എം എസ് ധോണി (MS Dhoni) ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ടീമില്‍ നിന്നും തഴഞ്ഞപ്പോൾ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചതായും എന്നാൽ അന്ന് സച്ചിന് ടെന്‍ഡുല്‍ക്കറാണ് (Sachin Tendulkar) തന്റെ മനസ് മാറ്റിയതെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് (Virender Sehwag).
ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന സെവാഗ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം കമന്റേറ്ററായി തുടരുന്നതിനോടൊപ്പം സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ്. ഏതൊരു സംഭവത്തെയും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുവാൻ കഴിവുള്ള സെവാഗ് ആരാധകർക്കിടയിലെ പ്രിയ താരമായി ഇന്നും തുടരുന്നു.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ രണ്ട് തവണ ട്രിപ്പിൾ സെഞ്ചുറിയും ഏകദിനത്തിൽ രണ്ട് തവണ ഇരട്ട സെഞ്ചുറിയും നേടിയിട്ടുള്ള താരം തന്റെ കാരിയറിലും മോശം കാലഘട്ടമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2008-ലെ ഓസ്ട്രേലിയൻ പര്യടനം താൻ മറക്കാൻ ആഗ്രഹിക്കുന്ന പരമ്പരയാണെന്നാണ് സെവാഗ് പറഞ്ഞത്. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം മോശമായപ്പോൾ ടീമിൽ സ്ഥാനം നഷ്ടമായപ്പോൾ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നതായി ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞു.
2008ൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ സെവാഗിന് കാര്യമായി തിളങ്ങാനായിരുന്നില്ല. പ്രകടനം മോശമായതോടെ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന ധോണി സെവാഗിനെ ശേഷിച്ച മത്സരങ്ങളിൽ പുറത്തിരുത്തി. അവസരം ലഭിക്കാഞ്ഞത് സെവാഗിനെ അസ്വസ്ഥനാക്കി. ഈ സംഭവം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചതായി സെവാഗ് പറഞ്ഞു. അതിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ താരം 150 റണ്‍സടിച്ചിരുന്നു. എന്നാല്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ 6,33,11,14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്കോറുകൾ. പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെടുകയും അവസരങ്ങൾ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ടെസ്റ്റിൽ മാത്രം തുടരാനും ഏകദിനത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്.
എന്നാൽ ആ തീരുമാനത്തിൽ നിന്നും തന്നെ പിന്തിരിപ്പിച്ചത് സച്ചിൻ ആണെന്ന് സെവാഗ് പറഞ്ഞു. പ്രകടനം മോശമായപ്പോൾ ഏകദിനത്തിൽ നിന്ന് വിരമിച്ച് ടെസ്റ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആലോചിച്ചു. എന്നാൽ സച്ചിൻ എന്റെ മനസ്സുമാറ്റി. ഇതെന്റെ ജീവിതത്തിലെ മോശം കാലഘട്ടമാണെന്നും ഉടൻ തന്നെ ഒരു തീരുമാനം എടുക്കേണ്ടെന്നും നാട്ടില്‍ തിരിച്ചെത്തിയശേഷം നല്ല പോലെ ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രം തീരുമാനം എടുക്കാനും സച്ചിന് ഉപദേശിച്ചു. അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ എനിക്ക് പ്രചോദനമായി മാറുകയായിരുന്നു. സെവാഗ് വ്യക്തമാക്കി.
അന്ന് വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ സെവാഗ് പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം തിരികെപ്പിടിച്ച താരം 2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും പിന്നീട് ഏകദിനത്തിൽ രണ്ട് ഇരട്ട സെഞ്ചുറികൾ നേടുകയുമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.