• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കീർത്തിയുടെ ആകാശത്ത് ദിദിയെ ദെഷാം

News18 Malayalam
Updated: July 16, 2018, 9:21 PM IST
കീർത്തിയുടെ ആകാശത്ത് ദിദിയെ ദെഷാം
News18 Malayalam
Updated: July 16, 2018, 9:21 PM IST
കിരീടമണിഞ്ഞ് ഫ്രാൻസ്, ഹൃദയങ്ങൾ കീഴടക്കി ക്രോയേഷ്യ

ഡാബ് ഡാൻസുമായി പോഗ്ബ

ക്രോയേഷ്യക്കൊപ്പം ലോകം കണ്ണീർ വാർത്ത രാത്രി

ആഹ്ളാദത്തിന്റെ ആകാശത്തേക്ക് പറന്നുയർന്ന് ദിദിയെ ദെഷാം! ക്രോയേഷ്യൻ വെല്ലുവിളി മറികടന്ന് ഫുട്ബോൾ ലോകകപ്പ് ഒരിക്കൽ കൂടി നേടിയ ഫ്രഞ്ച് ടീം അതിനു വഴിയൊരുക്കിയ കോച്ചിനെ കൈകളിൽ കോരിയെടുത്ത് എറിഞ്ഞുയർത്തി ആഘോഷിച്ചു.

കളിക്കാരനായും പരിശീലകനായും ലോകകപ്പിൽ മുത്തമിടുന്ന മൂന്നാമത്തെ താരമായി അങ്ങനെ ദിദിയെ ദെഷാം. മുന്നിൽ ബ്രസീലിന്റെ മരിയോ സഗായോയും ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവറും മാത്രം.

ലുഷ്നിക്കി സ്റ്റേഡിയത്തിൽ വീണ ക്രോയേഷ്യൻ കളിക്കാരുടെ കണ്ണീരിനൊപ്പം മഴയും ആർത്തു പെയ്തു. ലോകത്തിന്റെ മുഴുവൻ ഐക്യദാർഢ്യം എന്ന പോലെ… ക്രോയേഷ്യയുടെ വേദന സ്വാഭാവികം. നല്ല കളി കളിച്ചിട്ടും കപ്പ് നിർഭാഗ്യം റാഞ്ചി.
ക്രോയേഷ്യയെ സ്നേഹിച്ചവർ വേദനിച്ചെങ്കിലും ഫുട്ബോൾ പ്രേമികൾക്കെല്ലാം ആഹ്ളാദിക്കാം. എന്തൊരു ലോകകപ്പ്, എന്തൊരു ഫൈനൽ! അര നൂറ്റാണ്ടിനു ശേഷം ഒരു ലോകകപ്പ് ഫൈനലിൽ അര ഡസൻ ഗോളുകൾ!
Loading...

ആറിൽ മൂന്നിനെ പറ്റി അധികം പറയാനില്ല. പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ തല തിരിഞ്ഞ ഒരു സ്വയം ഗോൾ, ക്രോയേഷ്യക്കാർ ഇപ്പോഴും തർക്കമുന്നയിക്കുന്ന ഒരു പെനൽറ്റി, പിന്നെ ഫ്രാൻസ് ഗോളി ലോറിസിന്റെ ആന മണ്ടത്തരത്തിൽ നിന്ന് ഒരു സമ്മാനം! പക്ഷേ മറ്റു മൂന്നു ഗോളുകൾ… ഫ്രാൻസിന്റെ പോൾ പോഗ്ബയുടെയും കിലിയൻ എംബാപ്പെയുടെയും ക്രോയേഷ്യയുടെ ഇവാൻ പെരിസിച്ചിന്റെയും കാലുകളിൽ നിന്നുതിർന്നത് ലോകകപ്പ് ഫൈനലിനൊത്ത തകർപ്പൻ മൂന്നെണ്ണം.

റാങ്കിംഗിലും പാരമ്പര്യത്തിലും കാതങ്ങൾ മുന്നിലുള്ള ഫ്രാൻസ് കപ്പ് നേടിയതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ അതിനിടയിൽ സംഭവിച്ച പലതും തിരക്കഥ പ്രകാരമല്ല – പ്രത്യേകിച്ച് കളിയുടെ 52-ാം മിനിറ്റിൽ നടന്ന ഗ്രൗണ്ട് കയ്യേറ്റം! സെക്യൂരിറ്റക്കാരും പൊലീസും ഓടിയെത്തി പ്രകടനക്കാരെ വലിച്ചു മാറ്റി. പുസ്സി റയട്ട് എന്ന സംഘടന അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അനധികൃത അറസ്റ്റ് നിർത്തണമെന്നും സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്ന് പുസി റയട്ട് ഗ്രൂപ്പ് സമൂഹ മാധ്യമങ്ങളിലുടെ അവകാശമുന്നയിച്ചു. ഗംഭീരമായി സംഘടിപ്പിച്ച ലോകകപ്പിനിടയിൽ പ്രസിഡന്റ് വ്ളാഡിമിർ പുച്ചിനേറ്റ ഏക തിരിച്ചടി.

ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കണ്ടത് വൈരുധ്യമാർന്ന കാഴ്ചകൾ. ലെ ബ്ള്യൂസ് ആഘോഷത്തിന്റെ കടലിലേക്ക് ആഴ്ന്നിറങ്ങി. മറുവശത്ത് ഫലം വിശ്വസിക്കാനാവാതെ ആകെ അമ്പരന്നു നിൽക്കുന്ന ലൂക്ക മോഡ്രിച്ച്.

സ്വപ്നതുല്യമായ കിരീടം കയ്യെത്തും ദൂരെ, എന്നാൽ വഴുതിപ്പോയ വിഷമത്തിൽ വട്രേനി… മൂന്നാം തവണ മാത്രം ഫൈനൽ കളിക്കുന്ന ഫ്രാൻസ് ആവട്ടെ രണ്ടാം കിരിടം ശേഖരിച്ച ആവേശത്തിലും. ആഘോഷത്തിന്റെ നായകത്വം ഒരിക്കൽ കൂടി പോഗ്ബ ഏറ്റെടുത്തു. പ്രശസ്തമായ ഡാബ് ഡാൻസ് ഒരിക്കൽ കൂടി. ഇക്കുറി ലോകകപ്പ് കയ്യിലേന്തിയായിരുന്നു എന്നു മാത്രം.

ഈ ഡാബ് എന്തെന്ന് അമ്പരക്കണ്ട. ഒരു കൈ ആകാശത്തേക്കും തല മറുകൈയിലേക്കു താഴ്ത്തിയും നടത്തുന്ന ഒരു സ്റ്റെപ്പ്! റാപ്പർമാരിൽ നിന്ന് ഏറ്റെടുത്തതെന്നു കരുതുന്ന ഡാബ് സംഗീത ആൽബങ്ങളിലൂടെ ജനപ്രിയമായി. അമേരിക്കൻ ഫുട്ബോൾ താരം കാം ന്യൂട്ടൺ ആണ് കളിക്കളത്തിൽ ഇതു തുടക്കത്തിൽ പരീക്ഷിച്ചത്.

ടൂർണമെന്റിന്റെ ഏറ്റവും വലിയ വ്യക്തിഗത കിരീടമായ ഗോൾഡൻ ബോളുമായി നടന്നകന്നത് ലൂക്ക മോഡ്രിച്ച്. പക്ഷേ ആ മുഖത്തു ചിരിയില്ലായിരുന്നു, സ്വാഭാവികം. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടുന്ന കളിക്കാരന് ലോകകപ്പിൽ മുത്തമിടാൻ ഇത്തവണയും കഴിഞ്ഞില്ല - 1998ൽ തുടങ്ങിയ ദുർവിധി.

ആറു ഗോളടിച്ച ഇംഗ്ളണ്ടിന്റെ ഹാരി കെയ്ൻ ഗോൾഡൻ ബൂട്ട് വാങ്ങാൻ ലുഷ്നിക്കി സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. കെയ്നിന്റെ പേരു വിളിച്ചപ്പോൾ ജനക്കൂട്ടം പ്രതികരിച്ചത് കൂക്കുവിളികളുമായി. മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളവ് അവാർഡ് വാങ്ങാൻ ബെൽജിയത്തിന്റെ തിബു കോർട്വയും ഹാജരായിരുന്നില്ല. പക്ഷേ ആ പ്രഖ്യാപനം കാണികൾ വരവേറ്റത് ഹർഷാരവത്തോടെ!
പെലെയ്ക്കു ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന കൗമാരക്കാരൻ കിലിയൻ എംബെപ്പെ ആറു കളിയിൽ നാലു ഗോളുമായി മികച്ച യുവതാരത്തിനുള്ള സമ്മാനം നേടി. ഇവിടെ നിന്ന് എങ്ങോട്ടായിരിക്കും പെലെയുടെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന എംബെപ്പെയുടെ പോക്ക്? റയൽ മാഡ്രിഡിൽ ഒരു സിംഹാസനം കാത്തിരിപ്പുണ്ട് – ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ട സിംഹാസനം!

 ഫ്രാൻസ് അർഹിച്ച കിരീടം. സംശയമില്ല. എങ്കിലും ക്രോയേഷ്യയുടെ വിഷമത്തിനൊപ്പം നിൽക്കാതെ വയ്യ. പ്രത്യേകിച്ച് ഒരു സ്വയം ഗോളും സംശയകരമായ ഒരു പെനൽറ്റിയും കണ്ട ആദ്യപകുതിയുടെ പോക്കു കണ്ടവർക്ക്. കിരീടമോഹം ഫ്രഞ്ച് പട തട്ടിത്തകർത്തെങ്കിലും ക്രോയാട്ടുകൾക്ക് തലയുയർത്തിപ്പിടിച്ചു മടങ്ങാം.

പ്രായത്തെ വെല്ലുവിളിച്ച മോഡ്രിച്ചിന്റെ നേതൃത്വത്തിൽ കുതിച്ച അവരെ കിരീടം കൈവിട്ടിരിക്കാം. പക്ഷേ ലക്ഷക്കണക്കിനു ഹൃദയങ്ങൾ കീഴടക്കിയാണ് ക്രോയേഷ്യ മടങ്ങുന്നത്.
ഗുഡ്ബൈ റഷ്യ! ഖത്തർ 2022നായുള്ള നീണ്ട കാത്തിരിപ്പ് തുടങ്ങുന്നു.
First published: July 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...