ബിര്‍മിങ്ഹാം: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ലോഡ്സിലേക്കാണ്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോഡ്സില്‍ ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്തെത്തിയ ന്യൂസീലന്‍ഡും ഓസീസിന് മടക്ക ടിക്കറ്റ് നല്കിയ ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളുണ്ടാകും. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെയും കിരീടം നേടാന്‍ കഴിയാത്ത രണ്ടു ടീമുകളാണ് ഇത്തവണ ഫൈനലിലെത്തിയിരിക്കുന്നത്.
ക്രിക്കറ്റിന്റെ തറവാട്ടുകാരാണെങ്കിലും ഇതുവരെയും ലോകകപ്പില്‍ മുത്തമിടാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. കലാശപോരാട്ടത്തിന് തന്നെ അവര്‍ അര്‍ഹത നേടിയത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 ലാണ്. അന്ന് പാകിസ്ഥാനോട് 22 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീമിന് പിന്നെ ഫൈനലില്‍ എത്താന്‍വരെ കഴിഞ്ഞിട്ടില്ല. ഇത്തവണ സെമിയില്‍ ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത ഓയിന്‍ മോര്‍ഗനും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മറുവശത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡ് തയ്യാറെടുക്കുന്നത്. പക്ഷേ ലോകകിരീടം എന്നത് അവര്‍ക്കും നിലവില്‍ സ്വപ്നം മാത്രമാണ്. ഇത്തവണ കരുത്തരായ ഇന്ത്യയെ 18 റണ്‍സിന് തകര്‍ത്ത കിവികള്‍ കിരീടം ഉയര്‍ത്താന്‍ കരുത്തുള്ള സംഘമാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ഓസീസിനോട് ഏഴു വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.