• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കുല്‍ച സഖ്യത്തെ' കളിക്കളത്തില്‍ വീണ്ടും കാണാന്‍ വലിയ ആഗ്രഹമുണ്ടെന്ന് വി വി എസ് ലക്ഷ്മണ്‍

'കുല്‍ച സഖ്യത്തെ' കളിക്കളത്തില്‍ വീണ്ടും കാണാന്‍ വലിയ ആഗ്രഹമുണ്ടെന്ന് വി വി എസ് ലക്ഷ്മണ്‍

റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും 44 മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2019 ലോകകപ്പിന് ശേഷം ധോണി ടീമില്‍ നിന്ന് മടങ്ങിയതോടെ അതിന് കഴിഞ്ഞിട്ടില്ല.

Yuzvendra Chahal and Kuldeep Yadav

Yuzvendra Chahal and Kuldeep Yadav

  • Share this:
    കുറച്ചുകാലം മുന്‍പ് വരെ ഇന്ത്യന്‍ ബൗളിംഗ് സ്പിന്‍ യൂണിറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കുല്‍ദീപ് യാദവും, യുസ്വേന്ദ്ര ചഹലും. കൃത്യമായി പറഞ്ഞാല്‍ 2019ലെ ഏകദിന ലോകകപ്പ് വരെ. തന്റെ ചൈനമാന്‍ ബോളിങ്ങിലൂടെയാണ് കുല്‍ദീപ് യാദവ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. യുസ്വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്‌പെല്ലുകള്‍ തീര്‍ത്തതോടെ 'കുല്‍ച' സഖ്യവും ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ അതെല്ലാം ശരവേഗത്തില്‍ മാറിമറയുകയാണ് ഉണ്ടായത്. ചഹല്‍ പലപ്പോഴും ടീമിന്റെ ഭാഗമായി തുടര്‍ന്നുവെങ്കിലും കുല്‍ദീപിന് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇത്തവണത്തെ ഐ പി എല്ലിലും താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.

    എന്നാല്‍ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ വലിയ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച് കളിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. ശ്രീലങ്കക്കെതിരെ എല്ലാ ഏകദിനത്തിലും രണ്ടു പേരും ഒരുമിച്ച് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മൂന്ന് ഏകദിനങ്ങളിലും കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഒരുമിച്ച് കളിക്കണമെന്നാണ് ആഗ്രഹം. ആറ് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. കുല്‍ദീപിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള അവസരമാണുള്ളത്. ചഹല്‍ വളരെ പരിചയസമ്പത്തും പ്രതിഭയുമുള്ള താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ടി20 ലോകകപ്പ് മനസില്‍ വെച്ചായിരിക്കും ചഹല്‍ കളിക്കാനിറങ്ങുക. വലിയ ആത്മവിശ്വാസമുള്ളവനാണവന്‍'- ലക്ഷ്മണ്‍ പറഞ്ഞു.

    2019 ജൂണിനുശേഷം ഇരുവരും ഒരേസമയം ഇന്ത്യക്കായി പന്തെറിഞ്ഞിട്ടില്ല. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബാറ്റ്‌സ്മാന്മാരെ പ്രതിസന്ധിയിലാക്കാന്‍ മിടുക്കരായ ഇരുവരും ഒറ്റക്ക് ടീമിലെത്തിയെങ്കിലും കാര്യമായി ശോഭിക്കാനുമായില്ല. റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും 44 മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2019 ലോകകപ്പിന് ശേഷം ധോണി ടീമില്‍ നിന്ന് മടങ്ങിയതോടെ അതിന് കഴിഞ്ഞിട്ടില്ല. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ധോണിയുടെ സാന്നിധ്യം ഇരുവരെയും മൈതാനത്ത് വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും വിക്കറ്റിനു പിറകില്‍ നിന്നുമുള്ള ധോണിയുടെ നിര്‍ദേശങ്ങള്‍ നല്ല രീതിയില്‍ ഗുണം ചെയ്തിരുന്നെന്നും കുല്‍ദീപ് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

    വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ കയറിക്കൂടണമെങ്കില്‍ ഇരുവര്‍ക്കും ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നിര്‍ണായകമാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ടും മൂന്നും ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.
    Published by:Sarath Mohanan
    First published: