ഇന്ത്യയിൽ ഫിഫ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന സ്പോർട്സ് 18-ലെയും ജിയോ സിനിമയിലെയും അവതാരകയായ സെമ്ര ഹണ്ടർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സെമ്രയുടെ സംസാരവും കളി വിശകലനം ചെയ്യുന്ന രീതിയും നർമബോധവും ഫാഷൻ സെൻസുമെല്ലാമാണ് പലരെയും ആകർഷിക്കുന്നത്.
ബഹുഭാഷാ അവതാരയായ സെമ്ര ഹണ്ടർ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും. സ്പെയിൻ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ഖത്തർ ലോകകപ്പിൽ ഹണ്ടർ മെസി ആരാധകർക്കും പ്രിയങ്കരിയായി മാറി. മെസി തന്റെ 789-ാം ഗോൾ നേടിയ ദിവസം, ഇതിഹാസ താരത്തിന്റെ അഭിമുഖം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ് ഹണ്ടർ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
സ്പാനിഷ് ഫുട്ബോൾ ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ലാ ലിഗ ടിവിയിലൂടെ ഹണ്ടർ നേരത്തെ തന്നെ സ്പെയിനിലെ ടിവി പ്രേക്ഷകർക്ക് സുപരിചിതയാണ് സെമ്ര ഹണ്ടർ. ടെലിപ്രോംപ്റ്റർ ഒഴിവാക്കുന്നതും കാഴ്ചക്കാരോട് അപ്രതീക്ഷിതമായി സംസാരിക്കുന്നതും തനിക്ക് ഇഷ്ടമാണെന്ന് അവർ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്യാത്ത കമന്ററികളാണ് പലതുമെന്ന് ഹണ്ടറിന്റെ അവതരണത്തിൽ നിന്നും വ്യക്തമാണ്. സ്പെയിനിൽ ഫുട്ബോൾ റിപ്പോർട്ടിങ്ങ് മേഖലയിലെ അറിയപ്പെടുന്ന താരമാണ് ഈ യുവതി.
2013-ലാണ് സെമ്ര ഹണ്ടർ തന്റെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് കരിയർ ആരംഭിച്ചത്. ”ജീവിതം ഒരു കണ്ണാടി പോലെയാണ്. നമ്മൾ പുഞ്ചിരിക്കുമ്പോൾ മികച്ച ഫലങ്ങൾ ലഭിക്കും”, എന്ന് ഹണ്ടർ ഒരിക്കൽ ട്വീറ്റ് ചെയ്തിരുന്നു. അതു തന്നെയാണ് അവൾ ചെയ്യുന്നതും. ലോകത്തിലെ ഏറ്റവും ആവേശകരമായ ഗെയിമുകളിലൊന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ആ മുഖത്തെ പുഞ്ചിരി പ്രേക്ഷകർക്ക് കാണാനാകും.
സെമ്ര ഹണ്ടറിനൊപ്പമുള്ള സഹ അവതാരകൻ അനന്ത് ത്യാഗിയുടെ ട്വീറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. “ജിയോ സിനിമ, സ്പോർട്സ് 18 എന്നിവർക്കായി ഫിഫ ലോകകപ്പ് ഹോസ്റ്റ് ചെയ്യുന്നത് മികച്ച ഒരു അനുഭവമാണ്. എല്ലാ ദിവസവും ഷോയിൽ സെമ്ര ഹണ്ടറിനെപ്പോലെ ഒരു മികച്ച അവതാരക എന്നോടൊപ്പം ഉണ്ടായിരിക്കുന്നത് അതിലേറെ സന്തോഷമുള്ള കാര്യമാണ്”, എന്നായിരുന്നു ട്വീറ്റ്.
Also Read- ‘ഈ സീസണിന് വേണ്ടി നന്നായി തയ്യാറെടുത്തു; ലക്ഷ്യം ലോകകപ്പ്’; മനസു തുറന്ന് എംബാപ്പെ
സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിലെ ഇംഗ്ലീഷ് കവറേജിൽ സ്ഥിരമായി പങ്കെടുക്കുന്ന ലൂയിസ് ഫിഗോ, വെയ്ൻ റൂണി, റോബർട്ട് പയേഴ്സ്, സോൾ കാംപ്ബെൽ തുടങ്ങിയ പാനൽലിസ്റ്റുകൾക്ക് പുറമേ, നിരവധി ബാഴ്സലോണ ആരാധകരും ഇന്ത്യൻ ആരാധകരും ഹണ്ടറിനെ പ്രശംസിച്ച് രംഗത്തെത്താറുണ്ട്.
ലോസ് ഏഞ്ചൽസ് സ്വദേശിയായ സെമ്ര ഹണ്ടർ, കാലിഫോർണിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ്. ഒരു അത്ലറ്റ് കൂടിയായ ഹണ്ടർ പതിനേഴാം വയസിൽ ജൂനിയർ ഒളിമ്പിക് വോളിബോൾ ചാമ്പ്യഷിപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു.
അൽ-ജസീറയിലാണ് സെമ ഹണ്ടർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് റെയൽ മാഡ്രിഡ് ടിവിയിൽ ചേർന്നു. ഇംഗ്ലീഷിലും സ്പാനിഷിലും നിരവധി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഖത്തർ ലോകകപ്പിലൂടെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണ്ടർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.