ആറ് വർഷാവസാനങ്ങളിൽ എടിപി ടെന്നീസ് റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തുക എന്ന അപൂർവ നേട്ടം നേട്ടം സ്വന്തമാക്കി സെർബിയൻ താരം
നൊവാക് ജോക്കോവിച്ച്. അമേരിക്കയുടെ പീറ്റ് സാംപ്രസിന്റെ പേരിലുള്ള ലോകറെക്കോർഡാണ് ജോക്കോവിച്ച് മറികടന്നത്. 2011, 2012, 2014, 2015, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് ജോക്കോവിച്ച് ഒന്നാമനായി വർഷാവസാനം വരെ നിന്നത്.
1993 നും 1998 നും ഇടയ്ക്ക് പീറ്റ് സാംപ്രസ് മാത്രമാണ് ഇതിന് മുമ്പ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 286 ആഴ്ച്ചകളിൽ ഒന്നാം റാങ്കിൽ നിന്ന പീറ്റ് സാംപ്രസിന്റെ റെക്കോർഡ് കഴിഞ്ഞ സെപ്റ്റംബറിൽ ജോക്കോവിച്ച് മറികടന്നിരുന്നു. 310 ആഴ്ച്ചകളിൽ ഒന്നാം റാങ്ക് നിലനിർത്തിയ റോജർ ഫെഡററാണ് ഇനി ജോക്കോവിച്ചിന്റെ മുന്നിലുള്ളത്. അടുത്ത മാർച്ച് 8 വരെ ഒന്നാം റാങ്ക് നിലനിർത്താൻ ജോക്കോവിച്ചിന് കഴിഞ്ഞാൽ ഫെഡററേയും മറികടക്കാം.
തന്റെ നേട്ടങ്ങളിലെ കിരീടം എന്നാണ് പുതിയ റെക്കോർഡിനെ കുറിച്ച് ജോക്കോവിച്ച് പ്രതികരിച്ചത്. ഈ വർഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സീസൺ പുനരാരംഭിച്ചത് ഓഗസ്റ്റിലാണ്. ലോക്ക്ഡൗണിന് മുമ്പ് എവിടെയാണോ നിർത്തിയത് അവിടെ നിന്നുമാൺ താൻ തുടങ്ങിയത്. കാര്യങ്ങൾ ഇങ്ങനെയായതിൽ ഏറെ സന്തോഷമുണ്ട്- ജോക്കോവിച്ച് പറഞ്ഞു.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുന്നതിനാൽ തനിക്ക് സമ്മിശ്ര വികാരമാണ് നേട്ടം കൈവരിച്ചതിലുള്ളത്. കായികലോകത്തെ വലിയ നേട്ടങ്ങളിലൊന്ന് താൻ കൈവരിച്ചിരിക്കുന്നു. എന്നാൽ അനേകം പേർ കഠിനകാലത്തിലൂടെയാണ് കടന്നു പോകുന്നത്. അവർക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും ജോക്കോവിച്ച്.
ലണ്ടനിൽ എടിപി ടൂർ ഫൈനൽസിന് പരിശീലിക്കുകയാണ് ജോക്കോവിച്ച് ഇപ്പോൾ. ഈ വർഷം ആറ് കിരീടങ്ങളാണ് ജോക്കോവിച്ച് നേടിയത്. എടിപി കപ്പ്, ഓസ്ട്രേലിയൻ ഓപ്പൺ, ദുബൈ ഓപ്പൺ, സിൻസിനാറ്റി ഓപ്പൺ, റോം എന്നിവയാണ് ഈ വർഷത്തെ കിരീട നേട്ടങ്ങൾ. യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജിന്റെ മേൽ പന്ത് അടിച്ചതിന്റെ പേരിൽ തല കുനിച്ച് കോർട്ടിൽ നിന്ന് മടങ്ങിയ ജോക്കോവിച്ചിനേയും ടെന്നീസ് ലോകം ഈ വർഷം കണ്ടു.
സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റയുമായുള്ള മത്സരത്തിനിടെയാണ് ജോക്കോവിച്ചിന്റെ പന്ത് അബദ്ധത്തിൽ ലൈൻ ജഡ്ജിന് കൊണ്ടത്. പിന്നിലേക്ക് അടിച്ച പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ കൊള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.