നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഫെഡററെ ഞെട്ടിച്ച് സുമിത് നാഗൽ; ഇന്ത്യൻ ടെന്നീസിൽ പുതു താരപ്പിറവി

  ഫെഡററെ ഞെട്ടിച്ച് സുമിത് നാഗൽ; ഇന്ത്യൻ ടെന്നീസിൽ പുതു താരപ്പിറവി

  ഇരുപത് തവണ ഗ്രാൻസ്ലാം കിരീടം നേടിയ ഫെഡറർക്കെതിരെ ആദ്യ സെറ്റ് 6-4നാണ് 22കാരനായ സുമിത് നാഗൽ സ്വന്തമാക്കിയത്

  • Share this:
   ന്യൂയോർക്ക്: ടെന്നീസിലെ എക്കാലത്തെയും മികച്ച താരം റോജർ ഫെഡററെ ഞെട്ടിച്ച് ഗ്രാൻസ്ലാം കരിയറിൽ സ്വപ്നസമാന തുടക്കം നേടിയിരിക്കുകയാണ് ഇന്ത്യക്കാരനായ സുമിത് നാഗൽ. യു.എസ് ഓപ്പണിലെ ഒന്നാം റൌണിൽ ഫെഡററോട് തോറ്റെങ്കിലും ആദ്യ സെറ്റിൽ ഇതിഹാസതാരത്തെ പിന്നിലാക്കാൻ ഹരിയാനക്കാരനായ സുമിത് നാഗലിന് സാധിച്ചു. ഇരുപത് തവണ ഗ്രാൻസ്ലാം കിരീടം നേടിയ ഫെഡറർക്കെതിരെ ആദ്യ സെറ്റ് 6-4നാണ് 22കാരനായ സുമിത് നാഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ 6-4, 1-6, 2-6, 4-6 എന്ന സ്കോറിനാണ് നാഗൽ ഫെഡററിനോട് തോറ്റത്.

   രണ്ടും മൂന്നും സെറ്റുകളിൽ ഫെഡററുടെ പരിചയസമ്പത്തിന് മുന്നിൽ പകച്ചെങ്കിലും ഒന്നാമത്തെയും നാലാമത്തെയും സെറ്റുകളിൽ തകർപ്പൻ പ്രകടനമാണ് നാഗൽ പുറത്തെടുത്തത്. ദൈവത്തെ പോലെ ആരാധിക്കുന്ന താരത്തിനെതിരെ രണ്ടു മണിക്കൂറും 30 മിനിട്ടും പോരാടാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.

   ഈ ദശകത്തിൽ ഗ്രാൻഡ്സ്ലാം സിംഗിൾസ് പ്രധാന നറുക്കെടുപ്പിൽ പങ്കെടുത്ത അഞ്ചാമത്തെ ഇന്ത്യൻ പുരുഷ താരം കൂടിയാണ് നാഗൽ. നിലവിൽ ലോക റാങ്കിംഗിൽ 190-ാം സ്ഥാനത്താണ്. സോംദേവ് ദേവർമാൻ, യൂക്കി ഭാംബ്രി, സകേത്ത് മൈനെനി, പ്രജ്നെഷ് ഗുണേശ്വരൻ എന്നിവരാണ് 2010 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ ഗ്രാൻസ്ലാം സിംഗിൾസിൽ മത്സരിച്ച ഇന്ത്യക്കാർ.

   “ഇത് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്. എനിക്ക് ഒരു ദിവസം ഫെഡറർക്കെതിരെ കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം ടെന്നീസിന്റെ ദൈവമാണ്.”- ഫെഡററുമായുള്ള ആദ്യ റൗണ്ട് പോരാട്ടത്തിന് മുന്നോടിയായി നാഗൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

   പുസരല വെങ്കട്ട സിന്ധു: ജനിച്ചത് വോളിബോൾ കുടുംബത്തിൽ; ചരിത്രമെഴുതിയത് ബാഡ്മിന്റണിൽ

   പ്രധാന ടൂർണമെന്‍റുകളിൽ എൻട്രി കിട്ടാൻവേണ്ടി ഏറെക്കാലം നാഗൽ കാത്തിരുന്നു. എന്നാൽ ഇന്ന് ആ കാലം പോയിമറഞ്ഞിരിക്കുന്നു. 1997 ഓഗസ്റ്റ് 16ന് ജനിച്ച നാഗൽ 2015ൽ വിംബിൾഡൺ ജൂനിയർ ഡബിൾസ് കിരീടം നേടിയതോടെയാണ് ശ്രദ്ധേയനായത്. വിയറ്റ്നാമീസ് പങ്കാലി ലി ഹൊവാങ് നാമിനൊപ്പം ചേർന്നാണ് വിംബിൾഡൺ ജൂനിയർ ഡബിൾസിൽ ജേതാവായത്. 2016ൽ ഡേവിസ് കപ്പിൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയ നാഗൽ പിന്നീടുള്ള രണ്ടുവർഷംകൊണ്ട് ടെന്നീസിൽ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു.

   2019 നാഗലിനെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമായ വർഷമാണ്. റാങ്കിങിൽ ആദ്യ ഇരുന്നൂറിൽ സ്ഥാനം നേടിയ നാഗൽ, ചില ക്ലേ കോർട്ട് ടൂർണമെന്‍റുകളിൽ ശ്രദ്ധേയ പ്രകടനം നടത്തി. ഒടുവിൽ യു.എസ് ഓപ്പണിൽ യോഗ്യതയും നേടി. ഇടയ്ക്കിടെ പരിക്കിന്‍റെ പിടിയിൽപ്പെട്ടില്ലായിരുന്നെങ്കിൽ ഈ വർഷം കൂടുതൽ ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമായിരുന്നു.

   ഡേവിസ് കപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മഹേഷ് ഭൂപതിയാണ് സുമിത് നാഗലിന്‍റെ പ്രതിഭ തിരിച്ചറിഞ്ഞതും ടെന്നീസിലേക്ക് കൈപിടിച്ചുയർത്തിയതും. ഇപ്പോൾ സെർബിയക്കാരനായ മിലോസ് ഗലെസിച്ചിന്‍റെ കീഴിൽ പരിശീലിക്കുന്ന സുമിത് നാഗൽ ഇന്ത്യൻ ടെന്നീസിൽ ഭാവിവാഗ്ദ്ധാനമാണ്. ലിയാൻഡർ പേസും മഹേഷ് ഭൂപതിയും സോംദേവ് ദേവവർമനും സഞ്ചരിച്ച വഴിയെ കൂടുതൽ ഉയരങ്ങളിലെത്തുകയാണ് നാഗലിന്‍റെ ലക്ഷ്യം.
   First published:
   )}