• HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |'മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് താങ്കൾ'; കോലിക്ക് പിറന്നാളാശംസ നേർന്ന് ഡിവില്ലിയേഴ്സ്

Virat Kohli |'മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് താങ്കൾ'; കോലിക്ക് പിറന്നാളാശംസ നേർന്ന് ഡിവില്ലിയേഴ്സ്

കോഹ്ലിയും ഡിവില്ലിയേഴ്സും സുഹൃത്തുക്കളും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെ മുൻ സഹതാരങ്ങളുമാണ്

  • Share this:
    ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ (Virat Kohli) ജൻമദിനത്തിൽ പ്രത്യേക വീ‍ഡിയോ സന്ദേശവുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് (AB de Villiers). ഇരുവരും സുഹൃത്തുക്കളും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെ മുൻ സഹതാരങ്ങളുമാണ്. ഇന്നാണ് കോലിയുടെ മുപ്പത്തിനാലാം പിറന്നാൾ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ താരത്തിന് ആശംസകൾ നേർന്ന് രം​ഗത്തെത്തുന്നുണ്ട്.

    ഐപിഎൽ 2023 ലേലത്തിന് മുന്നോടിയായി ഡിവില്ലിയേഴ്സ് ഇപ്പോൾ ബം​ഗളൂരുവിലാണ്. വരാനിരിക്കുന്ന സീസണിൽ അദ്ദേഹം വീണ്ടും ആർസിബിയിൽ ചേരുമെന്ന് റോയൽ ചലഞ്ചേഴ്‌സിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ''താങ്കൾ സുഖമായിരിക്കുന്നെന്ന് ഞാൻ കരുതുന്നു. ഞാൻ ഇപ്പോൾ ബം​ഗളൂരുവിലുണ്ട്. നിങ്ങൾ മികച്ചൊരു ക്രിക്കറ്റ് താരമാണ്, അതോടൊപ്പം വളരെ നല്ലൊരു മനുഷ്യനുമാണ്. നിങ്ങളുടെ സൗഹൃദത്തിന് വളരെ നന്ദി. ഒരു മികച്ച ടീമംഗമായതിനും ഒരു മികച്ച മനുഷ്യനായതിനും നന്ദി. ജന്മദിനാശംസകൾ. താങ്കൾക്കും മുഴുവൻ ഇന്ത്യൻ ടീമിനും ലോകകപ്പിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജന്മദിനാശംസകൾ, ഒരു മികച്ച ദിനം ആശംസിക്കുന്നു'', കോലിക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോയിൽ ഡിവില്ലിയേഴ്സ് പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

    വിരാട് കോലിക്ക് ജന്മദിനാശംസകൾ നേർന്ന് അഡ്‌ലെയ്ഡിലെ ആരാധകരും ഇന്നലെ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കായി മെൽബണിലെത്തിയതായിരുന്നു ഇന്ത്യൻ ടീം. നവംബർ 2 ന് അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മൽസരത്തിൽ അർദ്ധസെഞ്ചുറി‌ നേടിയ കോലിയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ബം​ഗ്ലാദേശിനെതിരായ വിജയത്തോടെ, ഇന്ത്യൻ ടീം സെമി ഫൈനലിലെത്താനുള്ള സാധ്യതയും വർദ്ധിച്ചു.

    ഇന്ത്യൻ ടീം ആരാധകരിൽ ചിലർ 'ഹാപ്പി ബർത്ത്ഡേ കിങ് കോലി' എന്നെഴുതിയ ഒരു പോസ്റ്ററും കൊണ്ടുവന്നിരുന്നു. ആരാധകർക്കു നേരെ തംബ്‌സ് അപ്പ് സൈൻ കാണിച്ചാണ് കോലി ഇതിനോട് പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.

    ഈ വർഷത്തെ ടി20 ലോക കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനും വിരാട് കോലിയാണ്. 220 റൺസാണ് താരം ഇതുവരെ നേടിയത്. പുറത്താകാതെ മൂന്ന് അർധസെഞ്ചുറികളും ഇത്തവണ കോലി സ്വന്തം പേരിൽ കുറിച്ചു. മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധനെയുടെ 1016 റൺസിന്റെ റെക്കോർഡ് മറികടന്ന് ടി20 ലോകകപ്പിലെ ഏറ്റവും വലിയ റൺ വേട്ടക്കാരനായും കോലി അടുത്തിടെ ചരിത്രം കുറിച്ചിരുന്നു.
    Published by:Anuraj GR
    First published: