• HOME
  • »
  • NEWS
  • »
  • sports
  • »
  • World Cup Qualifier| ലോകകപ്പ് യോഗ്യതാ മത്സരം: വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്റീന

World Cup Qualifier| ലോകകപ്പ് യോഗ്യതാ മത്സരം: വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്റീന

ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഈജിപ്ത് ലോകകപ്പ് യോഗ്യതക്കരികിലെത്തി

  • Share this:
    ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ (World Cup Qualifier) വെനസ്വേലയെ (Venezuela) എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന (Argentina). സൂപ്പർ താരം ലയണൽ മെസ്സി (Lionel Messi), എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ തുടർച്ചയായി 30 മത്സരങ്ങളിൽ തോൽവിയറിയാതെ മെസ്സിയും സംഘവും കുതിപ്പ് തുടരുകയാണ്. ലാറ്റിനമേരിക്കയിൽനിന്ന് അർജന്റീനയും ബ്രസീലും നേരത്തെ തന്നെ ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

    കളിയുടെ 35ാം മിനിറ്റിൽ ഡി പോളിന്റെ അസിസ്റ്റിലൂടെ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു ആദ്യ ഗോൾ. 79ാം മിനിറ്റിലാണ് എയ്ഞ്ചൽ ഡി മരിയയുടെ ഗോൾ വരുന്നത്. രണ്ട് ഡിഫൻഡര്‍മാരെ മറികടന്ന് ഡി പോളില്‍നിന്ന് ലഭിച്ച പന്ത് എയ്ഞ്ചല്‍ ഡി മരിയ ഗോളാക്കുകയായിരുന്നു. 82ാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ. എയ്ഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍നിന്നായിരുന്നു മെസ്സി വല കുലുക്കിയത്.

    സെൽഫ് ഗോളിൽ ഈജിപ്തിന് ജയം

    ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഈജിപ്ത് ലോകകപ്പ് യോഗ്യതക്കരികിലെത്തി. നാലാം മിനിറ്റിൽ സാലിയോ സിസ്സിന്റെ സെൽഫ് ഗോളാണ് സെനഗലിന് വിനയായത്. കെയ്റോയിൽ തിങ്ങിനിറഞ്ഞ 75,000 കാണികളെ സാക്ഷിയാക്കിയായിരുന്നു ഒന്നാം പാദ മത്സരം. ചൊവ്വാഴ്ച സെനഗളിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. ആഫ്രിക്കയിൽ ഒരു ടീമും ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല.

    വെള്ളിയാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ അൾജീരിയ എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെയും ടുണീഷ്യ ഒരു ഗോളിന് മാലിയെയും പരാജയപ്പെടുത്തി. മൊറോക്കോ-കോംഗോ, ഘാന-നൈജീരിയ മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അഞ്ച് ടീമുകളാണ് ആഫ്രിക്കയിൽനിന്ന് ഖത്തറിലേക്ക് യോഗ്യത നേടുക.

    ഖത്തറിലേക്ക് ഇറ്റലിയില്ല

    ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തിയി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജ്വറി ടൈമിൽ അലക്സാണ്ടർ താജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇറ്റലി ദുർബലരായ എതിരാളികളോട് പരാജയപ്പെട്ടത്.

    പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ പോർച്ചുഗലാണ് നോർത്ത് മാസിഡോണിയയുടെ എതിരാളികൾ. ആദ്യ പ്ലേഓഫിൽ തുർക്കിയെ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെയെത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ വീഴ്ത്തിയത്. ഒട്ടാവിയോ (15), ഡീഗോ ജോട്ട (42), മാത്യൂസ് നൂനസ് (90+4) എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. തുർക്കിയുടെ ആശ്വാസ ഗോൾ 65–ാം മിനിറ്റിൽ ബുറാക് യിൽമാസ് നേടി. അതേസമയം, 85ാം മിനിറ്റിൽ തുർക്കിക്ക് ലഭിച്ച പെനൽറ്റി പാഴാക്കി തിരിച്ചുവരവിനുള്ള നേരിയ സാധ്യത നഷ്ടമാക്കി യിൽമാസ് അവരുടെ ദുരന്ത നായകനുമായി.

    നേരത്തെ, 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ഇറ്റലിയുടെ കിരീടനേട്ടം. യൂറോകപ്പ് നേടി വെറും എട്ടു മാസം പിന്നിടുമ്പോഴാണ് നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകുന്നത്.
    Published by:Rajesh V
    First published: