ദോഹ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോകകപ്പ് ഫൈനലിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി എയ്ഞ്ചൽ ഡി മരിയ തിരിച്ചെത്തിയിട്ടുണ്ട്. അർജന്റീന 4-3-1-2 ഫോർമേഷനിലാണ് കളിക്കുന്നത്.
പ്രതിരോധ നിരയിൽ നഹ്യുവേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർ അണിനിരക്കും. സസ്പെൻഷൻ മാറി തിരിച്ചെത്തിയ അക്യുനയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലെക്സിസ് മാക്അലിസ്റ്റർ, എയ്ഞ്ചൽ ഡി മരിയ എന്നിവരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതിൽ ഡി മരിയ മുന്നിലേക്ക് കയറി കളിക്കുംവിധമായിരിക്കും ഇന്നത്തെ അർജന്റീനയുടെ കളിശൈലി. ലോകകപ്പിന്റെ തുടക്കത്തിൽ എൻസോ ഫെർണാണ്ടസ്, അലെക്സിസ് മാക്അലിസ്റ്റർ എന്നിവർ അർജന്റീനയുടെ ആദ്യ ഇലവനിൽ ഇല്ലായിരുന്നു. എന്നാൽ ഓരോ മത്സരം കഴിയുമ്പോഴും മികവ് തെളിയിച്ച ഇരുവരെയും ഫൈനലിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താൻ ലയണൽ സ്കലോണി തീരുമാനിക്കുകയായിരുന്നു.
Also Read- ലോകകപ്പ് ഫൈനലിന് ഫ്രാൻസ് സജ്ജം; സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു
മുന്നേറ്റ നിരയിൽ മെസിയും അൽവാരെസും ആക്രമണത്തിന് ചുക്കാൻ പിടിക്കും. സെമിഫൈനലിലെ മികവ് നിലനിർത്താൻ മെസിക്കും അൽവാരെസിനും കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അർജന്റീന ടീം- എമിലിയാനോ മാർട്ടിനസ്(ഗോൾകീപ്പർ), നഹ്യുവേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലെക്സിസ് മാക്അലിസ്റ്റർ, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജൂലിയൻ ആൽവാരെസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.