ഖത്തർ ലോകകപ്പ് അവസാനഘട്ടത്തിലേക്ക്. ഇനി നാലേനാല് മത്സരങ്ങൾ മാത്രം ബാക്കി. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കുന്ന ടീമിന് ലോകജേതാക്കളാകാം. ക്രൊയേഷ്യ, അർജന്റീന, ഫ്രാൻസ്, മൊറോക്കോ തുടങ്ങിയ ടീമുകളാണ് സെമിയിലെത്തിയത്. ബ്രസീൽ, നെതർലാൻഡ്സ്, ഇംഗ്ലണ്ട്, പോർച്ചുഗൽ തുടങ്ങിയ വമ്പൻമാരെ വീഴ്ത്തിയാണ് ഇവർ സെമിയിലേക്ക് കുതിച്ചത്. സെമിയിലെത്തിയ ടീമുകളിലെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. തുടർച്ചയായി മഞ്ഞ കാർഡ് കണ്ട ചില കളിക്കാർക്കെങ്കിലും സെമിഫൈനൽ മത്സരം നഷ്ടമാകും. അവർ ആരൊക്കെയാണെന്ന് നോക്കാം…
ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരായ പോരാട്ടത്തിൽ എട്ടോളം അർജന്റീന താരങ്ങളാണ് മഞ്ഞ കാർഡ് കണ്ടത്. ഇവരിൽ രണ്ടുപേർക്ക് സെമിഫൈനൽ മത്സരം നഷ്ടമാകും. അർജന്റീന റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയേലാണ് അവരിൽ ഒരാൾ. ഈ ലോകകപ്പിൽ ഇതുവരെ 90 മിനിട്ട് പോലും തികച്ചുകളിക്കാത്ത മോണ്ടിയേൽ രണ്ടുതവണയാണ് മഞ്ഞ കാർഡ് കണ്ടത്. നെതർലൻഡ്സിനെതിരെ കണ്ടതിന് പുറമെ മെക്സിക്കോയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലും മോണ്ടിയേൽ മഞ്ഞ കാർഡ് കണ്ടിരുന്നു.
എന്നാൽ മോണ്ടിയേലിനേക്കാൾ അർജന്റീനയ്ക്ക് പ്രഹരമാകുന്നത് മാർക്കോസ് അക്യൂനയുടെ പുറത്താകലായിരിക്കും. രണ്ടു മഞ്ഞ കാർഡ് കണ്ടതോടെയാണ് സെവിയ്യ താരം കൂടിയായ ലെഫ്റ്റ് ബാക്കിന് സെമി പോരാട്ടം നഷ്ടമാകുന്നത്. പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ മഞ്ഞ കാർഡ് കണ്ട അക്യുനയ്ക്ക് ക്വാർട്ടറിലും മഞ്ഞ കാർഡ് കാണേണ്ടിവന്നു. അതേസമയം അർജന്റീനയുടെ എതിരാളിയായ ക്രൊയേഷ്യയ്ക്ക് ഒരു താരത്തെ പോലും സെമിയിൽ നഷ്ടമാകില്ല രണ്ടു മഞ്ഞ കാർഡ് കണ്ട ഒരു കളിക്കാരൻ പോലും ക്രൊയേഷ്യൻ നിരയിലില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.