ഐപിഎൽ അവസാനിച്ചു, ഇനി ചർച്ച ഇന്ത്യയുടെ
ഓസ്ട്രേലിയൻ പര്യടനത്തെ കുറിച്ചാണ്. എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്നത്. ഐപിഎൽ കഴിഞ്ഞതിന് പിന്നാലെ ബുധനാഴ്ച്ച രാത്രി തന്നെ മുപ്പതംഗ ഇന്ത്യൻ ടീം ദുബായിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പറന്നു. മൂന്ന് ട്വന്റി-20, മൂന്ന് ഏകദിനം, നാല് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.
ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ക്യാപ്റ്റൻ
വിരാട് കോഹ്ലി ഇന്ത്യയിലേക്ക് തിരിച്ചു പോകും. ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും. ജനുവരിയിൽ കുഞ്ഞ് ജനിക്കുന്ന സമയത്ത് അനുഷ്കയ്ക്കൊപ്പം ഉണ്ടാകണമെന്ന കോഹ്ലിയുടെ അഭ്യർത്ഥന മാനിച്ചാണ് ബിസിസിഐ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.
കോഹ്ലിയില്ലാത്ത ഇന്ത്യൻ ടീമിനെ ടെസ്റ്റിൽ പരാജയപ്പെടുത്താൻ ഓസ്ട്രേലിയക്ക് അനായാസം സാധിക്കുമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗൻ. ട്വിറ്ററിലൂടെയാണ് വോഗൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് കൂടെ ഉണ്ടാകണമെന്ന കോഹ്ലിയുടെ തീരുമാനം ശരിയാണ്. എന്നാൽ ഇതിനർത്ഥം ഓസ്ട്രേലിയ സീരീസ് അനായാസമായി വിജയിക്കും എന്നാണ്. ഇതാണ് വോഗന്റെ ട്വീറ്റ്.
കോഹ്ലിയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ആയിരിക്കും ടീമിനെ നയിക്കുക എന്നാണ് കരുതുന്നത്. കോഹ്ലിയുടെ പിന്മാറ്റം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിന് ശേഷം നവംബർ 29, ഡിസംബർ 2 തീയ്യതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങൾ. ഡിസംബർ നാലിനാണ് ആദ്യ ടി-20 മത്സരം നടക്കുക. ഡിസംബർ 6, 8 എന്നിങ്ങനെ അടുത്ത രണ്ട് മത്സരങ്ങളും നടക്കും. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. ഇതിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.