ടീമുകളിലെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഫലപ്രദമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തിലും സംസ്‌കാരത്തിലും അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഫലം നിര്‍ണ്ണായകമാവും. ഇത്രയും മികച്ച ടീമുണ്ടായിട്ടും കിരീടത്തിലേക്കെത്താനായില്ലെങ്കില്‍ കോഹ്ലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നേക്കും. രോഹിതിനെപ്പോലൊരു പ്രതിഭാശാലിയായ നായകന്‍ ടീമിലുള്ളതിനാല്‍ കോഹ്ലിക്ക് നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കും.

First published:

Tags: BCCI, India Cricket team, Rohit sharma, Virat kohli