ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ യുഎഇയെയാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. 104 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ യുഎഇയുടെ പോരാട്ടം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 74 റൺസിൽ അവസാനിച്ചു.
ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സ്മൃതി മന്ദനയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ നല്ല സ്കോർ സ്വന്തമാക്കിയത്.
Also Read- വില കൂടിയ വാച്ചുകളും വാഹനങ്ങളും വളർത്തു നായ്ക്കളും; ക്രിക്കറ്റ് താരം കെ എൽ രാഹുലിന്റെ അടിപൊളി ജീവിതം
20 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപ്തി- ജെമിമ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വാണത്. ജെമിമ 45 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 75 റണ്‍സ് വാരി പുറത്താകാതെ നിന്നു. ദീപ്തി 49 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 64 റണ്‍സാണ് കണ്ടെത്തിയത്.
സഭിനേനി മേഘ്‌ന (10), റിച്ച ഘോഷ് (പൂജ്യം), ദയാളന്‍ ഹേമലത (രണ്ട്), പൂജ വസ്ത്രാകര്‍ (13) എന്നിവരാണ് പുറത്തായ താരങ്ങള്‍. കിരണ്‍ പ്രഭു നവഗിരെ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
Also Read- Asia Cup | ഗംഭീര തിരിച്ചുവരവ്; വിജയ രഹസ്യം വെളിപ്പെടുത്തി ജെമിമ റോഡ്രിഗസ്
മറുപടി ബാറ്റിങ്ങിൽ വിജയം തേടിയിറങ്ങിയ യുഎഇ വനിതകൾ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. 54 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കവിഷ എഗോഡഗെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 29 റണ്‍സെടുത്ത ഖുഷി ശര്‍മയും പിടിച്ചു നിന്നു. കളി അവസാനിക്കുമ്പോള്‍ കവിഷയ്‌ക്കൊപ്പം ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ഛായ മുഗളായിരുന്നു ക്രീസില്‍. ഓപ്പണര്‍ തീര്‍ഥ സതീഷ് (ഒരു റണ്‍), ഇഷ ഒസ (നാല്), നടാഷ ചെറിയത്ത് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദയാളന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Vs UAE, Women asia cup