ഇന്ത്യയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായ വീരേന്ദർ സിങ്ങിന് ഇന്ന് ജന്മദിനം. ഗുസ്തി എന്ന കായികയിനത്തിൽ ഇന്ത്യയുടെ പേര് ലോകശ്രദ്ദയിൽ കൊണ്ടുവന്ന താരമാണ്. ബധിര ഒളിമ്പിക്സിൽ സ്വർണം നേടിയ ഏക ഇന്ത്യൻ കളിക്കാരനാണ് വീരേന്ദർ സിംഗ്. 2005, 2013 വർഷങ്ങളിലെ ഡീഫിലിമ്പിക്സിൽ സ്വർണ്ണ മെഡലുമായി വീരേന്ദർ സിങ് തിളങ്ങി. മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ 5 മെഡലുകളും അദ്ദേഹം നേടി.
സാധാരണ ഗുസ്തിക്കാരുമായി മൽസരിക്കുന്ന ഏക ബധിര ഗുസ്തി താരമാണ് വീരേന്ദ്രർ സിങ്. പ്രശസ്ത ഗുസ്തി താരം സുശീൽ കുമാറിനൊപ്പം പത്താം വയസിൽ വീരേന്ദറിന് പരിശീലനം ലഭിച്ചു. 2016 ലെ റിയോ ഒളിമ്പിക്സിൽ കളിക്കുക എന്നതായിരുന്നു കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം, പക്ഷേ സംസാരിക്കാനും കേൾക്കാനും കഴിയാത്തതിനാൽ ഫെഡറേഷൻ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചു അദ്ദേഹം കായിക മന്ത്രാലയത്തിന് ഒരു കത്ത് എഴുതിയിട്ടുണ്ട്.
ഗുസ്തിയിലേക്കുള്ള വീരേന്ദർ സിങിന്റെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. കുട്ടിക്കാലത്ത് വീരേന്ദർ തന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേക്കു വന്ന ഒരു അകന്ന ബന്ധുവാണ് വീരേന്ദർ സിങിന്റെ ശരീര പ്രകൃതി ഗുസ്തി കളിക്കാരനാകാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഇത് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറയുകയും ചെയ്തു. അതേ അകന്ന ബന്ധു തന്നെ വീരേന്ദറിനെ ഡൽഹിയിലേക്കു കൊണ്ടു വരുകയും വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്തു. വീരേന്ദറിന് പത്തു വയസ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു ഇത്. പ്രശസ്ത താരം സുശീൽ കുമാറിനൊപ്പമാണ് വീരേന്ദർ ഗുസ്തിയുടെ ബാല പാഠങ്ങൾ അഭ്യാസിച്ചത്. വീരേന്ദറിന്റെ അച്ഛനും ഒരു ഗുസ്തി താരമായിരുന്നു
ഗുസ്തി പരിശീലിക്കുമ്പോൾ പുലർച്ചെ എഴുന്നേൽക്കുകയും 8 മണിക്കൂർ വിവിധ ഗുസ്തി മുറകൾ അഭ്യാസിക്കുകയും ചെയ്തിരുന്നു. അന്നുമുതൽ ഗുസ്തി വീരേന്ദറിന്റെ ജീവിതത്തിന്റെ ഭാഗമായി. 2005 ൽ ഓസ്ട്രേലിയയിൽ നടന്ന ഡീഫിലിമ്പിക്സിൽ തന്റെ ആദ്യ സ്വർണം നേടി. സ്വന്തം പോക്കറ്റിൽ നിന്ന് 70,000 രൂപ ചെലവഴിച്ചാണ് വീരേന്ദർ ഓസ്ട്രേലിയയിലേക്കു പോയത്. എന്നാൽ ഈ വിജയം കൊണ്ടൊന്നും വീരേന്ദറിന് അർഹിക്കുന്ന അംഗീകാരം നൽകാൻ അധികാരികൾ തയ്യാറായില്ല.
ഉത്തരേന്ത്യയിൽ ഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഗുസ്തി ഒരു ഉൽസവം പോലെയാണ്. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി ഈ വിനോദം ആസ്വദിക്കാനെത്തും. ചില സമയങ്ങളിൽ അരങ്ങിൽ ഒന്നിലധികം മത്സരങ്ങൾ നടക്കുന്നുണ്ട്. കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരു വ്യക്തി ആയിരുന്ന വീരേന്ദർ സിങിന് ഗുസ്തിയിൽ വലിയ ഉയരങ്ങൾ കീഴടക്കാനാകുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് അർഹമായ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. സാധാരണ ഗുസ്തിക്കാരോട് മത്സരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വീരേന്ദർ സിങിനെ ഒരു ബധിര താരമായി തളയ്ക്കാനായിരുന്നു ഇക്കാലമത്രയും ശ്രമം നടന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.