നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അപകടകരമായ വനമേഖല താണ്ടി ഈ വർഷം അമേരിക്കയിലേക്കെത്തിയത് 19,000 കുട്ടികള്‍: യുനിസെഫ്

  അപകടകരമായ വനമേഖല താണ്ടി ഈ വർഷം അമേരിക്കയിലേക്കെത്തിയത് 19,000 കുട്ടികള്‍: യുനിസെഫ്

  അതിര്‍ത്തി കടക്കുന്ന അഞ്ച് കുടിയേറ്റക്കാരില്‍ ഒരാള്‍ കുട്ടികളാണ്.

  (Image: REUTERS)

  (Image: REUTERS)

  • Share this:
   അമേരിക്കയിലേക്ക് എത്താന്‍ ഈ വര്‍ഷം അപകടകരമായ ഡാരിയന്‍ ഗ്യാപ് വനം മുറിച്ചു കടന്നത് 19,000 കുട്ടികള്‍ എന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള കുട്ടികളുടെ ഏജന്‍സിയായ യൂനിസെഫിന്റെ (UNICEF) വെളിപ്പെടുത്തല്‍. പനാമയുടെയും കൊളംബിയുടെയും അതിര്‍ത്തികള്‍ക്കിടയില്‍ വ്യാപിച്ചുകിടക്കുന്ന അപകടകരമായ കാടുകള്‍ കടന്നാണ് ഈ കുടിയേറ്റക്കാരായ കുട്ടികള്‍ വടക്കേ അമേരിക്കയിലേക്കുള്ള യാത്ര നടത്തിയതെന്ന് യൂനിസെഫ് തിങ്കളാഴ്ച പറഞ്ഞു.

   ഡാരിയന്‍ ഗ്യാപ് മറികടക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ്. അതിര്‍ത്തി കടക്കുന്ന അഞ്ച് കുടിയേറ്റക്കാരില്‍ ഒരാള്‍ കുട്ടികളാണ്. അതില്‍ പകുതിയും അഞ്ച് വയസ്സിന് താഴെയുള്ളവരാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2021ല്‍, കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും കാട്ടിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ''മാതാപിതാക്കളില്ലാതെ 150-ലധികം കുട്ടികള്‍ പനാമയിലെത്തി, അവരില്‍ ചിലര്‍ നവജാത ശിശുക്കളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20 മടങ്ങ് വര്‍ദ്ധനവാണ് കാണാൻ കഴിയുന്നത്'', ഏജന്‍സി പറയുന്നു.

   കുടിയേറ്റക്കാരായ കുട്ടികള്‍ ചിലപ്പോള്‍ ബന്ധുക്കളോടൊപ്പമോ മനുഷ്യക്കടത്തുകാരുടെ കൈകളിലൂടെയോ ആണ് യാത്ര നടത്തുന്നത്. ''ഉള്‍ക്കാട്ടില്‍ വന്യമൃഗങ്ങളുടെയും പ്രാണികളുടെയും ആക്രമണം, സുരക്ഷിതമായ കുടിവെള്ളത്തിന്റെ അഭാവം മുതലായ ഭീഷണികൾ പോലെ തന്നെ അപകടകരമാണ് കവര്‍ച്ച, ബലാത്സംഗം, മനുഷ്യക്കടത്ത് എന്നിവയും. ആഴ്ചതോറും കൂടുതല്‍ കുട്ടികള്‍ക്ക് മരണം സംഭവിക്കുകയോ മാതാപിതാക്കളെ നഷ്ടപ്പെടുകയോ ചെയ്യുന്നു. അല്ലെങ്കില്‍ ഈ അപകടകരമായ യാത്രയ്ക്കിടയിൽ അവർ ബന്ധുക്കളില്‍ നിന്ന് അകന്നുപോകുന്നു", യൂനിസെഫ് റീജിയണല്‍ ഡയറക്ടര്‍ ജീന്‍ ഗോഫ് പറയുന്നു.

   Also Read-ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണാറുണ്ടോ? കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള കാരണങ്ങൾ

   ആഫ്രിക്ക, ദക്ഷിണേഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാര്‍ ഈ പ്രദേശം കടക്കുന്നതായി യൂനിസെഫ് പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധി കാരണം മാസങ്ങളോളം അടച്ചിട്ടിരുന്ന അതിര്‍ത്തികള്‍ 2021ന്റെ തുടക്കത്തില്‍ തുറന്നതിനുശേഷം, പ്രതിസന്ധി ഉണ്ടാകുമെന്ന് പനാമ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബറോടെ, കൊളംബിയയില്‍ നിന്ന് പ്രവേശിച്ചത് റെക്കോര്‍ഡ് സഖ്യയിലുള്ള കുടിയേറ്റക്കാരായിരുന്നു എന്ന് മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ ഇമിഗ്രേഷന്‍ അധികാരികള്‍ അറിയിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത 91,305 കുടിയേറ്റക്കാരില്‍ 56,676 പേര്‍ ഹെയ്തിയക്കാരും 12,870 ക്യൂബക്കാരും ആയിരുന്നു.

   ഭൂഖണ്ഡത്തിലെ ഏറ്റവും അപകടകരമായ പ്രദേശമായി കണക്കാക്കപ്പെടുന്ന ഭാഗമാണ് ഡാരിയന്‍ ഗ്യാപ്പ്. പനാമയെയും കൊളംബിയയെയും വിഭജിക്കുന്ന ഉഷ്ണമേഖലാ വനമേഖലയുടെ വിശാലവും ജനവാസമില്ലാത്തതുമായ ഭാഗമാണ് ഡാരിയന്‍ ഗ്യാപ്പ്. മയക്കുമരുന്ന് സംഘങ്ങളും അക്രമികളും യഥേഷ്ടം വിഹരിക്കുന്ന ഈ പാതയിലൂടെയാണ് കുടിയേറ്റക്കാര്‍ നീങ്ങുന്നത്. കൂടാതെ ഈ പാതയിലൂടെ യാത്ര നടത്താന്‍ വന്യജീവികളെയും അപകടകരമായ നദികളെയും തരണം ചെയ്യണം.

   യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിക്ക് കീഴിലുള്ള ഒരു സംഘടനയാണ് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് അല്ലെങ്കില്‍ യൂനിസെഫ്. രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികള്‍ അനുഭവിച്ച രാജ്യത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ 1946 ഡിസംബര്‍ 11-നായിരുന്നു ഈ ഏജന്‍സി ആരംഭിച്ചത്. ഇന്ന് ഇരുന്നൂറിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്റ പ്രവര്‍ത്തനമേഖല. കുട്ടികളെ മാത്രമല്ല, അമ്മമാരെയും സംരക്ഷിക്കേണ്ടത് കടമയാണെന്ന് യൂനിസെഫ് കരുതുന്നു. അതിനാല്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ഈ ഏജന്‍സി സഹായങ്ങള്‍ എത്തിക്കാറുണ്ട്.
   Published by:Naseeba TC
   First published:
   )}