• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

മുൻ ലോകചാമ്പ്യൻമാർ ഇന്ന് നേർക്കുനേർ

news18india
Updated: July 6, 2018, 7:58 AM IST
മുൻ ലോകചാമ്പ്യൻമാർ ഇന്ന് നേർക്കുനേർ
news18india
Updated: July 6, 2018, 7:58 AM IST
മോസ്കോ: ലോകകപ്പിലെ ഏറ്റവും ആവേശം വിതറുന്ന ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ, ഫ്രാൻസ് ഉറുഗ്വെയെയും ബ്രസീൽ ബെൽജിയത്തെയും നേരിടും. ഈ മൽസരത്തിൽ ജയിക്കുന്നവർ ആദ്യസെമിയിൽ ഏറ്റുമുട്ടും. മുമ്പ് കിരീടം നേടിയ നാലു ടീമുകളാണ് ഇക്കുറി ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. എന്നാൽ, ഇത്തവണ റഷ്യയിൽ പുതിയൊരു ചാമ്പ്യൻ ഉദിക്കുമോ എന്ന് ക്വാർട്ടറിനു ശേഷമറിയാം.

റഷ്യയിൽ ഇപ്പോഴുള്ളത് എട്ടു ടീമുകൾ ശനിയാഴ്ചയാകുമ്പോഴേക്കും നാലായി ചുരുങ്ങും. ആ നാലു ടീമുകൾ ഏതൊക്കെയെന്ന് ഇന്നും നാളെയുമായി അറിയാം. ആദ്യക്വാർട്ടറിൽ ഫ്രാൻസും ഉറുഗ്വയുമാണ് നേർക്കുനേർ. ആരു തോറ്റാലും ലോകകപ്പിനത് കനത്ത നഷ്ടം. രാത്രി 11.30ന് ബ്രസീലിന് പുത്തൻ കരുത്തരായ ബെൽജിയമാണ് എതിരാളികൾ.

ശനിയാഴ്ച രണ്ടാം കിരീടം തേടിയെത്തുന്ന ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും. ക്വാർട്ടർ ഫൈനലുകൾ യൂറോ ലാറ്റിനമേരിക്കൻ പോരാട്ടങ്ങളാണ്. ഏഷ്യയും ആഫ്രിക്കയും മധ്യ അമേരിക്കന്‍ നാടുകളും ഇനി റഷ്യയിലില്ലെന്ന പ്രത്യേകതയുമുണ്ട്.

ഉറുഗ്വെ - ഫ്രാൻസ്

ഉറുഗ്വെ ഫ്രാൻസിനെ നേരിടുന്നതോടെ റഷ്യൻ ലോകകപ്പിന്‍റെ ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കും. രാത്രി 7.30ന് നിഷ്നി സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടായിരുന്നു ഉറുഗ്വെയുടെ പ്രീക്വാർട്ടർ പ്രവേശനം. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തിയ ഉറുഗ്വെ ഇതുവരെ ഒരു ഗോൾ മാത്രമെ വഴങ്ങിയിട്ടുള്ളു. ക്വാപ്റ്റൻ ഡീഗോ ഗോഡിൻ നേതൃത്വം നൽകുന്ന പ്രതിരോധനിര തന്നെയാണ് ടീമിന്‍റെ ശക്തി. ലൂയി സുവാരസും എഡിസൺ കവാനിയുമടങ്ങുന്ന മുന്നേറ്റ നിരയും അവസരത്തിനൊത്തുയ‌ർന്നാൽ ഉറുഗ്വെക്ക് ക്വാർട്ടർ കടക്കാനാവും. എന്നാൽ പരിക്കിന്‍റെ പിടിയിലായ കവാനി ഫ്രാൻസിനെതിരെ കളിക്കുമോ എന്ന് വ്യക്തമല്ല.

രണ്ടു ജയവും ഒരു സമനിലയുമായി ഗ്രൂപ്പുഘട്ടം കയറിയ ഫ്രാൻസിനെയായിരുന്നില്ല പ്രിക്വാർട്ടറിൽ അർജന്‍റീനയ്ക്കെതിരെ കണ്ടത്. പ്രഗൽഭരായ അർജന്‍റീന പ്രതിരോധത്തെ കടന്ന് നാലുഗോളുകൾ നേടി രാജകീയമായിട്ടായിരുന്നു ഫ്രഞ്ച് പട ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. മൂന്നു ഗോളുകളുമായി മിന്നും ഫോമിലുള്ള യുവതാരം കിലിയൻ എംബാപ്പെയിൽ തന്നെയാണ് ഫ്രാൻസിന്‍റെ പ്രതീക്ഷ. എംബാപ്പെക്കൊപ്പം ഗ്രീസ്മാനും പോഗ്ബയും ഡെംബലെയുമടങ്ങുന്ന ഫ്രഞ്ച് നിര ഉറുഗ്വെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ കെൽപ്പുള്ളവരാണ്.

ബ്രസീൽ-ബെൽജിയം
Loading...

യൂറോ-ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ ശക്തി തെളിയിക്കലാവും ബ്രസീൽ-ബെൽജിയം ക്വാർട്ടർ ഫൈനൽ. ഇന്ന് രാത്രി 11.30ന് കസാൻ അരീനയിലാണ് മത്സരം. തുടർച്ചയായ എട്ടാം തവണയാണ് ബ്രസീൽ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ കളിക്കാനെത്തുന്നത്. സ്വിറ്റ്സർലന്‍റിനെതിരെ സമനിലയോടെ ലോകകപ്പ് തുടങ്ങിയ കാനറികൾ ഒരോ മത്സരത്തിലും കൂടുതൽ ശക്തരാവുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ ജയം.

ആദ്യമത്സരത്തിൽ സ്വിറ്റ്സർലന്‍റ് നേടിയ ഒരു ഗോൾ മാത്രമാണ് അവരുടെ പ്രതിരാധം ഇതുവരെ വഴങ്ങിയത്. കൊട്ടീഞ്ഞോയും വില്ല്യനുമടക്കമുള്ളവർ അവസരത്തിനൊത്തുയരുന്നതും നെയ്മർ ഫോമിലേക്ക് തിരിച്ചെത്തിയതും ബെൽജിയത്തിനെതിരെ ബ്രസീലിന് പ്രതീക്ഷ നൽകുന്നു. ടൂർണമെന്‍റിലിതു വരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ബെൽജിയം.

നാലു മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്. നാലു ഗോളുകളുമായി ടോപ് സ്കോറർ പട്ടികയിൽ മുന്നിലുള്ള റൊമേലു ലുക്കാക്കുവും ക്യാപ്റ്റൻ ഈഡൻ ഹസാർഡുമാണ് ശ്രദ്ധേയ താരങ്ങളെങ്കിലും ടീമിനെ ജയിപ്പിക്കാൻ പോന്ന ഒരു പിടി താരങ്ങളാണ് അവരുടെ കരുത്ത്. പ്രീക്വാർട്ടറിൽ ജപ്പാനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 3 ഗോളടിച്ച് ജയിച്ച് കയറിയത് ടീമെന്ന നിലയിൽ അവരുടെ ശക്തി തെളിയിക്കുന്നതായിരുന്നു. ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയിട്ടുള്ള ബ്രസീൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ബെൽജിയത്തിന്‍റെ സുവർണനിരക്കാവുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...