• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിംബിൾഡൺ ട്രോഫിയിൽ ആ കൈതച്ചക്ക വന്നതെങ്ങനെ?


Updated: July 16, 2018, 1:32 PM IST
വിംബിൾഡൺ ട്രോഫിയിൽ ആ കൈതച്ചക്ക വന്നതെങ്ങനെ?

Updated: July 16, 2018, 1:32 PM IST
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസിൽ ഏറെ വിലമതിക്കപ്പെടുകയും ചെയ്യുന്ന ടൂർണമെന്റാണ് വിംബിൾഡൺ. പുരുഷ സിംഗിൾസ് വിജയിക്ക് ലഭിക്കുന്ന പ്രൗഢഗംഭീരമായ വിംബിൾഡൺ ട്രോഫി ടെന്നീസ് പ്രേമികളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. ട്രോഫിക്ക് മുകളിലായി ഒരു പഴവർഗത്തിന്റെ രൂപം സ്ഥാനം പിടിച്ചിട്ടുണ്ട്. സാക്ഷാൽ കൈതച്ചക്കയാണ് ലോകത്തിൽ ഏറ്റവും വിലമതിക്കപ്പെടുന്ന ട്രോഫികളിൽ ഒന്നിന്റെ തലപ്പത്ത് തലയുയർത്തി നിൽക്കുന്നത്.

പഴങ്ങളുടെ രാജാവും രാജ്ഞിയും ഒക്കെ വേറെയുള്ളപ്പോൾ കൈതച്ചക്ക എങ്ങനെ ഈ ട്രോഫിയിൽ ഇടംപിടിച്ചുവെന്നായിരിക്കും പലരും ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം ഇതാണ്. 1877ൽ വിംബിൾഡൺ ചാംപ്യൻഷിപ്പ് ആരംഭിച്ച സമയത്ത് ലോകത്ത് ഏറ്റവും വിലമതിക്കപ്പെട്ട പഴവർഗമായിരുന്നു പൈനാപ്പിൾ. അപൂർവമായി ലഭിക്കുന്ന വിലയേറിയ പഴവർഗം.

തെക്കേ അമേരിക്കയിൽ നിന്നാണ് ക്രിസ്റ്റഫർ കൊളംബസിലൂടെ ഈ ഫലം പുറംലോകത്തേക്ക് എത്തിയത്. പശ്ചിമ യൂറോപ്പിൽ കൈതച്ചക്ക കൃഷി ആരംഭിച്ചത് പിന്നീടാണ്. പഴയകാലത്ത് വിരുന്നുമേശയിൽ കൈതച്ചക്ക ഉപയോഗിച്ചിരുന്നത് സാമ്പത്തികമായി ഉന്നതശ്രേണിയില്‍ ഉള്ളവർ മാത്രമായിരുന്നു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും മതിപ്പുള്ള ട്രോഫികളിൽ ഒന്നായ വിംബിൾഡണിൽ കൈതച്ചക്ക ഇടംപിടിച്ചത്.



വിംബിൾഡൺ ട്രോഫിക്ക് മൂന്നു തവണ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ആദ്യത്തെ ട്രോഫി 'ദി ഫീൽഡ് ന്യൂസ്പേപ്പർ' ആയിരുന്നു സംഭാവന ചെയ്തത്. അന്ന് ഫീൽഡ് കപ്പ് എന്നാണ് അറിയപ്പെട്ടത്. 1881മുതൽ 83 വരെ തുടർച്ചയായി ടെന്നീസ് താരം വില്യം റെൻഷാ ഈ കപ്പ് സ്വന്തമാക്കി. പിന്നെ ഫീൽഡ് കപ്പിന് പകരം ചാലഞ്ച് കപ്പായി. അതും റെൻഷായുടെ കൈകളിൽ 1886 വരെ തുടർന്നു. 21 ഷില്ലിംഗ് ആയിരുന്നു ആ കപ്പ് നിർമിക്കാനുള്ള ചെലവ്. അന്ന് അത്രവലിയ തുകയായിരുന്നില്ല ഇത്. പിന്നീട് ഓൾ ഇംഗ്ലണ്ട് ക്ലബ് പുതിയ ട്രോഫി രൂപകൽപന ചെയ്തു. (ചെലവിട്ടത് ഏകദേശം 12 ലക്ഷം രൂപ). അന്നുമുതൽ വിജയികൾക്ക് ട്രോഫി സ്വന്തമാക്കാൻ കഴിയാതെയായി. 1949 മുതൽ ട്രോഫിയുടെ മാതൃക വിജയികൾ‌ക്ക് നൽകി തുടങ്ങി.

ഓൾ ഇംഗ്ലണ്ട് ക്ലബ് രൂപകൽപന ചെയ്ത പുതിയ ട്രോഫി വെള്ളി പൂശിയതായിരുന്നു. 46 സെ.മീ ഉയരം. ‘The All England Lawn Tennis Club Single Handed Championship of the World’എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അതാത് വർഷങ്ങളിലെ വിജയികളുടെ പേരും കപ്പിൽ എഴുതിയിരുന്നു. അങ്ങനെ 1877ൽ സ്പെൻസർ ഗോറിന്റെ പേരാണ് ആദ്യം എഴുതിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ പേരെഴുതാൻ സ്ഥലം തികയാതെ വന്നു. 2009 മുതൽ ട്രോഫിയുടെ ചുവട്ടിലായി ചതുര കട്ട പിടിപ്പിച്ചു.

വിംബിൾഡണിന്റെ ആദ്യരൂപമായ ഫീൽഡ് കപ്പ് ഇപ്പോൾ വിംബിൾഡൺ ടെന്നീസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ചാലഞ്ച് കപ്പെന്ന രണ്ടാമത്തെ ട്രോഫി എവിടെയാണെന്നത് സംബന്ധിച്ച് ആർക്കും ഒരു വിവരവുമില്ല.

 
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍