രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലകനായി തുടരരുത്, വസിം ജാഫര്‍ കാരണം വ്യക്തമാക്കുന്നു
രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലകനായി തുടരരുത്, വസിം ജാഫര്‍ കാരണം വ്യക്തമാക്കുന്നു
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് കൂടുതലൊന്നും പഠിക്കാനില്ല. പഠിക്കാനുള്ളത് യുവ താരങ്ങള്‍ക്കാണ്. ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശവും ഉപദേശവും യുവതാരങ്ങള്‍ക്ക് ആവശ്യമുണ്ട്.
പ്രഗത്ഭരായ ഒരു കൂട്ടം യുവ താരങ്ങളാല്‍ സമ്പന്നമായ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴിതാ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി നിലവില്‍ ഇംഗ്ലണ്ടിലാണ്. അതേസമയം ജൂലൈയില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുകയാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്.
ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ച സ്ഥിരം പരിശീലകന് രവി ശാസ്ത്രിയുടെ അഭാവത്തിലാണ് ദ്രാവിഡ് സ്ഥാനമേറ്റെടുത്തത്. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യുവ താരങ്ങളെ വളര്‍ത്തിയെടുത്ത് കൊണ്ടുവന്ന ദ്രാവിഡിന്റെ ശ്രമങ്ങളാണ് ഇന്ത്യയുടെ റിസര്‍വ് നിരയുടെ കരുത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണവും.
ദ്രാവിഡ് പരിശീലകനാകുന്നത് എല്ലാ ഇന്ത്യന്‍ ആരാധകര്‍ക്കും സ്വീകര്യമാണെങ്കിലും മറ്റൊരു അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിന്. അദ്ദേഹം തന്റെ അഭിപ്രായം വിശദമാക്കുകയും ചെയ്തു. 'രാഹുല്‍ ദ്രാവിഡ് സ്ഥിരമായി ടീമിന്റെ പരിശീലകനാവരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ എന്നീ ടീമുകള്‍ക്കൊപ്പം ജോലി ചെയ്യണം. എന്‍ സി എയില്‍ യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരികയാണ് അദ്ദേഹം ചെയ്യേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് കൂടുതലൊന്നും പഠിക്കാനില്ല. പഠിക്കാനുള്ളത് യുവ താരങ്ങള്‍ക്കാണ്. ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശവും ഉപദേശവും യുവതാരങ്ങള്‍ക്ക് ആവശ്യമുണ്ട്. അടുത്ത തലത്തിലേക്ക് ഉയരണമെങ്കില്‍ അദ്ദേഹത്തെ പോലെ ഒരു പരിശീലകന്റെ പരിചയസമ്പത്ത് അവര്‍ക്ക് ആവശ്യമാണ്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹം എന്‍ സി എയില്‍ ദീര്‍ഘകാലം തുടരണം. ടീമിന്റെ ബെഞ്ച് സ്ട്രെങ്ത്ത് മികവുറ്റതാക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും'- വസിം ജാഫര്‍ വ്യക്തമാക്കി.
ഇന്ത്യക്ക് ശ്രീലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് കളിക്കാനുള്ളത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന് റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.