WTC Final | സേവാഗിന്റെ കാത്തിരിപ്പ് രണ്ട് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനായി
WTC Final | സേവാഗിന്റെ കാത്തിരിപ്പ് രണ്ട് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനായി
ട്രെന്‍ഡ് ബോള്‍ട്ട്- ടിം സൗത്തി സഖ്യം ഇന്ത്യക്ക് വലിയ ഭീഷണിയാകും എന്നതില്‍ സംശയമില്ല. ബോള്‍ട്ട് ഓപ്പണിങ്ങ് സ്പെല്‍ എറിയുകയും രോഹിത് നിലയുറപ്പിക്കുകയും ചെയ്താല്‍ അത് കാഴ്ചയ്ക്ക് വിരുന്നാകുമെന്നത് ഉറപ്പാണ്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. കെയ്ന്‍ വില്യംസണ് നയിക്കുന്ന കരുത്തരായ ന്യൂസിലന്‍ഡ് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇരു ടീമുകളും തുല്യശക്തികള്‍ ആയതിനാല്‍ മത്സരം തീ പാറുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഇരു ടീമുകളും അവസാന വട്ട ഒരുക്കത്തിലാണ്. ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീം നിലവില്‍ നാല് ദിവസം നീണ്ടു നില്ക്കുന്ന ഇന്‍ട്രാ സ്ക്വാഡ് മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്. ഫൈനലിനായി ഇംഗ്ലണ്ടില്‍ നേരത്തേയെത്തിയ ന്യൂസിലന്‍ഡാകട്ടെ ഇംഗ്ലണ്ട് ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുകയാണ്.
ഫൈനല്‍ നിക്ഷ്പക്ഷമായ വേദിയില്‍ സംഘടിപ്പിച്ചിട്ടും അതിനു മുന്നോടിയായി ന്യൂസിലന്‍ഡ് ടീം ഇത്തരത്തില്‍ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഭയക്കാതെ ആത്മവിശ്വാസത്തോടെ ഫൈനല്‍ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചുകളില്‍ രണ്ട് ടീമുകളിലെയും സ്റ്റാര്‍ പേസര്‍മാര്‍ എന്തെല്ലാം മായാജാലങ്ങളാണ് കാണിക്കാന്‍ പോകുന്നതെന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആരെല്ലാം തമ്മിലുള്ള പോരാട്ടത്തിനായാണ് താന്‍ കാത്തിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിനെന്നാണ് വിരേന്ദര്‍ സേവാഗ് പറയുന്നത്. 'ട്രെന്‍ഡ് ബോള്‍ട്ട്- ടിം സൗത്തി സഖ്യം ഇന്ത്യക്ക് വലിയ ഭീഷണിയാകും എന്നതില്‍ സംശയമില്ല. പന്ത് ഇരുവശത്തേക്കും സ്വിങ്ങ് ചെയ്യിക്കാന്‍ മാത്രമല്ല, മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമാകും. ബോള്‍ട്ട്- രോഹിത് പോരാട്ടത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ബോള്‍ട്ട് ഓപ്പണിങ്ങ് സ്പെല്‍ എറിയുകയും രോഹിത് നിലയുറപ്പിക്കുകയും ചെയ്താല്‍ അത് കാഴ്ചയ്ക്ക് വിരുന്നാകുമെന്നത് ഉറപ്പാണ്. രോഹിത് മികച്ച ബാറ്റ്സ്മാനാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രോഹിത് ആദ്യമായാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കിലും, 2014ല്‍ കളിച്ച അനുഭവം രോഹിതിനെ സഹായിച്ചേക്കും'- സേവാഗ് പറഞ്ഞു.
ഏതൊരു ഓപ്പണിങ് ബാറ്റ്സ്മാനും ആദ്യത്തെ 10 ഓവറുകള്‍ സൂക്ഷിച്ചു കളിക്കാന്‍ ഉള്ളതാണെന്നും അത് സാഹചര്യം മനസിലാക്കാന്‍ സഹായിക്കുമെന്നും സേവാഗ് പറഞ്ഞു. 'ഇംഗ്ലണ്ടില്‍ ഇക്കുറി രോഹിത് റണ്ണടിച്ച് കൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. ന്യൂ ബോളില്‍ സാഹചര്യം മനസിലാക്കി ഏത് ഓപ്പണറും ആദ്യത്തെ 10 ഓവറില്‍ കരുതലോടെ കളിക്കേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ രോഹിത്തിന് തന്റെ പക്കലുള്ള എല്ലാ ഷോട്ടുകളും പുറത്തെടുക്കാന്‍ കഴിയും. സതാംപ്ടണിലെ പിച്ച് എങ്ങനെയുള്ളതാണെന്ന് അറിയില്ല. എന്നാലും അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളിച്ചാല്‍ അത് മികച്ചൊരു നീക്കമായിരിക്കും'- സേവാഗ് കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.