ലാഹോർ: ഹോളി ആഘോഷത്തിനിടെ പാകിസ്ഥാനിലെ സർവകലാശാലയിൽ സംഘർഷം. 15 ലധികം ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പഞ്ചാബ് സര്‍വകലാശാല പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിക്കുന്നത് തടഞ്ഞ് ഒരു ഇസ്ലാമിക് വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതെന്ന് പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഞ്ചാബ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ലോ കോളേജിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയോടെ ഇവിടെ ഹോളി ആഘോഷിക്കാനായി 30ലധികം ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നിരുന്നു.
”വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിക്കാനായി എത്തിയപ്പോള്‍ ഇസ്ലാമി ജാമിയത്ത് തുല്‍ബ (ഐജെടി) പ്രവര്‍ത്തകര്‍ ഹോളി ആഘോഷിക്കുന്നത് തടഞ്ഞ് രംഗത്തെത്തുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഏകദേശം 15ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്,’ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ കാഷിഫ് ബ്രോഹി പറഞ്ഞു.
Also Read- സ്കൂൾ വിദ്യാർത്ഥിനികളുടെ പഠനം മുടക്കാൻ ഇറാനിൽ വിഷവാതക പ്രയോഗം
ഹോളി ആഘോഷിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നും കാഷിഫ് പറഞ്ഞു. അതേസമയം ഐജെടി പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരും മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
” ഐജെടി പ്രവര്‍ത്തകര്‍, സര്‍വ്വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഐജെടിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സംഘടനയുടെ മുഖ്യവക്താവ് ഇബ്രാഹിം ഷഹീദ് പറഞ്ഞു.
Also Read- ഇന്ത്യ – ശ്രീലങ്ക സാമ്പത്തിക ഇടപാടുകൾക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
എന്നാല്‍ ലോ കോളേജ് മൈതാനത്ത് ഹോളി ആഘോഷിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചാബ് സര്‍വകലാശാല വക്താവ് ഖുറം ഷഹ്‌സാദ് പറഞ്ഞു. കോളേജിനുള്ളില്‍ വച്ച് ആഘോഷം നടത്തിയിരുന്നുവെങ്കില്‍ ഈ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hindu, Holi festival, Pakistan