• HOME
 • »
 • NEWS
 • »
 • sports
 • »
 • നീ ബൗള്‍ ചെയ്യുകയാണോ അതോ ഭിക്ഷ യാചിക്കുകയാണോ? അക്തറിന് വീരു നല്‍കിയ തകര്‍പ്പന്‍ മറുപടി

നീ ബൗള്‍ ചെയ്യുകയാണോ അതോ ഭിക്ഷ യാചിക്കുകയാണോ? അക്തറിന് വീരു നല്‍കിയ തകര്‍പ്പന്‍ മറുപടി

ഇന്ത്യക്കായി ഒന്നാമിന്നിങ്സില്‍ വെറും 375 ബോളില്‍ 39 ബൗണ്ടറികളും ആറു സിക്സറുമടക്കം വീരു വാരിക്കൂട്ടിയത് 309 റണ്‍സായിരുന്നു.

Sehwag and Akhtar

Sehwag and Akhtar

 • Share this:
  ആധുനിക യുഗത്തിലെ വിവിയന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നാണ് പല ക്രിക്കറ്റ് പ്രമുഖരും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനെ വിലയിരുത്തുന്നത്. ക്രിക്കറ്റിലെ ഏറ്റവും നീളം കൂടിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിനെപ്പോലും ടി20യായി കണ്ടിരുന്ന അദ്ദേഹം ബൗളര്‍മാര്‍ക്കു പുല്ലു വിലയായിരുന്നു നല്‍കിയിരുന്നത്. തന്റെ ആക്രമാണോത്സുക ബാറ്റിംഗ് ശൈലി തന്നെയാണ് അദ്ദേഹത്തെ മറ്റു ബാറ്റ്‌സ്മാന്മാരില്‍ നിന്നും വേറിട്ട് നിര്‍ത്തിയിരുന്നത്. അതുകൊണ്ടു തന്നെ അക്കാലത്തു ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്നം കൂടിയായിരുന്നു വീരു.

  ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയും ഏറ്റവും വേഗമേറിയ 250 റണ്‍സും സേവാഗിന്റെ പേരിലാണ്. 2008ല്‍ ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയായിരുന്നു താരം 319 റണ്‍സ് നേടിയത്. 278 പന്തില്‍ നിന്നാണ് സേവാഗ് 300 റണ്‍സ് നേടിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറാണിത്. സേവാഗിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി 2004ല്‍ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെ ആയിരുന്നു

  പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു. ഇന്ത്യ- പാക് മത്സരങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും പാകിസ്ഥാന്‍ ബൗളിങ് വിസ്മയം ഷോയിബ് അക്തറും തമ്മിലുള്ള കൊമ്പു കോര്‍ക്കലുകള്‍.

  തീ തുപ്പുന്ന ബോളുകള്‍ കൊണ്ടു മാത്രമല്ല സ്ലെഡ്ജിങിലൂടെയും എതിര്‍ ടീം ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ച് പുറത്താന്‍ മിടുക്കനായിരുന്നു അക്തര്‍. അത്തരമൊരു സംഭവത്തെക്കുറിച്ചും അന്നു അക്തറിന് സേവാഗില്‍ നിന്നും ലഭിച്ച മറുപടിയും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 2004ല്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ ആണ് സംഭവം നടക്കുന്നത്.

  അന്നു പാക് ബൗളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടിയ വീരുവിനെയാണ് ലോകം കണ്ടത്. ഇന്ത്യക്കായി ഒന്നാമിന്നിങ്സില്‍ വെറും 375 ബോളില്‍ 39 ബൗണ്ടറികളും ആറു സിക്സറുമടക്കം വീരു വാരിക്കൂട്ടിയത് 309 റണ്‍സായിരുന്നു. ഈ മല്‍സരത്തില്‍ തല്ലുവാങ്ങിയ ബൗളര്‍മാരില്‍ അക്തറുമുണ്ടായിരുന്നു. 32 ഓവറില്‍ നാലു മെയ്ഡനുകളടക്കം 119 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും കിട്ടിയതുമില്ല.

  അക്തര്‍ തുടര്‍ച്ചയായി ബീമറുകള്‍ എറിഞ്ഞ് സേവാഗിനെ പുള്‍ ഷോട്ട് കളിപ്പിച്ച് പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്നായിരുന്നു ബൗള്‍ ചെയ്യുന്നതിനിടയില്‍ വീരുവിന് അടുത്തേക്ക് വന്ന് അക്തര്‍ ഇങ്ങനെ പറഞ്ഞത്- 'നിങ്ങള്‍ 200 റണ്‍സ് തികച്ചു കഴിഞ്ഞു. ഞാന്‍ ഒരുപാട് ബൗണ്‍സറുകളെറിഞ്ഞു, ഒന്നെങ്കിലും പുള്‍ ഷോട്ട് കളിക്കൂ'. ശാന്തമായി അക്തറിനെ നോക്കി വീരു നല്‍കിയ മറുപടി 'നിങ്ങള്‍ ബൗള്‍ ചെയ്യുകയാണോ, അതോ ഭിക്ഷ യാചിക്കുകയാണോ എന്നായിരുന്നു'- മഞ്ജരേക്കര്‍ വെളിപ്പെടുത്തി.
  Published by:Sarath Mohanan
  First published: