• HOME
 • »
 • NEWS
 • »
 • sports
 • »
 • Mohammed Siraj | 'ഐപിഎല്ലിൽ പ്രകടനം മോശമായപ്പോൾ ക്രിക്കറ്റ് ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാൻ പറഞ്ഞു'; മുഹമ്മദ് സിറാജ്

Mohammed Siraj | 'ഐപിഎല്ലിൽ പ്രകടനം മോശമായപ്പോൾ ക്രിക്കറ്റ് ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാൻ പറഞ്ഞു'; മുഹമ്മദ് സിറാജ്

2019ൽ ആർസിബിക്കായി ഒമ്പത് മത്സരങ്ങളിൽ ഇറങ്ങിയ സിറാജിന് കേവലം ഏഴ് വിക്കറ്റുകൾ മാത്രമാണ് നേടാനായത്.

 • Last Updated :
 • Share this:
  2019ലെ ഐ‌പി‌എൽ (IPL) സീസണിൽ പ്രകടനം മോശമായപ്പോൾ ക്രിക്കറ്റ് ഉപേക്ഷിച്ച് പിതാവിനൊപ്പം ഓട്ടോ ഓടിക്കാൻ പൊയ്‌ക്കൊള്ളാൻ പറഞ്ഞുകൊണ്ട് ആരാധകരുടെ അധിക്ഷേപം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് (Mohammed Siraj). ആർസിബി പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സിറാജിന്റെ വെളിപ്പെടുത്തൽ.

  ആരാധകരുടെ അധിക്ഷേപത്തെ തുടർന്ന് ക്രിക്കറ്റിലെ തന്റെ കരിയർ അവസാനിച്ചെന്ന തോന്നലുണ്ടായെന്നും എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി (M S Dhoni) നൽകിയ ഉപദേശമാണ് കരിയറിൽ വഴിത്തിരിവായതെന്നും സിറാജ് പറഞ്ഞു.

  2019 ലെ സീസണിൽ ബാംഗൂരിനായി (Royal Challengers Banglore) ഒമ്പത് മത്സരങ്ങളിൽ ഇറങ്ങിയ സിറാജ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. കേവലം ഏഴ് വിക്കറ്റുകൾ മാത്രം വീഴ്ത്തിയ സിറാജ് ഓവറിൽ ശരാശരി 10 റൺസ് എന്ന നിലയിൽ റൺ വഴങ്ങിയത് ടൂർണമെന്റിൽ ബാംഗ്ലൂരിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. സീസണിൽ തുടക്കത്തിൽ തന്നെ തുടർച്ചയായി ആറ് മത്സരങ്ങൾ തോറ്റ അവർ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്.

  ആ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു സിറാജിന്റെ ഏറ്റവും മോശം പ്രകടനം പിറന്നത്. കേവലം 2.2 ഓവറിൽ അഞ്ച് സിക്‌സറുകൾ ഉൾപ്പെടെ 36 റൺസാണ് സിറാജ് വഴങ്ങിയത്. രണ്ട് ബീമറുകൾ കൂടി താരം എറിഞ്ഞതോടെ ബാംഗ്ലൂരിന്റെ ക്യാപ്റ്റനായിരുന്ന കോഹ്‌ലിക്ക് സിറാജിനെ ബൗളിങ്ങിൽ നിന്നും പിൻവലിക്കേണ്ടതായും വന്നു. ഈ മത്സരത്തിലായിരുന്നു കാണികളിൽ നിന്നും താരത്തിന് അധിക്ഷേപം നേരിടേണ്ടി വന്നത്.

  "ഞാൻ കെകെആറിനെതിരായ മത്സരത്തിൽ ആ രണ്ട് ബീമറുകൾ എറിഞ്ഞതിന് ശേഷം ഫീൽഡിൽ നിൽക്കുമ്പോൾ ഗാലറിയിലെ കാണികൾ എന്നോട് ക്രിക്കറ്റ് ഉപേക്ഷിച്ച് തിരികെ പോയി പിതാവിനൊപ്പം ഓട്ടോ ഓടിക്ക് എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നുണ്ടായിരുന്നു." - സിറാജ് പറഞ്ഞു.

  "ഇത്തരത്തിലുള്ള നിരവധി കമന്റുകൾ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഞാൻ നടത്തുന്ന പ്രയത്നം ജനങ്ങൾ കാണുന്നില്ല. കഠിനപ്രയത്നം നടത്തി ഒടുവിൽ ഇന്ത്യൻ ടീമിലേക്ക് എന്നെ ആദ്യമായി തിരഞ്ഞെടുത്തപ്പോൾ അന്ന് മഹി ഭായ് (എം എസ് ധോണി) പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. നമ്മൾ നന്നായി ചെയ്താൽ അവർ നമ്മളെ പ്രശംസിക്കും, എന്നാൽ പ്രകടനം മോശമായാൽ ഇതേ ആളുകൾ തന്നെ നമ്മെ അധിക്ഷേപിക്കും. അതുകൊണ്ട് തന്നെ ആളുകൾ പറയുന്നതിനൊന്നും ചെവികൊടുക്കാതെ ഇരിക്കുക. ഇക്കാര്യം ശരിയാണ് എന്ന് എനിക്ക് പിന്നീട് ബോധ്യമായി. അന്ന് പ്രകടനം മോശമായിരുന്നപ്പോൾ എന്നെ കുറ്റം പറഞ്ഞവരെല്ലാം ഇന്നെന്റെ പ്രകടനം കണ്ട് പ്രശംസിക്കുന്നു. എന്നാൽ എനിക്ക് എന്റെ കഴിവുകളെ കുറിച്ച് പൂർണമായ ധാരണയുണ്ട്. അതിനാൽ തന്നെ ആരുടെയും അഭിപ്രായം എനിക്ക് വേണ്ടതില്ല. കരിയറിൽ ഒരുപാട് നേട്ടങ്ങൾ ലഭിച്ചെങ്കിലും അന്നത്തെ അതേ സിറാജ് തന്നെയാണ് ഞാൻ ഇന്നും." - സിറാജ് പറഞ്ഞു.

  അന്നത്തെ സിറാജിൽ നിന്നും ഒരുപാട് ഉയരങ്ങളിലാണ് സിറാജ് ഇന്ന് നിൽക്കുന്നത്. ഐപിഎല്ലിൽ വരും സീസണിൽ ആർസിബി നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളാണ് സിറാജ്. ഐപിഎല്ലിൽ തങ്ങളുടെ പ്രഥമ കിരീടമെന്ന ലക്ഷ്യം വരും സീസണിൽ പൂർത്തീകരിക്കാൻ ആർസിബി ഒരുങ്ങി ഇറങ്ങുമ്പോൾ അതിൽ പ്രഥമ പങ്കുവഹിക്കാൻ ഈ 27 -വയസുകാരനായ താരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

  2020 ഐ‌പി‌എൽ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം നേടിയ താരം അന്നേ വർഷം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലൂടെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും പരമ്പരയിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

  ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടത്തയ മികച്ച പ്രകടനങ്ങൾക്കിടയിലും തന്റെ പിതാവിന്റെ മരണം സിറാജിന് വ്യക്തിഗതമായി വലിയ നഷ്ടമാണുണ്ടാക്കിയത്. ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നതിനാലും കോവിഡ് മഹമാരി മൂലം നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാലും താരത്തിന് തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കരിയറിലുടനീളം സിറാജിന് പിന്തുണ നൽകി കൂടെ നിന്ന പിതാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും സിറാജ് പറഞ്ഞു.

  മത്സരങ്ങളിൽ താൻ മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ പത്രങ്ങളിൽ വരുന്ന തന്റെ ഫോട്ടോ പിതാവ് വെട്ടിയെടുത്ത് സൂക്ഷിക്കാറുണ്ടായിരുന്നതായും സിറാജ് പറഞ്ഞു. ഐപിഎല്ലിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോൾ പിതാവ് ഗുരുതരാവസ്ഥയിൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും ക്രിക്കറ്റിൽ നിന്നും തന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ കുടുംബാംഗങ്ങൾ അക്കാര്യം തന്നിൽ മറച്ചുവെച്ചതായും പറഞ്ഞ സിറാജ് പിതാവിന്റെ അവസ്ഥ അറിഞ്ഞിരുന്നെങ്കിൽ താൻ ഓസ്‌ട്രേലിയയിലേക്ക് പോകാതെ പിതാവിനെ കാണാൻ വന്നേനെ എന്നും പറഞ്ഞു.

  പിതാവിന്റെ മരണവർത്തയറിഞ്ഞപ്പോൾ ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ താൻ കളിക്കുന്നത് കാണാനാണ് പിതാവ് ആഗ്രഹിച്ചതെന്ന് ഓർത്തപ്പോൾ തീരുമാനം ടീമിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നെന്നും സിറാജ് വെളിപ്പെടുത്തി.

  ''ഇന്ത്യൻ ജേഴ്സി ധരിച്ച് ടെസ്റ്റിൽ അരങ്ങേറ്റത്തിന് ഇറങ്ങിയ വേളയിൽ ദേശീയഗാനം ചൊല്ലുന്ന അത്രയും സമയം ഞാൻ ഓർത്തത്, ഈ കാഴ്ച കാണാൻ അദ്ദേഹമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് എത്രത്തോളം അഭിമാനം തോന്നുമായിരുന്നു എന്നാണ്. ദേശീയഗാനം ആലപിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു എന്റെ മനസ്സിൽ മുഴങ്ങിയിരുന്നത്.'' - സിറാജ് പറഞ്ഞു.
  Published by:Naveen
  First published: