ശ്രീലക്കയ്‌ക്കെതിരായുള്ള ഏകദിന ടി20 പരമ്പരകളിലെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യക്കായി സൂര്യകുമാർ യാദവ് കളിക്കുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ച് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസമായ വി വി എസ് ലക്ഷ്മൺ. ഇന്ത്യയുടെ മുൻനിര താരങ്ങൾ എല്ലാം തന്നെ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യൻ ടീമിലേക്ക് അവസരം കാത്തുനിൽക്കുന്ന താരങ്ങളും യുവതാരങ്ങളും അടങ്ങുന്ന ഒരു ടീമാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയായതിനാൽ ഇന്ത്യൻ ടീമിൽ സ്ഥാനം കൊതിക്കുന്നവർക്കെല്ലാം മികച്ച പ്രകടനം നടത്തി ടീമിൽ ഒരു സ്ഥാനം നേടിയെടുക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. ശിഖർ ധവാനാണ് ടീമിന്റെ ക്യാപ്റ്റൻ.
അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ അങ്ങേയറ്റം മതിപ്പ് പ്രകടിപ്പിച്ച ലക്ഷ്മൺ, സൂര്യകുമാർ ഇന്ത്യക്കായി മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. 'സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്നത് കാണാന്‍ അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവന്റെ ആദ്യ ഷോട്ട്,അതും ജോഫ്രാ ആര്‍ച്ചറെപ്പോലൊരു മികച്ച പേസ് ബൗളർക്കെതിരെ, അവൻ സ്വായത്തമാക്കി വച്ചിരിക്കുന്ന ആത്മവിശ്വാസം, പ്രതിഭ, കാര്യക്ഷമത ഇതെല്ലാമാണ് ആ ഒരൊറ്റ ഷോട്ടിലൂടെ അവൻ കാണിച്ചുതന്നത്.'-ലക്ഷ്മണ്‍ പറഞ്ഞു.
' ശ്രീലങ്കൻ പര്യടനത്തിലെ ആറ് മത്സരങ്ങളിലും സൂര്യകുമാർ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ടി20 ലോകകപ്പിനുള്ള ടീമിലേക്ക് തീര്‍ച്ചയായും യോഗ്യത നേടാൻ കഴിവുള്ള ഒരാളാണവന്‍. അന്താരാഷ്ട്ര തലത്തിൽ ഇനിയും ഉയരങ്ങളിലേക്ക് സൂര്യകുമാർ എത്തുന്നത് കാണാൻ കാത്തരിക്കുകയാണ് ഞാൻ. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് ആഭ്യന്തര തലത്തിൽ റൺസ് നേടുന്നത് പോലെ അന്താരാഷ്ട്ര തലത്തിലും റൺസ് നേടാനുള്ള ആത്മവിശ്വാസം അവൻ നേടിയെടുക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു.'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
Also read- ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ഇന്ത്യ- ശ്രീലങ്ക പരമ്പര മാറ്റിവെച്ചുഇതോടൊപ്പം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള തന്റെ ഇന്ത്യൻ ടീമിനെയും ലക്ഷ്മൺ തിരഞ്ഞെടുത്തു. ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷാ ഓപ്പണറാവണമെന്ന് പറഞ്ഞ ലക്ഷ്മൺ മൂന്നാം സ്ഥാനത്ത് സൂര്യകുമാർ യാദവ് തുടർന്ന് സഞ്ജു സാംസൺ, മനീഷ് പാണ്ഡെ ആറും ഏഴും സ്ഥാനങ്ങളിൽ പാണ്ഡ്യ സഹോദരന്മാരേയും തിരഞ്ഞെടുത്തു.
Also read- ബൗണ്ടറി ലൈൻ ക്യാച്ച്, ഇത്തവണ വനിതാ ക്രിക്കറ്റിൽ; ക്രിക്കറ്റ് ലോകത്തെ കയ്യിലെടുത്ത് ഹർലീൻ ഡിയോൾബൗളിങ്ങിൽ രണ്ട് വീതം പേസ് ബൗളർമാരേയും സ്പിൻ ബൗളർമാരേയുമാണ് ലക്ഷ്മൺ തന്റെ ടീമിലേക്ക് എടുത്തത്. ഇതിൽ പേസ് ബൗളിങ്ങിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഭുവനേശ്വർ കുമാറിനൊപ്പം ദീപക് ചാഹറിനെ എടുത്ത ലക്ഷ്മൺ സ്പിൻ വിഭാഗത്തിൽ ഇന്ത്യയുടെ സ്പിൻ ജോഡികളായ കുൽ - ചാ സഖ്യം എന്നറിയപ്പെടുന്ന കുൽദീപ് യാദവിനേയും യുസ്വേന്ദ്ര ചാഹലിനെയുമാണ് എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.