• HOME
 • »
 • NEWS
 • »
 • sports
 • »
 • ഫൈനലിന് ശേഷം അമിത ആഹ്ലാദം പാടില്ലെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി വില്യംസണ്‍

ഫൈനലിന് ശേഷം അമിത ആഹ്ലാദം പാടില്ലെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി വില്യംസണ്‍

'എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈയ്യകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.'

Virat Kohli and Kane Williamson

Virat Kohli and Kane Williamson

 • Share this:
  ഐ സി സിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം അവസാന നിമിഷങ്ങളില്‍ കാലിടറുന്ന പതിവുകള്‍ തെറ്റിച്ചുകൊണ്ട് കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തുകൊണ്ട് അവര്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിവീസ് ടീം ഒരു ഐ സി സി ട്രോഫി നേടുന്നത്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ന്യൂസിലന്‍ഡ് ആദ്യ ഐ സി സി കിരീടം നേടുന്നത്.

  റിസേര്‍വ് ദിനത്തില്‍ 139 റണ്‍സ് പിന്തുടര്‍ന്ന് റോസ് ടെയ്ലറോടൊപ്പം ഒരറ്റത്ത് നിന്ന് ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചുതകര്‍ത്ത് കിവികളെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വില്യംസണ്‍ തന്നെയായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയശില്‍പ്പി. കളിക്കളത്തിലും പുറത്തും എപ്പോഴും ശാന്തശീലനായി കാണുന്ന വില്യംസണിന് ഇന്ത്യയിലും നിറയെ ആരാധകരാണുള്ളത്. മാത്രമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കെയ്ന്‍ വില്യംസണും പരസ്പരം കാണിക്കുന്ന സ്‌നേഹവും ബഹുമാനവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും വര്‍ഷങ്ങളായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ്.

  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിന് പിന്നാലെ അമിത ആഹ്ലാദം വേണ്ടെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ ടീം തങ്ങളാണ് എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വില്യംസണിന്റെ തീരുമാനം. എന്നാല്‍ വില്യംസണിന്റെ സഹതാരങ്ങല്‍ ഈ നിര്‍ദേം അനുസരിച്ചരുന്നില്ല. ഇപ്പോഴിതാ ഫൈനലിലെ വിജയത്തിന് ശേഷം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് വില്യംസണ്‍.

  'കിരീടം നേടിയ ശേഷം അമിത ആഹ്ലാദം വേണ്ടെന്ന് ഞാന്‍ സഹ താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈയ്യകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ നന്നായി തന്നെ കിരീടനേട്ടം ആഘോഷിച്ചു. വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അറിയാവുന്നവരാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി നിരവധി ആളുകളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. താത്പര്യമുള്ള കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. ഞങ്ങളത് ചെയ്യാറുമുണ്ട്.'- വില്യംസണ്‍ പറഞ്ഞു.

  ആവേശകരമായ ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയെ മറികടന്ന് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും ഫൈനലില്‍ ഇന്ത്യന്‍ ടീം പരാജയമായി മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയെത്തിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യയുടെ പ്രകടനത്തില്‍ കാണമായിരുന്നു. കിവീസിന്റെ ഉയരക്കേമന്‍ കെയ്ല്‍ ജാമിസണിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. ജാമിസണെ തന്നെയാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുത്തതും. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.
  Published by:Sarath Mohanan
  First published: