നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് യോഗ്യത: അഞ്ചിൽ അഞ്ചും ജയിച്ച് ബ്രസീലിന്‍റെ കുതിപ്പ്; ഇക്വഡോറിനെ 2-0ന് വീഴ്ത്തി

  ലോകകപ്പ് യോഗ്യത: അഞ്ചിൽ അഞ്ചും ജയിച്ച് ബ്രസീലിന്‍റെ കുതിപ്പ്; ഇക്വഡോറിനെ 2-0ന് വീഴ്ത്തി

  മത്സരത്തിൽ ബ്രസീലിനു തന്നെയാണ് മുൻതൂക്കമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാല് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നും വിജയിച്ച ഇക്വഡോറിന്റെ വലകുലുക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടി

  Neymar_Brazil

  Neymar_Brazil

  • Share this:
   ഖത്തർ ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കിക്കൊണ്ടിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ടീം. ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കിയാണ് തങ്ങളുടെ ഒരുക്കം ഗംഭീരമാക്കിയത്. ബ്രസീലിലെ പോർ‌ട്ടോ അലെഗ്രയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ തങ്ങളുടെ തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയത്. ഒരുപാട് നാടകീയ നിമിഷങ്ങൾ അരങ്ങേറിയതിന് ശേഷമാണ് തങ്ങളുടെ അപരാജിത കുതിപ്പ് ബ്രസീൽ ടീം നീട്ടിയെടുത്തത്. തങ്ങളുടെ അഞ്ചാം മത്സരത്തിലും വിജയം നേടിയതോടെ 15 പോയിൻ്റുമായി ഗ്രൂപ്പിൽ ബഹുദൂരം മുന്നിലാണ് കാനറിപ്പട. റിച്ചാർലിസൺ, നെയ്മർ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.

   മത്സരത്തിൽ ബ്രസീലിനു തന്നെയാണ് മുൻതൂക്കമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാല് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നും വിജയിച്ച ഇക്വഡോറിന്റെ വലകുലുക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ബ്രസീൽ 65ആം മിനുട്ടിൽ നെയ്മറുടെ മുന്നേറ്റത്തിൽ നിന്ന് ലഭിച്ച പാസിൽ ഒരു തകർപ്പൻ ഹാഫ്‌ വോളിയിലൂടെ റിച്ചാര്‍ളിസൺ ഇക്വഡോറിന്റെ ഗോൾവല ചലിപ്പിച്ചു. ഇക്വഡോർ ഗോൾ ഡോമിംഗ്വെസ് പന്ത് തടയാൻ ശ്രമിച്ചെങ്കിലും ബ്രസീൽ താരത്തിൻ്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയുടെ കയ്യിൽ തട്ടി ഇക്വഡോർ വല തുളച്ച് കയറുകയായിരുന്നു.

   ഗോൾ വീണതോടെ ബ്രസീൽ താരങ്ങൾ തങ്ങളുടെ ആക്രമണം വീണ്ടും ശക്തമാക്കി. വീണ്ടും ഒരുപാട് അവസരങ്ങൾ പിറന്നെങ്കിലും മുന്നേറ്റ നിരയിലെ താരങ്ങളുടെ ഫിനിഷിംഗിലെ പോരായ്മ കളിയിൽ അവർക്ക് തിരിച്ചടിയായി. മത്സരത്തിൽ ബ്രസീൽ നടത്തിയ മിക്ക നീക്കങ്ങളുടെയും സൂത്രധാരൻ നെയ്മർ തന്നെയായിരുന്നു.

   Also Read- കോപ്പ അമേരിക്ക ടൂർണമെൻ്റ് വീണ്ടും പ്രതിസന്ധിയിൽ; ബ്രസീലിയൻ താരങ്ങൾ പങ്കെടുത്തേക്കില്ല

   ഒരു ഗോളിൻ്റെ ബലത്തിൽ ബ്രസീൽ കളി ജയിക്കും എന്ന് കരുതിയിരിക്കവെയാണ് കളിയിലെ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഇക്വഡോർ ബോക്സിൽ ബ്രസീൽ നടത്തിയ മുന്നേറ്റത്തിനിടെ ബ്രസീൽ താരമായ ഗബ്രിയേൽ ജീസസ് ഇക്വഡോർ താരത്തിൻ്റെ ഫൗളിൽ ബോക്സിൽ വീണു. ബ്രസീലിയൻ താരങ്ങൾ പെനൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും റഫറി ആദ്യം പെനാൽറ്റി അനുവദിച്ചില്ല. പിന്നീട് വാർ പരിശോധന നടത്തിയ റഫറി പെനൽറ്റി അനുവദിച്ചു. നെയ്‌മർ എടുത്ത പെനാൽറ്റി ഇക്വഡോർ ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്കെടുക്കുന്നതിനു മുൻപ് ഗോളി മുന്നോട്ടു നീങ്ങിയതിനെ തുടർന്ന് റഫറി വീണ്ടും പെനാൽറ്റി വിധിക്കുകയായിരുന്നു. ഇതിനെതിരെ ഇക്വഡോർ താരങ്ങൾ അല്പ നേരം പ്രതിഷേധിച്ചെങ്കിലും റഫറി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. കിക്കെടുക്കാൻ എത്തിയത് സൂപ്പർ താരം നെയ്മർ. പക്ഷേ നെയ്മർ എടുത്ത കിക്ക് ഇക്വഡോർ ഗോളി ഡോമിംഗ്വസ് അനായാസം തടുത്തിട്ടു. കളിയിലെ നാടകീയ സംഭവങ്ങൾ അവിടം കൊണ്ട് തീർന്നിരുന്നില്ല. നെയ്മർ കിക്കെടുക്കുന്നതിന് മുൻപ് ഗോളി ഗോൾവര കടന്നിരുന്നോ എന്ന് പരിശോധിച്ച റഫറി ഗോളി വര കടന്നു എന്നത് വ്യക്തമായതോടെ വീണ്ടും കിക്കേടുക്കാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണ കിക്കെടുത്ത നെയ്മർക്ക് ലക്ഷ്യം പിഴച്ചില്ല. പന്ത് ഗോളിൻ്റെ വലതു മൂലയിലേക്ക് അടിച്ച താരം ടീമിൻ്റെ വിജയഗോൾ നേടി അവരുടെ നില സുരക്ഷിതമാക്കി.

   അതേസമയം, മുൻ ഇന്റർ മിലാൻ താരമായ ഗബ്രിയേൽ ബാർബോസ അഞ്ചു വർഷങ്ങൾക്കു ശേഷം ബ്രസീലിയൻ ടീമിനു വേണ്ടി കളിക്കാനിറങ്ങുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ഫ്ലമംഗോക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതു കൊണ്ട് ടീമിലിടം പിടിച്ച താരം ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു.

   ഇക്വഡോറിനെതിരെ ബ്രസീൽ വിജയം നേടിയതോടെ അർജന്റീനയുടെ രണ്ടാം സ്ഥാനവും സുരക്ഷിതമായി. ഇക്വഡോർ ബ്രസീലിനെ തോൽപ്പിച്ചിരുന്നെങ്കിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴുമായിരുന്നു. അഞ്ച് കളികൾ പൂർത്തിയായപ്പോൾ അർജൻ്റീനയ്ക്ക് 11ഉം ഇക്വഡോറിന് ഒമ്പത് പോയിൻ്റും ആണുള്ളത്. ഏഴ് പോയിൻ്റുമായി പാരഗ്വായ് ആണ് നാലാം സ്ഥാനത്ത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ ഉള്ള നാല് ടീമുകൾക്കാണ് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കേണ്ടി വരും.

   Summary- Brazil extends their World Cup qualifier winning streak to give after winning the match against Ecuador for 2-0
   Published by:Anuraj GR
   First published:
   )}