റിഷഭ് പന്തിനെ (Rishabh Pant) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കണമെന്ന് സെലക്ടർമാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് (Yuvraj Singh). പുതിയതായി സംപ്രേഷണം ആരംഭിച്ച സ്പോർട്സ് ചാനലായ സ്‌പോർട്‌സ് 18-ന് (Sports 18) നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുവരാജിന്റെ പരാമർശം. സമീപ കാലത്ത് ഉയർന്നു വന്ന മികച്ച കളിക്കാരിൽ ഒരാളാണ് ഋഷഭ് പന്ത് എന്നും അദ്ദേഹത്തിന് ഇനിയും കൂടുതൽ സമയം അനുവദിക്കണമെന്നും ഗ്രൂം ചെയ്യണമെന്നും യുവരാജ് സെലക്ടർമാരോട് ആവശ്യപ്പെട്ടു.
“ആരെയെങ്കിലും ഉടൻ തയ്യാറാക്കേണ്ട് അത്യാവശ്യമാണ്. മഹി (മഹേന്ദ്രസിങ്ങ് ധോണി) ഒരിക്കൽ ക്യാപ്റ്റനായതു പോലെ. അവൻ സാവധാനം വളർന്നു വരികയായിരുന്നു. കീപ്പർ എല്ലായ്പ്പോഴും നന്നായി ചിന്തിക്കുന്ന ആളാണ്. കാരണം അയാൾ എല്ലായ്പ്പോഴും ഗ്രൗണ്ട് നന്നായി വീക്ഷിക്കുന്ന ആളാണ്. ഭാവിയിൽ ക്യാപ്റ്റനാകാൻ വരെ കഴിയുന്ന ഒരു ചെറുപ്പക്കാരനെ നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കുക. അദ്ദേഹത്തിന് സമയം നൽകുക. ആദ്യത്തെ ആറ് മാസത്തിനോ ഒരു വർഷത്തിനോ അകം അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്. നിങ്ങൾ ആ ചെറുപ്പക്കാരെ വിശ്വസിക്കണമെന്നാണ് എന്റെ അഭിപ്രായം'', സ്‌പോർട്‌സ് 18 നുമായുള്ള അഭിമുഖത്തിൽ യുവരാജ് സിങ്ങ് പറഞ്ഞു.
പന്തിന്റെ പക്വതയെ ചോദ്യം ചെയ്യുന്ന വിമർശകരുടെ സമീപനത്തോടും യുവരാജ് പ്രതികരിച്ചു: ''ആ പ്രായത്തിൽ എനിക്കും പക്വതയില്ലായിരുന്നു, വിരാട് ആ പ്രായത്തിൽ ക്യാപ്റ്റനായിരിക്കുമ്പോഴും പക്വതയില്ലായിരുന്നു. എന്നാൽ അദ്ദേഹം (പന്ത്) കാലത്തിനനുസരിച്ച് പക്വത കൈവരിക്കുന്ന ആളാണ്. സപ്പോർട്ട് സ്റ്റാഫ് ഇതേക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ടെസ്റ്റ് ടീമിനെ നയിക്കാൻ അനുയോജ്യനായ ആളാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു."
ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് 17 ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെക്കുറിച്ച് താൻ പന്തുമായി ഇടക്ക് സംസാരിക്കാറുണ്ടെന്നും യുവരാജ് വെളിപ്പെടുത്തി. റിഷഭ് പന്ത് ഇതിനകം നാല് ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുണ്ട്. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ എന്ന നിലയിൽ പന്ത് ഭാവിയിലെ ഇതിഹാസമാകുമെന്നും യുവരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Also Read- IPL 2022 | തെവാട്ടിയ-റാഷിദ് വെടിക്കെട്ട്; ഹൈദരാബാദിൽ നിന്നും ജയം പിടിച്ചെടുത്ത് ഗുജറാത്ത്; ഒന്നാമത്
സ്പോർട്സ് 18 ചാനലിൽ സംപ്രേഷണം ആരംഭിച്ച ഹോം ഓഫ് ഹീറോസ് (Home of Heroes) എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിലായിരുന്നു യുവരാജിന്റെ പരാമർശങ്ങൾ. ഏപ്രിൽ 29 ന് വൈകുന്നരം 7 മണിക്കാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഇന്ത്യൻ കായികരംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങളായിരിക്കും ഈ പരിപാടിയിൽ ഉണ്ടായിരിക്കുക. എസ്ഡി, എച്ച്ഡി ഫോർമാറ്റുകളിൽ ചാനല്‍ ലഭ്യമാണ്. ഫിഫ വേള്‍ഡ് കപ്പ് , എന്‍ബിഎ, ലാലിഗ, ലീഗ് 1,അബുദാബി ടി10, എടിപി ആൻഡ് ബിഡബ്ല്യുഎഫ് ഇവന്റുകള്‍ എന്നിവയുള്‍പ്പെട്ട ലോകത്തിലെ പ്രീമിയം കായിക പരിപാടികളും കായിക പ്രേമികൾക്ക് സ്പോർട്സ് 18 നിലൂടെ ആസ്വദിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.