• HOME
  • »
  • NEWS
  • »
  • world
  • »
  • പാക്കിസ്ഥാനില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ടു

പാക്കിസ്ഥാനില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ടു

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച മൃതദേഹങ്ങളാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം

  • Share this:
പാക്കിസ്ഥാനിലെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200-ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്‍ക്കൂരയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം സോഷ്യല്‍ മീഡയയില്‍ വൻ പ്രതിഷേധത്തിന് കാരണമായി.

മുഖ്യമന്ത്രിയുടെ ഉപദേശകൻ ചൗധരി സമാന്‍ ഗുജ്ജാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ തനിക്ക് ഒരാള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഗുജ്ജാര്‍ പറഞ്ഞു.

മോര്‍ച്ചറിയിലേക്കുള്ള വാതില്‍ തുറക്കാന്‍ ജീവനക്കാര്‍ ആദ്യം തയ്യാറായിരുന്നില്ല. തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് അവര്‍ വാതില്‍ തുറന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറന്നപ്പോള്‍ 200-ഓളം മൃതദേഹങ്ങള്‍ കിടക്കുന്നതാണ് കണ്ടത്. പുരുഷന്മാരുടേയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മാറ്റിയ നിലയിലായിരുന്നു. പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച മൃതദേഹങ്ങളാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് സംസ്‌കരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. അനാസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുകയും ചെയ്തു. സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെക്രട്ടറിയായ മുസാമില്‍ ബഷീര്‍ അധ്യക്ഷനായ ആറംഗ സമിതിയോടാണ് സംഭവം അന്വേഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ക്ലെയിം ചെയ്യപ്പെടാത്തതും തിരിച്ചറിയപ്പെടാത്തതും അജ്ഞാതവുമായ മൃതദേഹങ്ങളാണ് ഇവയെന്ന് നിഷ്താര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ.മറിയം അഷ്റഫ് പറഞ്ഞു. ഈ മൃതദേഹങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചത്.സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് ഇത് ചെയ്‌തെന്നും അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ മേല്‍ക്കൂരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നത്
കാണാം. ചില മൃതദേഹങ്ങള്‍ കഴുകന്മാര്‍ തിന്നുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് തങ്ങളുടെ കാണാതായവരുടെ മൃതദേഹങ്ങളാകാമെന്ന അവകാശവാദവുമായി ബലൂച് വിഘടനവാദികള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം ലഖ്‌നൗവില്‍ വനത്തിനുള്ളില്‍ നിന്ന് സ്‌കൂള്‍ അധ്യാപകന്റെയും വിദ്യാര്‍ഥിനിയുടെയും അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തയിത്. ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്‌കൂള്‍ അധ്യാപകനായ 40-കാരനെയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ 17-കാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്.

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും അധ്യാപകനായ 40-കാരനും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.വനത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയതോടെ രണ്ടുപേരുടെയും അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വനത്തില്‍നിന്ന് അധ്യാപകന്റെ ബൈക്കും കണ്ടെടുത്തിരുന്നു.
Published by:Anuraj GR
First published: